Big stories

'32.26 ലക്ഷം വായ്പകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയത് 331 മാത്രം': മുസ് ലിംകളെ രണ്ടാംതരം പൗരന്മാരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് ഉവൈസി

32.26 ലക്ഷം വായ്പകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയത് 331 മാത്രം: മുസ് ലിംകളെ രണ്ടാംതരം പൗരന്മാരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് ഉവൈസി
X

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ മുസ് ലിംകളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുന്നുവെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി.

എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികാസം എന്നാണ് പ്രധാനമന്ത്രി പറയുന്നതെങ്കിലും അതെല്ലാം നുണയാണ്. പ്രധാനമന്ത്രിയുടെ എസ്‌വിഎ നിധി സ്‌കീം അനുസരിച്ച് നഗരവികസന വകുപ്പ് തെരുവുകച്ചവടക്കാര്‍ക്ക് 32.26 ലക്ഷം വായ്പകള്‍ നല്‍കിയപ്പോള്‍ അതില്‍ 331 എണ്ണം മാത്രമാണ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് മുസ് ലിംകളെയും ന്യൂനപക്ഷങ്ങളെയും ഈ സര്‍ക്കാര്‍ വഞ്ചിക്കുന്നത്?- ഉവൈസി ചോദിച്ചു.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നഗരപ്രദേശങ്ങളില്‍ സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്ന മുസ് ലിംകള്‍ ആകെയുള്ളതിന്റെ 50 ശതമാനമാണ്. പക്ഷേ, അവര്‍ക്ക് നല്‍കുന്നത് കേവലം 331 വായ്പകളാണ്. ഇന്ത്യന്‍ മുസ് ലിംകളെ രണ്ടാംകിടപൗരന്മാരാക്കാനുള്ള ഗോള്‍വാല്‍കറിന്റെയും സവര്‍ക്കറുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നിലപാടില്‍ ബിജെപിയുടെ അനുയായികള്‍ക്കും സന്തോഷമാണ്. മുസ് ലിംകള്‍ക്ക് അവകാശപ്പെട്ട പങ്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല- ഉവൈസി കൂട്ടിച്ചേര്‍ത്തു.

വെങ്കിടേശ് നായക് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി പ്രസിദ്ധീകരിച്ച കോമണ്‍വെല്‍ത്ത് ഹ്യൂമെന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ ബ്ലോഗ് ലിങ്കും അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

കേന്ദ്ര നഗരവികസന മന്ത്രാലയം വിവരാവകാശ നിയമമനുസരിച്ചുള്ള അപേക്ഷക്ക് നല്‍കിയ മറുപടി അനുസരിച്ച് ആകെയുള്ള ന്യൂനപക്ഷക്കാരായ തെരുവു കച്ചവടക്കാരില്‍ 0.01 ശതമാനത്തിന് മാത്രമാണ് പ്രധാനമന്ത്രി എസ്‌വിഎ നിധി (പ്രധാനമന്ത്രിയുടെ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മനിര്‍ഭര്‍ നിധി) പദ്ധതിയനുസരിച്ച് 2020 ജൂണ്‍ -2022 മെയ് കാലയളവില്‍ വായ്പ അനുവദിച്ചത്.



രാജ്യത്താകമാനമായി ഈ പദ്ധതിയില്‍ 32.26 ലക്ഷം വായ്പകള്‍ വിതരണം ചെയ്തു. അതില്‍ 331 എണ്ണം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കി. ഇത് ഏകദേശം 0.0102 ശതമാനം മാത്രമാണ്.

ഈ പദ്ധതിപ്രകാരം പട്ടികവര്‍ഗ വിഭാഗത്തിനും വളരെ കുറച്ച് വായ്പയാണ് നല്‍കിയിട്ടുള്ളത്. അത് ഏകദേശം 3.15 ശതമാനം വരും. ഭിന്നശേഷിക്കാര്‍ക്ക് 0.92 ശതമാനം നല്‍കി.

ന്യൂനപക്ഷക്കാരായ 162 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഈ വായ്പ ലഭിച്ചത്. ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയതും ഇവിടെത്തന്നെ. ഡല്‍ഹി(110), തെലങ്കാന(22), ഗുജറാത്ത്(12), ഒഡീഷ(8), ആന്ധ്ര(3), രാജസ്ഥാന്‍(2) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

തെരുവുകച്ചവടക്കാരെ സഹായിക്കാനായി 2020 ജൂണിലാണ് പിഎം എസ്‌വിഎ നിധിക്ക് രൂപം നല്‍കിയത്.

Next Story

RELATED STORIES

Share it