- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീനി നേതാക്കളെ ജയിലില്‍ പീഡിപ്പിച്ച് കൊല്ലുന്ന ഇസ്രായേല്‍

ഫയ്ഹ ശലാശ്
ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെയും അതിന്റെ സൈനിക വിഭാഗത്തിന്റെയും പ്രമുഖ നേതാവായ അബ്ബാസ് അല്‍ സയീദ് ഇസ്രായേല്‍ തടവിലാക്കിയ പ്രധാനികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആശങ്കയോടെയും ആകാംക്ഷയോടെയുമാണ് ഭാര്യ ഇഖ്‌ലാസ് അല്‍ സയീദ് കാത്തിരിക്കാറുള്ളത്.
സമീപ ആഴ്ചകളില്‍, ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട നിരവധി പ്രമുഖരായ ഫലസ്തീന്‍ നേതാക്കളുടെ കുടുംബങ്ങള്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ നേരിടുന്ന ആസൂത്രിതമായ പീഡനം, മോശം പെരുമാറ്റം, പട്ടിണി, വൈദ്യസഹായം നിഷേധിക്കല്‍ എന്നിവയെക്കുറിച്ചെല്ലാം ഉല്‍ക്കണ്ഠാകുലരാണ്. പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം തടവറകളില്‍ അവരെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് വിവരം.
ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളെ ശാരീരികമായും ധാര്‍മികമായും ഇല്ലാതാക്കി ചെറുത്തുനില്‍പ്പ് തകര്‍ക്കാനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായി, ജയിലില്‍ വച്ച് തങ്ങളുടെ നേതാക്കള്‍ക്കെതിരേ ഇസ്രായേല്‍ ആസൂത്രിതമായ വധശ്രമങ്ങള്‍ നടത്തിയതായി ഹമാസ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ ആരോപിച്ചു.
ക്രൂരമായ പീഡനം
രണ്ട് മാസം മുമ്പ് ജയിലില്‍ അബ്ബാസ് അല്‍ സയീദുമായുള്ള അവസാന സന്ദര്‍ശനത്തെ തുടര്‍ന്ന്, അഭിഭാഷകന്‍ അസ്വസ്ഥത ഉളവാക്കുന്ന ഒരു കഥ പറഞ്ഞു: ഒരു രാത്രിയില്‍, കാവല്‍ക്കാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് വസ്ത്രം അഴിച്ചുമാറ്റി, രാവിലെ വരെ തണുത്തുറഞ്ഞ നിലയില്‍ തറയില്‍ ഉപേക്ഷിച്ചു.
പുലര്‍ച്ചെ അടിവയറ്റില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോഴാണ് താന്‍ ഉണര്‍ന്നതെന്ന് അബ്ബാസ് അഭിഭാഷകനോട് പറഞ്ഞുവെന്ന് ഭാര്യ ഇഖ്‌ലാസ് അല്‍ സയീദും വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പൊക്കിള്‍ പൊട്ടിയിരുന്നു. ഇത് കഠിനമായ വീക്കത്തിനും അസഹനീയമായ വേദനയ്ക്കും കാരണമായി. എന്നിട്ടും അദ്ദേഹത്തിന് ചികില്‍സ നല്‍കിയില്ല.
''ഫലസ്തീന്‍ തടവുകാരുടെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കെതിരേ നടക്കുന്ന നിയമലംഘനങ്ങള്‍ ഏത് നിമിഷവും അവരുടെ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രിസണേഴ്‌സ് ഇന്‍ഫര്‍മേഷന്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്''
തന്റെ ഭര്‍ത്താവിനെ റിമോണ്‍ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നിയമപരമായ സന്ദര്‍ശനങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവസാനത്തെ ഏറ്റുമുട്ടലിനുശേഷം (തൂഫാനുല്‍ അഖ്‌സ) പുറം ലോകവുമായി പൂര്‍ണമായും ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും ഇഖ്‌ലാസ് പറയുന്നു.
