Big stories

അറഫയിലലിഞ്ഞ് ജനലക്ഷങ്ങള്‍; നിര്‍വൃതിയോടെ ഹാജിമാര്‍

അറഫയിലലിഞ്ഞ് ജനലക്ഷങ്ങള്‍; നിര്‍വൃതിയോടെ ഹാജിമാര്‍
X

മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്‍കാന്‍ തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ മനുഷ്യമഹാസമുദ്രത്താല്‍ പാല്‍ക്കടലായി അറഫാ മൈതാനം. രാജ്യാതിര്‍ത്തികളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രോജ്വലപ്രകടനമായി ചുട്ടുപൊള്ളുന്ന വെയിലിലും പ്രാര്‍ഥനാമുഖരിതമായി ഹാജിമാര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനികള്‍ മാത്രം മുഴങ്ങിക്കേട്ട സംഗമഭൂമി, പ്രാര്‍ഥനകളുടെ കണ്ണീര്‍തുള്ളികള്‍ കൊണ്ട് സജലമായി. വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പ്രധാന ചടങ്ങായ അറഫാസംഗമമാണ് ഇന്ന് നടക്കുന്നത്. ലോകമെമ്പാടുമുള്ള രണ്ടു ദശലക്ഷത്തിലേറെ വിശ്വാസികളാണ് ഒരേ മന്ത്രവുമായി ഒത്തുചേര്‍ന്നത്. കഴിഞ്ഞ ദിവസം മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു മുമ്പേ തീര്‍ഥാടകരെല്ലാം അറഫാ ഭൂമിയിലെത്തി. സൗദിസമയം ഉച്ചയ്ക്ക് 12.21നാണ് സുപ്രധാന ചടങ്ങായ അറഫാ പ്രഭാഷണം തുടങ്ങഇയത്. പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ച് മക്കയിലെ ഗ്രാന്‍ഡ് പള്ളി ഇമാം ശൈഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് പ്രഭാഷണം നടത്തിയത്. അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് തല്‍സമയം പരിഭാഷപ്പെടുത്തിയിരുന്നു. ലോകത്തിലെ 100 കോടി ജനങ്ങളിലേക്ക് പ്രഭാഷണം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ ഏഴാംവര്‍ഷമാണ് പ്രഭാഷണം വിവിധ ഭാഷകളിലേക്ക് പരിഭാഷചെയ്യുന്നത്.

ദേശഭാഷാ അതിരുകളില്ലാത്ത മഹാസംഗമത്തില്‍ വിങ്ങുന്ന ഹൃദയവുമായി അല്ലാഹുവിന്റെ അഥിതികള്‍ നാഥനിലേക്ക് കൈകളുയര്‍ത്തി. ലോകത്തെ പീഡിത സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാനേരം കൂടിയായി അറഫാ സംഗമം മാറി. മുസ് ലിംകളുടെ ആദ്യഖിബ് ലയായ ബൈത്തുല്‍ മുഖദ്ദിസ് സ്ഥിതി ചെയ്യുന്ന ഫലസ്തീന്റെ മണ്ണില്‍ ഇസ്രായേല്‍ സയണിസ്റ്റ് സൈന്യം നടത്തുന്ന കൂട്ടക്കൊലയ്ക്കിടെയാണ് ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാര്‍ഥനയില്‍ ഗസയിലെ നിസ്സഹായരായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള തേട്ടവുമുണ്ടായിരുന്നു. അറഫാ പ്രഭാഷണവും പ്രാര്‍ഥനയും കഴിഞ്ഞ് സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഹാജിമാരെല്ലാം മുസ്ദലിഫയിലേക്കു നീങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലാണ് രാപ്പാര്‍ക്കുക. ഇവിടെനിന്ന് ചെറുകല്ലുകള്‍ ശേഖരിച്ച് ഞായറാഴ്ച രാവിലെ വീണ്ടും മിനയില്‍ തിരിച്ചെത്തും. ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം ജംറയിലെ പിശാചിന്റെ പ്രതീകത്തിനുനേരേ കല്ലേറ് നടത്തും. ആദ്യത്തെ കല്ലേറ് കര്‍മത്തിനുശേഷം തല മുണ്ഡനംചെയ്ത്, ഇഹ്‌റാംവേഷമഴിക്കും. തുടര്‍ന്ന് ബലികര്‍മവും നടത്തി മക്കയിലെത്തി കഅബ പ്രദക്ഷിണം ചെയ്താണ് മടങ്ങുക. 15 ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെ ഇത്തവണ 20 ലക്ഷത്തിലേറെ പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it