Big stories

മൂന്നു ലക്ഷമല്ല, ഇന്ത്യയിലെ കൊവിഡ് മരണം 40 ലക്ഷമായേക്കാമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

മരണ നിരക്ക് മറച്ചുവയ്ക്കുന്നതായി ആരോപണം

മൂന്നു ലക്ഷമല്ല, ഇന്ത്യയിലെ കൊവിഡ് മരണം 40 ലക്ഷമായേക്കാമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
X

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ മരണപ്പെടുന്നവരുടെ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി ആരോപണം ശക്തമാവുന്നു. മൂന്നുലക്ഷമല്ല, ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 40 ലക്ഷത്തോളമായേക്കാമെന്നും യുഎസ് ആസ്ഥാനമായുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കുറച്ചുകാണിക്കുന്നതായും റിപോര്‍ട്ടില്‍ ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2.7 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചതായും മൂന്നു ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടതായുമാണ് രേഖകള്‍. രേഖകള്‍ സൂക്ഷിക്കുന്നതിലെ പിഴവ്,

വ്യാപക പരിശോധനയുടെ അഭാവം, മഹാമാരിയുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിലെ പരാജയം എന്നിവയെയും പത്രം കുറ്റപ്പെടുത്തുന്നുണ്ട്. ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, വിപുലമായ ഗവേഷണം നടത്തുകയും കേസുകളുടെയും മരണങ്ങളുടെയും എണ്ണം വിശകലനം ചെയ്യാന്‍ വിദഗ്ധരുമായി സംസാരിക്കുകയും ചെയ്തതായും ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെട്ടു. കേസുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 15 മടങ്ങ് കൂടുതലാണെന്നും മരണ നിരക്ക് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണെന്നും പറയുന്നുണ്ട്.

കൊവിഡ് ആദ്യ തരംഗത്തില്‍ രോഗബാധിതരുടെയും മരണനിരക്കും കുറവായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. എന്നാല്‍, രണ്ടാം തരംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വരും ദിവസങ്ങളില്‍ അണുബാധയുടെയും മരണത്തിന്റെയും കണക്കുകള്‍ വര്‍ദ്ധിച്ചേക്കാം. കേസുകളുടെ എണ്ണം 26 ശതമാനം വരെ ഉയരും. 70 കോടി ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുണ്ടാകാം. മരണനിരക്ക് 14 മടങ്ങ് കൂടാനും 42 ലക്ഷം പേര്‍ വരെ മരണപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടിലെ പരാമര്‍ശം. തെലങ്കാന പോലുള്ള ചില സംസ്ഥാനങ്ങള്‍ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും നടപടികളെക്കുറിച്ച് സംസ്ഥാന ഹൈക്കോടതി നിരന്തരം സംസ്ഥാന സര്‍ക്കാരിനെ വിളിപ്പിച്ചതും കൂട്ടിവായിക്കുമ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Not 3 Lakhs, India May Have 40 Lakh Covid Deaths In India


Next Story

RELATED STORIES

Share it