Big stories

രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം

കൂടുതല്‍ പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
X

ആലപ്പുഴ: പള്ളികള്‍ തകര്‍ക്കപ്പെടുമ്പോഴും വംശഹത്യ ആഹ്വാനങ്ങള്‍ മുഴങ്ങുമ്പോഴും മതത്തിന്റെ പേരില്‍ മാത്രം ക്രൂരമായ വിവേചനം അരങ്ങ് തകര്‍ക്കുമ്പോഴും രാജ്യത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരൊറ്റ മതേതര കക്ഷികളേയും കാണുന്നില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം പറഞ്ഞു. ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ജീവിച്ചിരിക്കുന്ന കാലത്തോളം ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ജനകീയ പ്രതിരോധത്തില്‍ ഹിന്ദുത്വ കലാപകാരികള്‍ പരാജയപ്പെടുന്നിടത്താണ് പട്ടാളവും ബുള്‍ഡോസറുകളും രംഗപ്രവേശനം ചെയ്യുന്നത്. ബുള്‍ഡോസറുകള്‍ക്ക് കെട്ടിടങ്ങളെ തകര്‍ക്കാനാവും. പക്ഷേ ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ല. ബിജെപി സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനും ഫാസിസ്റ്റുകള്‍ക്കും ഇഷ്ടമില്ലാത്തവരെ അമര്‍ച്ച ചെയ്യാനുള്ള കേവലം ഉപകരണങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. അവയെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയ ഒരു തലമുറയുടെ പിന്മുറക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ജനതയുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയും ഹിന്ദുത്വ പക്ഷം ചേരുന്നത് ജനങ്ങളില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും ഉണ്ടാക്കാന്‍ കാരണമാകും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം ഇക്കാര്യം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പൗരന്മാര്‍ക്ക് നീതി ലഭിക്കുകയും ലഭിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ജുഡീഷ്യറിക്കുണ്ട്.

ഫാഷിസ്റ്റുകള്‍ മുസ്ലിംകളെയും മുസ്ലിം സ്ഥാപനങ്ങളെയും തകര്‍ക്കുന്നതിലൂടെ തകരുന്നത് ഇന്ത്യ എന്ന ആശയമാണ്. അതുവഴി തകരുന്നത് രാജ്യത്തെ ജനാധിപത്യ റിപ്പബ്ലിക്കാണ്. അതേസമയം, ഇന്ത്യന്‍ ജനത അക്രമി കൂട്ടങ്ങളുടെ മുമ്പില്‍ കൈകൂപ്പി നിന്നു രക്ഷതേടുന്ന അവസ്ഥയില്‍ നിന്ന് അവരെ അടിച്ചോടിക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുന്നു. ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ നേരിടാന്‍ അവര്‍ സജ്ജരായിരിക്കുന്നു എന്നതിന്റെ തെളിവാണിത്. കാലത്തിനു മുന്നേ സഞ്ചരിച്ചവരാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഫാഷിസത്തിന്റെ വരവിനെ ഞങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. പൗരത്വ നിഷേധത്തിനെതിരെയുള്ള സമരം കാല്‍നൂറ്റാണ്ടു മുന്‍പേ പോപുലര്‍ ഫ്രണ്ട് തുടങ്ങിയിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചും ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്‍ആര്‍സിയെ തള്ളിക്കളയണമെന്ന് ആദ്യമായി പറഞ്ഞത് പോപുലര്‍ ഫ്രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംപി മൗലാന ഉബൈദുല്ലാഹ് ഖാന്‍ ആസ്മി മുഖ്യാതിഥിയായി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, കേരള ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ.കെ പി മുഹമ്മദ്, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വി എം ഫത്തഹുദ്ദീന്‍ റഷാദി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എ അബ്ദുല്‍ സത്താര്‍, എം എസ് സാജിദ്, പി എം ജസീല, പി കെ യഹിയാ തങ്ങള്‍ പങ്കെടുത്തു.

ജനലക്ഷങ്ങള്‍ അണിനിരന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായി വോളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു. വൈകീട്ട് 4.30ന് ഇരുമ്പുപാലത്ത് നിന്നാരംഭിച്ച വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആലപ്പുഴ ബീച്ചില്‍ സമാപിച്ചു. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കാംപയിൻ വിപുലമായ പരിപാടികളോടെ നടന്നുവരികയാണ്. 2022 ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ആരംഭിച്ച കാംപയിന്‍ ആഗസ്ത് 15നാണ് സമാപിക്കുന്നത്.

Next Story

RELATED STORIES

Share it