Big stories

പെഗസസ്: ആരുടേയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ആരോപണങ്ങള്‍ വിദഗ്ധസമിതി അന്വേഷിക്കും- സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കോടതിക്ക് കൃത്യമായ വിവരങ്ങള്‍ വേണം. കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പെഗസസ്: ആരുടേയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ആരോപണങ്ങള്‍ വിദഗ്ധസമിതി അന്വേഷിക്കും- സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ നിര്‍മിത സ്‌പൈവെയറായ പെഗസസ് ഉപയോഗിച്ച് ആരുടേയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പെഗസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചേര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ചാരവൃത്തി നടത്തിയെന്ന തരത്തിലുള്ള തത്പരകക്ഷികളുടെ കുപ്രചാരണം തടയാനാണ് സമിതി. ചില സ്ഥാപിത താല്‍പ്പര്യങ്ങളാല്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ ഇല്ലാതാക്കാനും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ കമ്മിറ്റി രൂപീകരിക്കാനാണ് സമിതിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഊഹങ്ങളുടെയും തെറ്റായ മാധ്യമറിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ഫയല്‍ ചെയ്ത രണ്ട് പേജുള്ള സത്യവാങ്മൂലത്തില്‍ ഇസ്രായേലി പെഗസസ് സ്‌പൈവെയര്‍ ഭരണകൂടങ്ങള്‍ക്ക് മാത്രം വിറ്റത് പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ലക്ഷ്യംവച്ചുള്ളതാണെന്ന ആരോപണങ്ങള്‍ കേന്ദ്രം പൂര്‍ണമായും നിഷേധിച്ചു. പലതും അനുമാനങ്ങളും തെളിവുകളില്ലാത്തതും സ്ഥിരീകരിക്കാത്തതുമായ മാധ്യമറിപോര്‍ട്ടുകളുമാണെന്നും സത്യവാങ്മൂലം പറയുന്നു.

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കോടതിക്ക് കൃത്യമായ വിവരങ്ങള്‍ വേണം. കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകാനാവില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പെഗസസ് വാങ്ങിയോ എന്ന് സര്‍ക്കാര്‍ പറയണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. സര്‍ക്കാര്‍ കമ്മിറ്റി വേണ്ടെന്നും സിബല്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലെ പ്രധാനപ്പെട്ട തൂണുകളായ മാധ്യമങ്ങളെും ജുഡീഷ്യറിയെയും നിരീക്ഷിച്ചു എന്നത് ഗൗരവമായ വിഷയമാണ്. ഇക്കാര്യത്തില്‍ അശങ്കയുണ്ട്.

കേന്ദ്രസര്‍ക്കാരിന് ഇതേകുറിച്ച് അറിയാമായിരുന്നു. രാജ്യത്തെ 199 ഉപയോക്താക്കളുടെ വാട്‌സാപ്പില്‍ സ്‌പൈവെയര്‍ കയറിയെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഇസ്രായേലുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയോ എന്ന് വ്യക്തമാക്കണം. ഈ കേസില്‍ ആഭ്യന്തര സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത് ഐടി മന്ത്രാലയം സെക്രട്ടറിയാണ്. പെഗസസ് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല. കാബിനറ്റ് സെക്രട്ടറിയോട് സത്യവാങ്മൂലം ആവശ്യപ്പെടണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പെഗാസസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് സത്യവാങ്മൂലത്തില്‍ ഇല്ല. ഇക്കാര്യം പറഞ്ഞുകൂടേ എന്നാണ് കോടതി ചോദിച്ചത്. മറ്റൊരു സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. പാര്‍ലമെന്റില്‍ വളരെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്തയുടെ മറുപടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ ഉണ്ട്. ദേശീയ സുരക്ഷ കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെഗസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയുന്നതില്‍ എന്ത് സുരക്ഷാ ഭീഷണിയാണെന്ന് കോടതി ചോദിച്ചു.

ഇനി സത്യവാങ്മൂലം നല്‍കാനില്ലെന്ന് കേന്ദ്രം പറഞ്ഞാല്‍ കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്നും കോടതി കപില്‍ സിബലിനോട് ചോദിച്ചു. കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കുമോ ഇല്ലയോ എന്നത് മാത്രമാണ് വിഷയമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. പെഗസസ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും മൗനം തുടര്‍ന്നുകൊണ്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ചത്. പെഗസസ് ആരോപണങ്ങള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ദിവസങ്ങളോളം ബഹളങ്ങള്‍ക്കിടയാക്കിയിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലുണ്ടായതിനെത്തുടര്‍ന്ന് പല ദിവസങ്ങളും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.

Next Story

RELATED STORIES

Share it