Big stories

മരുന്നില്ല, വൈദ്യുതിയില്ല; ശ്രീലങ്ക ദുരന്തമുഖത്ത്

മരുന്നില്ല, വൈദ്യുതിയില്ല; ശ്രീലങ്ക ദുരന്തമുഖത്ത്
X

കൊളംബൊ: ആശുപത്രിക്കുമുന്നിലെ ദിവസം നീണ്ടുനില്‍ക്കുന്ന വരി. വാഹനങ്ങളില്‍ ആവശ്യമായ ഇന്ധനമില്ല, എങ്ങും ഇരുട്ട്, വൈദ്യുതിയില്ല, ഉള്ളത് വെറും മെഴുകുതിരി വെളിച്ചംമാത്രം... സമീപകാല ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ് ശ്രീലങ്ക.

അടവുശിഷ്ടപ്രതിസന്ധിയില്‍ അവസാന വിദേശനാണ്യം കൂടി രാജ്യം വിട്ട് പോയതിനാല്‍ മരുന്നുപോലെ ജീവല്‍പ്രധാനമായ പലതിനും രാജ്യത്ത് ക്ഷാമമാണ്. മരുന്നുമാത്രമല്ല, ജനങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന എല്ലാ വസ്തുക്കളെയും ക്ഷാമം ബാധിച്ചിരിക്കുന്നു.

പലയിടങ്ങളിലും ഇന്ധനത്തിനുവേണ്ടിയുള്ള ക്യൂ രാവിലെ തുടങ്ങി വൈകീട്ട് വരെയാണ് നീണ്ടത്. ഭക്ഷ്യവസ്തുക്കളുടെ വില പരിധിവിട്ട് ഉയര്‍ന്നതോടെ സ്വന്തം കുടുംബങ്ങളെ എങ്ങനെ പോറ്റുമെന്ന ഭീതിയിലാണ് മുതിര്‍ന്നവര്‍.

മണ്ണെണ്ണക്ക് വേണ്ടി അഞ്ച് മണിക്കൂര്‍ കാത്തിരുന്ന ഒരു യുവതിയുടെ ചിത്രം എഎഫ്പി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. രാജ്യതലസ്ഥാനത്തിനടുത്ത് താമസിക്കുന്ന അവര്‍ ഭക്ഷണം പാകം ചെയ്ത് മക്കള്‍ക്കുകൊടുക്കാനാണ് ഈ പെടാപാട് പെടുന്നത്. അവര്‍ക്കുമുന്നില്‍ വരി നിന്ന മൂന്ന് പേര്‍ കുഴഞ്ഞുവീണു. അവരെ ആശുപത്രിയിലെത്തിച്ചോ എന്നവര്‍ക്കറിയില്ല. അവരുടെ മകനും ഭര്‍ത്താവും തൊഴിലന്വേഷണത്തിലാണ്. കടുത്ത ചൂടില്‍ വരിനില്‍ക്കയല്ലാതെ മറ്റ് മാര്‍ഗമില്ല.

റിപോര്‍ട്ടര്‍ അവരെ കാണും വരെ അവര്‍ ഒന്നും കഴിച്ചിട്ടില്ല. കടുത്ത ചൂടും വെയിലും. നില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ച് മണിക്കൂര്‍ കഴിഞ്ഞു. സ്വന്തം പേര് പറയാന്‍ അവര്‍ ലജ്ജിക്കുന്നു.

ചിലയിടങ്ങളില്‍ ചില വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുണ്ട്. പക്ഷേ, ഇന്ധനമില്ലാതെ അവ മറ്റിടങ്ങളിലേക്ക് അയക്കാനാവില്ല. തോട്ടം മേഖലയില്‍ തേയില കെട്ടിക്കിടക്കുകയാണ്. അവ മറ്റിടങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ വാഹനങ്ങില്‍ ഇന്ധനം വേണമല്ലോ.

ഇന്ധമില്ലാത്തതിനാല്‍ ബസ്സ് ഓടുന്നില്ല. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികളില്‍ സര്‍ജറി നടക്കുന്നില്ല. കടലാസ് ക്ഷാമമുള്ളതിനാല്‍ പരീക്ഷകള്‍ മാറ്റിവച്ചു.

അറുപത് വര്‍ഷമായി കൊളംബോയില്‍ താമസിക്കുന്ന താന്‍ ഇന്നോളം ഇതുപോലൈാരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലെന്ന് വടിവുയെന്ന സ്ത്രീ പറയുന്നു. നാട്ടില്‍ കുടിക്കാനൊന്നുമില്ല, കഴിക്കാന്‍ ഭക്ഷണില്ല, ആളുകള്‍ ഇരക്കാന്‍ തുടങ്ങി. പക്ഷേ, രാഷ്ട്രീയക്കാര്‍ സുഖമായിരിക്കുന്നു- അവര്‍ പൊട്ടിത്തെറിച്ചു.