'തന്റെ അഭിഭാഷകന്‍ വഴി വൈദ്യസഹായത്തിനുള്ള അവകാശം ആവശ്യപ്പെട്ടതിന്റെ പേരില്‍, അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചതായി വിട്ടയക്കപ്പെട്ട തടവുകാരും സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് ചെങ്കണ്ണ്, ചൊറി, മുഖത്ത് മുഴുവന്‍ എന്താണ് കാരണമെന്നു പറയാനാവാത്ത വ്രണങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ഏകാന്ത തടവിലേക്ക് മാറ്റി' ഇഖ്‌ലാസ് പലസ്തീന്‍ ക്രോണിക്കിളിനോട് പറഞ്ഞു.
ഗസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം, അബ്ബാസിനെ പലതവണ വലിച്ചിഴച്ച് തല്ലിച്ചതച്ചതായി റിപോര്‍ട്ടുണ്ട്. പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ കൊണ്ടുള്ള വെടിയും അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നു. കക്ഷത്തില്‍ ചെറിയൊരു പരിക്ക് പറ്റിയിരുന്നു. ചികില്‍സയുടെ അഭാവം അവിടെ വീക്കത്തിനു കാരണമായി.
'ഫെബ്രുവരി അവസാനം നടന്ന തടവുകാരുടെ മോചന വേളയില്‍ അദ്ദേഹം ക്രൂരമായി ആക്രമിക്കപ്പെട്ടു. തടവില്‍നിന്ന് മോചിതരായ എല്ലാവരും എന്റെ ഭര്‍ത്താവിന് എന്താണ് സംഭവിച്ചതെന്ന് കണ്ടു' ഇഖ്‌ലാസ് പറഞ്ഞു.
ഹമാസിന്റെ സൈനിക വിഭാഗത്തിലെ അറിയപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് അബ്ബാസ് അല്‍ സയീദ്. ഡസന്‍ കണക്കിന് ഇസ്രായേലികളുടെ മരണത്തിന് കാരണമായ രണ്ടാം ഇന്‍തിഫാദയിലെ ബോംബാക്രമണങ്ങളുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെടുത്തിയിരുന്നു. 2002ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് 36 ജീവപര്യന്തം തടവും 200 വര്‍ഷം കൂടി അധിക തടവും വിധിച്ചു.
വളരെ കാലമായി അദ്ദേഹം ഏകാന്ത തടവിലാണ്. സന്ദര്‍ശനങ്ങള്‍ നിഷേധിക്കപ്പെട്ടു. സ്വേച്ഛാധിപത്യപരമായി ജയിലുകള്‍ മാറ്റി. നിരവധി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇസ്രായേല്‍ ഒരു 'കനത്ത' പേരായി കണക്കാക്കുന്ന അദ്ദേഹത്തെ, തടവുകാരെ കൈമാറുന്ന വേളകളില്‍ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍നിന്ന് നിരന്തരം ഒഴിവാക്കുകയും ചെയ്തു.
ഹസന്റെ പല്ലുകള്‍ കൊഴിഞ്ഞു പോയി
മറ്റൊരു പ്രമുഖ തടവുകാരനാണ് ഖസ്സാം ബ്രിഗേഡുകളുടെ നേതാവ് കൂടിയായ ഹസന്‍ സലാമ. അബ്ബാസിന്റേതിനു സമാനമായി ക്രൂരവും വ്യവസ്ഥാപിതവുമായ പീഡനത്തിന് ഹസന്‍ സലാമയും വിധേയനായിട്ടുണ്ട്.
ഹസന് നിയമപരമായി അനുവദിക്കപ്പെട്ട കൂടിക്കാഴ്ച ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഗുഫ്‌റാന്‍ സമീല്‍ പലസ്തീന്‍ ക്രോണിക്കിളിനോട് പറഞ്ഞു. രണ്ടുമാസമായി അദ്ദേഹം മെഗിദ്ദോ ജയിലില്‍ ഏകാന്തതടവില്‍ കഴിയുകയാണ്.
