Big stories

റഫേല്‍: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

പ്രധാനമന്ത്രിയുടെ ഓഫിസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തരചര്‍ച്ച നടത്തിയതിന്റെ റിപോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധമന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍.

റഫേല്‍: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്
X

ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തരചര്‍ച്ച നടത്തിയതിന്റെ റിപോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധമന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിരോധ വകുപ്പിനെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നത് പ്രതിരോധമന്ത്രാലയമാണെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നത്. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ഉടനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ഡെപ്യൂട്ടി എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്. പിന്നീട് 2015 ഓക്ടോബര്‍ 23ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫന്‍ റെബിന്റെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. ജനറല്‍ റബ്ബിന്റെ കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധമന്ത്രാലയത്തിനാണെന്നിരിക്കെ സമാന്തരചര്‍ച്ചകള്‍ നടത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് മോഹന്‍കുമാര്‍ പരീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി നല്‍കിയ വിവരത്തില്‍ പിന്നീട് മനോഹര്‍ പരീക്കര്‍ എന്ത് നടപടിയെടുത്തുവെന്നത് പുറത്തുവന്നിട്ടില്ല. അതേസമയം, റഫേല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സമാന്തര ഇടപാടുകളെക്കുറിച്ച് ഓര്‍മയില്ലെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ പ്രതികരിച്ചു. ഇതെക്കുറിച്ച് ഫയലില്‍ എഴുതിയിരുന്നുവെന്നും പശ്ചാത്തലം ഓര്‍മയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it