അതേസമയം 22 ദശലക്ഷം വരുന്ന ശ്രീലങ്കക്കാര്‍ക്ക് ചില കാര്യങ്ങളില്‍ മുന്നനുഭവങ്ങളുണ്ട്. 1970കളിലെ ആഗോള എണ്ണ പ്രതിസന്ധിയിലുടനീളം, പഞ്ചസാര പോലുള്ള അവശ്യവസ്തുക്കള്‍ക്കായി അധികാരികള്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത് അവര്‍ക്കോര്‍മയുണ്ട്.

1948ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക ദുരന്തമാണ് ഇപ്പോഴത്തേതെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു, റേഷനിംഗ് സംവിധാനം വന്നാല്‍ അതെങ്കിലും ഉറപ്പായി ലഭിക്കുമല്ലോയെന്നാണ് നാട്ടുകാര്‍ ആശ്വസിക്കുന്നത്. പക്ഷേ, അതും ഉണ്ടായിട്ടില്ല.


ദശാബ്ദങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തേക്കാള്‍ ഈ അടുത്ത കാലത്തുണ്ടായ ചില നടപടികളാണ് രാജ്യത്തിന് വിനയായത്.

2016ലെ വരള്‍ച്ച കര്‍ഷകരെ വലിയ തോതില്‍ ബാധിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം, കുറഞ്ഞത് 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ സണ്‍ഡേ ബോംബാക്രമണം. ഇത് വിദേശികളുടെ വരവ് ഇല്ലാതാക്കി. ടൂറിസം മേഖല നശിക്കുക മാത്രമല്ല, വിദേശത്തുള്ള ശ്രീലങ്കക്കാര്‍ ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കുന്നില്ല. ഇവ രണ്ടും വിദേശ നാണ്യത്തിന്റെ നിര്‍ണായക സ്രോതസ്സുകളാണ്. ഇറക്കുമതിക്ക് പണം നല്‍കാനും രാജ്യത്തിന്റെ ബാധ്യതയായ 51 ബില്യണ്‍ ഡോളര്‍ വിദേശ കടം വീട്ടാനും ഇത് വേണമല്ലോ.

എന്നാല്‍ അതിലും വലിയ ഘടകമാണ് സര്‍ക്കാര്‍ 'കെടുകാര്യസ്ഥത'യെന്ന് വെളിപ്പെടുത്തുന്നു കൊളംബോ ആസ്ഥാനമായുള്ള അഡ്വക്കറ്റ ഇന്‍സ്റ്റിറ്റിയൂട്ട് തിങ്ക് ടാങ്ക് ചെയര്‍മാന്‍ മുര്‍താസ ജാഫര്‍ജി.

വര്‍ഷങ്ങളോളം നീണ്ടുനിന്ന ബജറ്റ് കമ്മി, സര്‍ക്കാര്‍ വരുമാനം തകര്‍ച്ചയിലേക്ക് നയിച്ച മഹാമാരിക്ക് തൊട്ടുമുമ്പ് പ്രഖ്യാപിച്ച തെറ്റായ നികുതി വെട്ടിക്കുറവുകള്‍, സമ്പന്നരായ ശ്രീലങ്കക്കാര്‍ക്ക് ആനുപാതികമായി പ്രയോജനം ചെയ്യുന്ന വൈദ്യുതിയുടെയും മറ്റ് യൂട്ടിലിറ്റികളുടെയും സബ്‌സിഡികള്‍ എന്നിവയും സര്‍ക്കാരിന്റെ വരുമാന ഇടിവിന് കാരണമായത്രെ.

കൊളംബോയില്‍ ജനങ്ങളുടെ നികുതിപ്പണം വെള്ളാനപദ്ധതിള്‍ക്ക് വേണ്ടി മുടക്കിയത് വലിയ നഷ്ടംവരുത്തി.

നയപരമായ മോശം തീരുമാനങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക രാഷ്ട്രമായി ശ്രീലങ്ക മാറുമെന്ന് കഴിഞ്ഞ വര്‍ഷം ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുകയും വിദേശ കറന്‍സി പുറത്തേക്ക് ഒഴുക്കുന്നത് മന്ദഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാസവളം ഇറക്കുമതി ഒറ്റരാത്രികൊണ്ട് നിരോധിക്കുകയും ചെയ്തു. കര്‍ഷകര്‍ തങ്ങളുടെ വയലുകള്‍ തരിശിട്ടതോടെ ഭക്ഷ്യവില ഉയര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം നയം തിരുത്തി.

ശ്രീലങ്ക ഇപ്പോള്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചയിലാണ്. അവരില്‍നിന്ന് പണം കടംവാങ്ങാനാണ് ശ്രമം. ചര്‍ച്ച വര്‍ഷാവസാനം വരെ നീണ്ടുനില്‍ക്കും. സ്ഥിതി ഇനിയും മോശമാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

Next Story

RELATED STORIES

Share it