Big stories

പാലക്കാട് സുബൈര്‍ വധം: കെ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്

ഗൂഢാലോചനയില്‍ സുരേന്ദ്രന്റെ പങ്കാളിത്തം സംബന്ധിച്ച് നിരവധിയായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുബൈര്‍ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് പാലക്കാട് എത്തിയ സുരേന്ദ്രന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ രഹസ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാലക്കാട് സുബൈര്‍ വധം: കെ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്
X

കൊച്ചി: പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ അതിദാരുണമായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം. സുബൈറിന്റെ കൊലപാതകം ആസൂത്രിതവും അതിന് പിന്നില്‍ നേതാക്കളുടെ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മാസങ്ങളോളം നീണ്ടുനിന്ന ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗൂഢാലോചനയില്‍ സുരേന്ദ്രന്റെ പങ്കാളിത്തം സംബന്ധിച്ച് നിരവധിയായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുബൈര്‍ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് പാലക്കാട് എത്തിയ സുരേന്ദ്രന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ രഹസ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ ഗുഢാലോചന നടന്നുവെന്ന് ചൂണ്ടികാട്ടി സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ സുരേന്ദ്രനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തിന് മുമ്പ് സമാനമായ രീതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചനയും പരസ്യമായ കൊലപാതക ആഹ്വാനവും നടന്നിരുന്നു. തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും പോലിസ് ആ നിലയ്ക്കുള്ള അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല.

പാലക്കാട് സുബൈറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടും പോലിസ് നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുകയാണ്. കെ സുരേന്ദ്രനെതിരെ ആരോപണം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തത് പോലിസ് തുടരുന്ന ആര്‍എസ്എസ് വിധേയത്വത്തിന്റെ തുടര്‍ച്ചയാണ്. അതേസമയം, നിരന്തരം വര്‍ഗീയത പുലമ്പി വീണ്ടും അണികള്‍ക്ക് അക്രമത്തിന് പ്രോല്‍സാഹനം നല്‍കി പോലിസിനെ വെല്ലുവിളിക്കുകയാണ് സുരേന്ദ്രന്‍ ചെയ്യുന്നത്.

കേരളാ പോലിസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും തനിക്കെതിരെ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രന്‍ നിരന്തരം വെല്ലുവിളി നടത്തുന്നത്. അത്രമാത്രം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുന്നു. നാടിന്റെ സമാധാന അന്തരീക്ഷം ആത്യന്തികമായി തകര്‍ക്കുന്ന സമീപനമാണ് കേരളാ പോലിസ് സ്വീകരിക്കുന്നത്.

സംഘപരിവാര ദാസ്യപ്പണി അവസാനിപ്പിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ കേരളാ പോലിസ് തയ്യാറാവണം. സുബൈറിന്റെ യഥാര്‍ത്ഥ കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കണം. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിച്ച് ഉന്നത നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരണം നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം, എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കെ എസ് നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it