Big stories

പി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്‌സിലേക്ക്; കലാപത്തിനൊരുങ്ങി കാസയും സംഘ പരിവാരവും

പി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്‌സിലേക്ക്; കലാപത്തിനൊരുങ്ങി കാസയും സംഘ പരിവാരവും
X


പിസി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റി ധ്രുവീകരണ രാഷ്ട്രീയത്തിന് ശ്രമിച്ച പിസി ജോര്‍ജിന് ഒളി ജീവിതം ആന്റി ക്ലൈമാക്‌സിലേക്ക്. കേരള രാഷ്ട്രീയത്തിലെ ആരെയും കൂസാത്ത ഒറ്റയാനെന്നും തന്റേടിയെന്നും പൂഞ്ഞാര്‍ പുലി എന്നൊക്കെ 'കാസ'യും സംഘികളും സൃഷ്ടിച്ചെടുത്ത 'ഇമേജുകള്‍' സ്വയം ചുരുട്ടി കെട്ടി മാളത്തിലൊളിച്ച ജോര്‍ജിനെ ഇനി കാത്തിരിക്കുന്നത് അത്ര ശുഭ കരമല്ലാത്ത മുഹൂര്‍ത്തങ്ങള്‍.

തിരുവനന്തപുരം ഹിന്ദുത്വ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം റദ്ധാക്കണമെന്ന പ്രോസികൂഷന്‍ ഹര്‍ജിയില്‍ തിരു. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിര്‍ണ്ണായമാവും. തിരുവനന്തപുരത്തെയും വെണ്ണലയിലെയും പ്രസംഗങ്ങള്‍ കോടതി ഇന്ന് നേരിട്ട് കേള്‍ക്കും. മത വിദ്വേഷം പരത്തുന്നതാണ് ജോര്‍ജിന്റെ പ്രസംഗമെന്നന്ന് എറണാകുളം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജോര്‍ജിന്റെ അതേ പ്രസംഗങ്ങള്‍ ഇന്ന് തിരുവനന്തപുരം കോടതി നേരിട്ട് കേള്‍ക്കുമ്പോഴും ജോര്‍ജിന് അനുകൂലമാവില്ല കാര്യങ്ങളെന്നു തന്നെയാണു വിലയിരുത്തല്‍. വെണ്ണലക്കേസില്‍ മുന്‍ കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കുന്ന സഹചര്യം വന്നാല്‍ ജോര്‍ജിന് അത് കടുത്ത പ്രഹരമാകും.

ജാമ്യം തേടി ജോര്‍ജ് ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. എന്നാല്‍, തിരുവനന്തപുരം, എറണാകുളം ജില്ലാ സെഷന്‍സ് കോടതികളുടെ നിലപാടുകള്‍ പൂര്‍ണമായി നിരാകരിച്ചു കൊണ്ട് ജോര്‍ജിനനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നുണ്ടാവാനുള്ള സാധ്യത വിദൂരമാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് ഒളിച്ചു കളി തുടരുകയാണ്. ജോര്‍ജ് എവിടെയുണ്ടെന്ന കൃത്യമായ വിവരം പോലിസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഭരണ തലത്തിലുള്ള നീക്കു പോക്കുകളാണ് അരങ്ങേറുന്നത്. എന്നാല്‍, ഈ ദിവസങ്ങളില്‍ കോടതികളില്‍ നിന്ന് കടുത്ത പരാമര്‍ശങ്ങളുണ്ടായാല്‍ ജോര്‍ജിനെ പിടി കൂടാതിരിക്കാന്‍ പോലിസിന് കഴിയില്ല. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജോര്‍ജിനെ അറസ്റ്റു ചെയ്യേണ്ടി വന്നാല്‍ അത് സര്‍ക്കാരും പോലിസും ഇതേവരെ അനുവര്‍ത്തിച്ച നാടകങ്ങളുടെ ആന്റി ക്ലൈമാക്‌സുമാവും.

അതിനിടെ, ജോര്‍ജിന്റെ അറസ്റ്റ് മുന്‍കൂട്ടി കാണുന്ന സംഘപരിവാരവും ആര്‍എസ്എസ് അനുകൂല സംഘടനയായ കാസയടക്കമുള്ള ക്രിസ്ത്യന്‍ വിദ്വേഷ ഗ്രൂപ്പുകളും സംഘര്‍ഷത്തിനുള്ള നീക്കം നടത്തുന്നതായാണ് റിപോര്‍ട്ടുകള്‍. തിരുവനന്തപുരം പ്രസംഗത്തില്‍ ജാമ്യം ലഭിച്ച ജോര്‍ജിന് ഹിന്ദു ഐക്യ വേദിയും കാസയും കത്തോലിക്കാ വൈദികരും ചേര്‍ന്ന് കോട്ടയത്ത് സ്വീകരണം നല്‍കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ ഈ മാസം ഒമ്പതിന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പോലിസ് സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ കേസിലാണ് സെഷണ്ന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.

മുസ്‌ലിംകള്‍ ഭക്ഷണത്തിന് രുചി വരാന്‍ പല്ല് തേക്കാതെ മൂന്ന് പ്രാവശ്യം അതില്‍ ഓതി തുപ്പുമെന്നും ഭൂമാഫിയയും ഹവാലയും കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കലും സ്വര്‍ണക്കടത്തുമെല്ലാം നടത്തുന്നത് കൂടുതലും മുസ്‌ലിംകളാണെന്നുമൊക്കെയായിരുന്നു വെണ്ണല ക്ഷേത്രത്തിലെ ജോര്‍ജിന്റെ വിഷം ചീറ്റല്‍.

Next Story

RELATED STORIES

Share it