തന്റെ സെല്‍ പരിതാപകരമായ അവസ്ഥയിലാണെന്നും ആവര്‍ത്തിച്ചുള്ള റെയ്ഡുകളും പരിശോധനകളും നേരിടേണ്ടിവരുന്നെന്നും ഹസന്‍ അഭിഭാഷകനോട് പറഞ്ഞതായി ഗുഫ്‌റാന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആറ് തവണയിലധികം അദ്ദേഹത്തെ മര്‍ദ്ദിച്ചു.
അദ്ദേഹത്തിന്റെ പല്ലുകള്‍ക്ക് ഇപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. ചികില്‍സ നല്‍കുന്നതിലെ അവഗണനയും പോഷകാഹാരക്കുറവും കാരണം ചില പല്ലുകള്‍ കൊഴിഞ്ഞുപോയി. വേദനസംഹാരികള്‍ പോലും അദ്ദേഹത്തിന് നല്‍കുന്നില്ല. തുടര്‍ച്ചയായ തലവേദനയും അദ്ദേഹത്തെ അലട്ടുന്നു.
'കണ്ണിന് വേദന അനുഭവപ്പെടുന്നതിനാല്‍ ഹസന്‍ കുറച്ചുനാളായി കണ്ണട ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, ജയില്‍ അധികൃതര്‍ അത് നല്‍കാന്‍ കൂട്ടാക്കിയില്ല. മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥരോടൊപ്പമാണ് അദ്ദേഹത്തെ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുന്നത്. കൈവിലങ്ങുകള്‍ ഒരിക്കലും നീക്കം ചെയ്യാറില്ല. അതുമൂലം ഗ്ലാസിലൂടെ ഫോണ്‍ പിടിക്കാന്‍ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്' ഗുഫ്‌റാന്‍ പറഞ്ഞു.
2023 നവംബറിലാണ് അദ്ദേഹത്തിന്റെ ഏകാന്ത തടവ് ആരംഭിച്ചത്. അതിനുശേഷം, അദ്ദേഹത്തിന്റെ വീട് ബോംബാക്രമണത്തിനിരയായി. മൂന്ന് സഹോദരന്മാര്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ ഉമ്മ മരണമടഞ്ഞു. എന്നിട്ടും ഈ ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം അറിഞ്ഞത് വളരെ കഴിഞ്ഞാണ്.
'അടുത്തിടെ, ഷിന്‍ബെത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ഒരിക്കലും മോചിപ്പിക്കില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. മോചിതനായ ഒരു തടവുകാരനില്‍നിന്ന് ഒരിക്കല്‍ അദ്ദേഹത്തെ കുറിച്ച് ലഭിച്ച ഒരു സന്ദേശം, പീഡനം മൂലം അദ്ദേഹം മരിക്കാറായിരിക്കുന്നു എന്നുപറഞ്ഞുവെന്നാണ്.'
ഏറ്റവും ക്രൂരമായ സംഭവം നടന്നത് 2024 ഒക്ടോബര്‍ 7നാണ്. അന്ന് അദ്ദേഹത്തെ കൈകാലുകള്‍ ബന്ധിച്ച് കഠിനമായി മര്‍ദ്ദിച്ചു. 30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം, യുദ്ധം ആരംഭിച്ചതുമുതല്‍ താന്‍ അനുഭവിച്ച പീഡനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വളരെ ക്രൂരമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് തന്റെ അഭിഭാഷകനോട് പറഞ്ഞു.
1996ല്‍ ഹെബ്രോണില്‍ വെച്ച് ഹസനെ അറസ്റ്റ് ചെയ്യുകയും 48 ജീവപര്യന്തം തടവും 30 വര്‍ഷവും കൂടി തടവിന് ശിക്ഷിക്കുകയും ചെയ്തു; ആകെ 1,175 വര്‍ഷത്തേക്ക്. അന്തരിച്ച എന്‍ജിനീയര്‍ യഹ്‌യാ അയ്യാഷുമായി സഹകരിച്ച് ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാണ് ഹസനു മേല്‍ ചുമത്തപ്പെട്ട കുറ്റം.
