Big stories

സിദ്ദീഖ് കാപ്പനെ കാണാന്‍ അനുമതി നിഷേധിക്കുന്നു: സുപ്രിം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍

ദേശീയ പ്രാധാന്യമുള്ള കേസ് ആയിട്ടുപോലും പ്രതി ചേര്‍ക്കപ്പെട്ടയാളെ കാണുന്നതിന് അഭിഭാഷകനെ അനുവദിക്കാത്ത നടപടി ആശങ്കപ്പെടുത്തുന്നതാണ് എന്നും അഡ്വ. വില്‍സ് മാത്യു പറഞ്ഞു.

സിദ്ദീഖ് കാപ്പനെ കാണാന്‍ അനുമതി നിഷേധിക്കുന്നു: സുപ്രിം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍
X

ന്യൂഡല്‍ഹി: ഹാഥ്റസിലേക്ക് പോകുന്ന വഴി യുപി പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കാണുന്നത് തടയുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. സിദ്ദീഖിനു വേണ്ടി ഹാജരാകുന്ന അഡ്വ. വില്‍സ് മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഉന്നയിച്ച് നാളെ തന്നെ സുപ്രിം കോടതിയെ സമീപിക്കും. അതോടൊപ്പം ജാമ്യ ഹരജിയും സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സിദ്ദീഖിനെ കാണുന്നതിനു വേണ്ടി അഭിഭാഷകന്‍ പല പ്രാവശ്യം ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ദേശീയ പ്രാധാന്യമുള്ള കേസ് ആയിട്ടുപോലും പ്രതി ചേര്‍ക്കപ്പെട്ടയാളെ കാണുന്നതിന് അഭിഭാഷകനെ അനുവദിക്കാത്ത നടപടി ആശങ്കപ്പെടുത്തുന്നതാണ് എന്നും അഡ്വ. വില്‍സ് മാത്യു പറഞ്ഞു.

സിദ്ദീഖിനെയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും അന്യായമായി അറസ്റ്റു ചെയതതിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സുരേഷ് കുമാര്‍ മുന്‍പാകെ ഹാജരാക്കിയിരുന്നു. കോടതി നാലു പേരെയും വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലു പേരും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുമെന്ന് ഉറപ്പു നല്‍കുന്ന തരത്തില്‍ ഒരു ലക്ഷം രൂപ വീതമുള്ള ജാമ്യ ബോണ്ട് നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു.

അതേസമയം കോടതി ആവശ്യപ്പെട്ട വിധം ബോണ്ട് സമര്‍പ്പിക്കുന്നത് പ്രശ്നമുണ്ടാക്കാന്‍ വേണ്ടി തന്നെയാണ് ഹാഥ്റസിലേക്കു പോയത് എന്ന കുറ്റാരോപണം സമ്മതിക്കുന്നതിനു തുല്യമായിരിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിദ്ദീഖിനും കൂടെ അറസ്റ്റിലായവര്‍ക്കും എതിരെ ഐപിസി 124 എ, പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം, 151, യുഎപിഎ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) എന്നിവക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ആദ്യം സിആര്‍പിസി സെക്ഷന്‍ 151 പ്രകാരമാണ് അറസ്റ്റു ചെയ്തത്. അതിനു ശേഷമാണ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്.

കാംപസ്ഫ്രണ്ട് ദേശീയ ഖജാഞ്ചി അതിഖ് റഹ്‌മാന്‍, ഡല്‍ഹി സെക്രട്ടറി മസൂദ് ഖാന്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ആലം എന്നിവരാണ് സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായത്. അഡ്വ. സൈഫാന്‍ ഇവര്‍ക്കു വേണ്ടി ഹാജരായി. കൊവിഡ് കാരണമാണ് സിദ്ദീഖ് കാപ്പനെയും കൂടെയുള്ളവരെയും കാണാന്‍ അഭിഭാഷകരെ അനുവദിക്കാത്തത് എന്ന വിചിത്ര വാദമാണ് മഥുര കോടതി പറയുന്നത്.

Next Story

RELATED STORIES

Share it