Top

പാലത്തായി ബാലികാ പീഡനക്കേസ്: സിപിഎം-ബിജെപി ഒത്തുകളി സംശയം ബലപ്പെടുന്നു

കോണ്‍ഗ്രസ് ഇന്ന് മുഖ്യമന്ത്രിക്ക് 1001 കത്തുകള്‍ അയച്ചു

പാലത്തായി ബാലികാ പീഡനക്കേസ്: സിപിഎം-ബിജെപി ഒത്തുകളി സംശയം ബലപ്പെടുന്നു

പി സി അബ്ദുല്ല

കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പാലത്തായി പോക്‌സോ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, സിപിഎമ്മിനും സര്‍ക്കാരിനും ക്രൈം ബ്രാഞ്ചിനുമെതിരേ ആരോപണവും ബഹുജന പ്രതിഷേധവും ശക്തമാവുന്നു. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതെന്ന ആക്ഷേപമാണ് കേസിന്റെ നിര്‍ണായകഘട്ടത്തില്‍ കത്തിപ്പടരുന്നത്. മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന പോക്‌സോ പീഡനക്കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കര്‍മ സമിതി രംഗത്തുള്ളത്. പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിജെപി നേതാവായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്ത ശേഷം കര്‍മ സമിതി നിഷ്‌ക്രിയമായി. ഇതിനു പിന്നിലും സിപിഎം-ബിജെപി ഒത്തുകളിയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കേസിന്റെ തുടക്കത്തില്‍ സിപിഎമ്മും പോഷക സംഘടനകളും രംഗത്തുണ്ടായിരുന്നു. എന്നാല്‍, പ്രതിയായ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍(പപ്പന്‍45) മാര്‍ച്ച് 15ന് അറസ്റ്റിലായ ശേഷം സിപിഎമ്മോ ജനാധിപത്യ മഹിളാ അസോഷിയേഷനോ ഡിവൈഎഫ് ഐയോ പ്രക്ഷോഭ വഴിയിലില്ല. ഇക്കാലയളവില്‍ പാലത്തായി പോക്‌സോ കേസ് അട്ടിമറിക്കെതിരേ വിവിധ ബഹുജന സംഘടനകളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടും സിപിഎമ്മും അനുബന്ധ സംഘടനകളും മൗനത്തിലാണ്.

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ പരിപാടിയില്‍ എസ് ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവവത്തൂര്‍ സംസാരിക്കുന്നു


സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്തിടെ സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാതല നേതൃത്വം പാനൂരില്‍ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍, ആ നേതൃതല ചര്‍ച്ചകളിലൊന്നും പാലത്തായി പീഡക്കേസുമായി ബന്ധപ്പെട്ട ബഹുജന പ്രതിഷേധങ്ങള്‍ ചര്‍ച്ചയായില്ലെന്നതും ശ്രദ്ധേയം. പത്തു ദിവസത്തിനിടെ കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് വിചാരണക്കോടതിയില്‍ നിന്നു തന്നെ ജാമ്യം ലഭിക്കുമെന്ന ആശങ്ക ഒട്ടേറെ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി അനങ്ങുന്നില്ല. കേസില്‍ തുടര്‍ പ്രക്ഷോഭങ്ങളൊന്നും ആലോചനയിലില്ലെന്നാണ് കര്‍മ സമിതി കണ്‍വീനറും പ്രാദേശിക സിപിഎം നേതാവുമായ ബൈജു തേജസ് ന്യൂസിനോട് പ്രതികരിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. കേസ് ഡയറിയും വൈദ്യപരിശോധന റിപോര്‍ട്ടും പരിഗണിച്ചാവും ജാമ്യാപേക്ഷയില്‍ വിധി പറയുക.

അതിനിടെ, സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പത്തു വയസ്സുകാരിയെ അതേ സ്‌കൂളിലെ അധ്യാപകനായ ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ച കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാനൂര്‍ മണ്ഡലത്തിലെ 1001 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചു. സിപിഎം-ബിജെപി ഒത്തുകളിയാണ് പാലത്തായി പീഡനക്കേസ് അന്വേഷണത്തിലെ പ്രതിബന്ധമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ സമയബന്ധിതമായി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണം. കേസില്‍ കുടുംബം ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മുഖ്യ മന്ത്രിക്ക് കത്തയച്ചത്.

ബിജെപി-സിപിഎം രഹസ്യ ബന്ധത്തിന്റെ പേരിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറി മൂന്നുമാസം തികയാറായിട്ടും കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് പ്രതിക്ക് ജാമ്യം കിട്ടാന്‍ വഴി ഒരുക്കുകയാണെന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയച്ചത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. പീഡനത്തിനിരയായ കുട്ടിയുടെ വീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചിരുന്നു. കുട്ടിക്ക് നീതി ലഭിക്കുന്നതിന് ഏതറ്റംവരെ പോകാനും യൂത്ത് കോണ്‍ഗ്രസ് കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ഷാഫി അറിയിച്ചു.Next Story

RELATED STORIES

Share it