തടവുകാരോടുള്ള കുറ്റകൃത്യങ്ങള്‍
ഫലസ്തീന്‍ തടവുകാരുടെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കെതിരേ നടക്കുന്ന നിയമലംഘനങ്ങള്‍ ഏതു നിമിഷവും അവരുടെ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രിസണേഴ്‌സ് ഇന്‍ഫര്‍മേഷന്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'അബ്ദുല്ല ബര്‍ഗൗട്ടി, ഹസന്‍ സലാമ, മുഹമ്മദ് ജമാല്‍ അല്‍ നത്‌ശെ, അബ്ബാസ് അല്‍ സയീദ്, മുഅമ്മര്‍ ശഹറൂരി തുടങ്ങിയ പ്രമുഖ തടവുകാരുടെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങള്‍, ഇസ്രായേല്‍ അവരെ സാവധാനത്തിലും വ്യവസ്ഥാപിതമായും വധിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് സംശയാതീതമായി സ്ഥിരീകരിക്കുന്നു' ഹമാസ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹുര്‍രിയത്ത് സെന്റര്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ ഡയറക്ടര്‍ ഹില്‍മി അല്‍ അരാജ് പറഞ്ഞത്, ഫലസ്തീന്‍ തടവുകാര്‍ക്കെതിരേ ഇസ്രായേല്‍ മെഡിക്കല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും പുറം ലോകത്തുനിന്ന് അവരെ പൂര്‍ണമായും ബന്ധമറ്റവരാക്കുകയും ചെയ്യുന്നു എന്നാണ്. ഈ പ്രവൃത്തികള്‍ വംശഹത്യക്കും നിര്‍ബന്ധിത തിരോധാനത്തിനും തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അല്‍അരാജിന്റെ അഭിപ്രായത്തില്‍, തടവുകാര്‍ക്കെതിരായ ദൈനംദിന ആക്രമണങ്ങളും പീഡനങ്ങളും പതിവാണ്. എന്നാല്‍ സമീപ ആഴ്ചകളില്‍, ഇസ്രായേല്‍ പ്രത്യേകമായി നേതാക്കളെ ലക്ഷ്യം വച്ചാണ് അവരുടെ ജീവന്‍ അപകടത്തിലാക്കുന്നത്.
'ഈ കൊലപാതകങ്ങളെയും പീഡനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇസ്രായേല്‍ അടുത്തിടെ തയ്യാറായി. നിങ്ങളുടെ തടവുകാരുടെ ജീവന്‍ അപകടത്തിലാണെന്ന സന്ദേശം ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനത്തിന് നല്‍കി. തടവുകാരെ കൈമാറുന്നതിന് ഇസ്രായേലിന്റെ കടുത്ത നിബന്ധനകള്‍ അനുസരിക്കാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുന്നു' അദ്ദേഹം പറഞ്ഞു.
'മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തടവുകാരെ മറ്റൊരു സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിക്കുകയാണ് ഇസ്രായേല്‍. ഗസയിലെ സാധാരണ ജനങ്ങളോടെന്ന പോലെ, സഹായം തടഞ്ഞുവച്ചും പട്ടിണി അടിച്ചേല്‍പ്പിച്ചും ചെറുത്തുനില്‍പ്പിനെ സയണിസ്റ്റ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്.'
കടപ്പാട്: പലസ്തീന്‍ ക്രോണിക്കിള്‍
(ഫയ്ഹ ഷലാശ് റാമല്ലയില്‍നിന്നുള്ള ഒരു ഫലസ്തീന്‍ പത്രപ്രവര്‍ത്തകയാണ്. 2008ല്‍ ബിര്‍സിറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ അവര്‍ അന്നുമുതല്‍ ഒരു റിപോര്‍ട്ടറായും ബ്രോഡ്കാസ്റ്ററായും പ്രവര്‍ത്തിക്കുന്നു)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















