Big stories

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...; പാല്‍ക്കടലായി അറഫാ സംഗമം

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...; പാല്‍ക്കടലായി അറഫാ സംഗമം
X

മക്ക: ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ അയവിറക്കി ഹജ്ജാജിമാന്‍ വീണ്ടുമൊരിക്കല്‍ കൂടി അറഫാ മൈതാനിയെ പാല്‍ക്കടലാക്കി. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഒഴുകിയെത്തിയ രണ്ടര ദശ ലക്ഷം പേര്‍ അണിനിരന്ന അറഫാ സംഗമം പൂര്‍ത്തിയായി. ലബ്ബൈക്ക് വിളികളാല്‍ മുഖരിതമായ അറഫാ സംഗമം ചൊവ്വാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. തൂവെള്ള വസ്ത്രമണിഞ്ഞ ഹജ്ജാജിമാരാല്‍ മസ്ജിദു നമിറയും ജബലുറഹ്മയുടെ പരിസരവും അക്ഷരാര്‍ത്ഥത്തില്‍ പാല്‍ക്കടലായി മാറി. ഇവിടെ വച്ച് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅും ഖസ്വ്‌റുമാക്കി നമസ്‌കരിച്ച ഹാജിമാര്‍ പ്രാര്‍ഥനകളാല്‍ തങ്ങളുടെ ഹൃദയം വിശുദ്ധമാക്കി. സൗദിയിലെ പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് അറഫാ ദിന സന്ദേശം നല്‍കിയത്. മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് ഖുത്വുബയുടെ വിവര്‍ത്തനം നല്‍കിയിരുന്നു. ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹജ്ജാജിമാരുടെ എണ്ണം ഇത്തവണ റെക്കോഡ് തിരുത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനെത്തിയത്.

വിശ്വാസികള്‍ തിങ്കളാഴ്ച തന്നെ മിനായിലെ ടെന്റുകളില്‍ നിന്നു അറഫാ നഗരിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് രാവിലെയോടു കൂടി എല്ലാ ഹാജിമാരും അറഫയില്‍ സംഗമിച്ചു. ഇന്ന് സൂര്യാസ്തമനം വരെ പ്രാര്‍ഥനകളില്‍ മുഴുകി ഇവിടെ കഴിയും. തുടര്‍ന്ന് രാത്രി ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നടന്നു നീങ്ങും. അവിടെ വച്ച് ഹാജിമാര്‍ മഅ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കും. ഇന്ന് മുസ്ദലിഫയില്‍ വിശ്രമിക്കുന്ന ഹാജിമാര്‍ നാളെ രാവിലെ മിനായിലെത്തി ജംറയിലെ കല്ലേറ് ആരംഭിക്കും. തുടര്‍ന്ന് ബലി കര്‍മ്മം പൂര്‍ത്തിയാക്കിയാണ് മടങ്ങുക.


Next Story

RELATED STORIES

Share it