Big stories

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ശുപാര്‍ശ ചെയ്ത് കേന്ദ്ര മന്ത്രിസഭ, ശിവസേനാ സുപ്രിംകോടതിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന ഗവര്‍ണറുടെ ഓഫിസിന്റെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം പുറത്ത് വരുന്നത്.

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ശുപാര്‍ശ ചെയ്ത് കേന്ദ്ര മന്ത്രിസഭ, ശിവസേനാ സുപ്രിംകോടതിയിലേക്ക്
X

മുംബൈ: സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ വന്‍ വഴിത്തിരിവ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന ഗവര്‍ണറുടെ ഓഫിസിന്റെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം പുറത്ത് വരുന്നത്. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ നല്‍കിയെന്ന ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഗവര്‍ണറുടെ ഓഫിസ് ഇക്കാര്യം നിഷേധിച്ചത്.

അതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സാവകാശം നല്‍കുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രിം കോടതിയെ സമീപിക്കും. ബിജെപിക്ക് 48 മണിക്കൂര്‍ സാവകാശം നല്‍കിയ ഗവര്‍ണര്‍ 24 മണിക്കൂര്‍ മാത്രമാണ് ശിവസേനയ്ക്ക് നല്‍കിയതെന്ന പരാതി നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ ഉന്നയിച്ചിരുന്നു. എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു കത്തയച്ചത്.

ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇന്നു രാത്രി 8.30 വരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയത്. ഗവര്‍ണര്‍ നല്‍കിയ സമയം തീരെ കുറഞ്ഞുപോയെന്നാണ് എന്‍സിപിയുടെ വാദം.

ബിജെപിയും ശിവസേനയും അനുവദിച്ച സമയത്തിനുളളില്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള ചടുല നീക്കങ്ങളിലാണ് കോണ്‍ഗ്രസും എന്‍സിപിയും. ശിവസേനയെ പിന്തുണക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇപ്പോള്‍ മുംബൈയില്‍ ചര്‍ച്ച തുടരുകയാണ്. ശിവസേനയുമായുള്ള സഖ്യത്തില്‍ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും എന്‍സിപിയുടെ നിലപാട് കൂടി പരിഗണിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം. കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചാല്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി തയ്യാറാണ്. നിലവിലെ സാഹചര്യത്തില്‍ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, തങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസോ എന്‍സിപിയോ കത്ത് നല്‍കിയിട്ടില്ല. കത്ത് നല്‍കിയെന്ന വാര്‍ത്തകള്‍ ഇരു പാര്‍ട്ടി നേതൃത്വവും നിഷേധിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകള്‍. 288 അംഗങ്ങളുള്ള നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ വേണം. കോണ്‍ഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എന്‍സിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജന്‍ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‌ലിസ് ഇഇത്തിഹാദുല്‍ മുസ്ലിമീന്‍, പ്രഹര്‍ ജനശക്തി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ക്ക് 2 സീറ്റുകള്‍ വീതം കിട്ടി. 13 സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Next Story

RELATED STORIES

Share it