News

ലോകകപ്പ്; അഫ്ഗാന്‍ തോറ്റു; ഇന്ത്യ പുറത്ത്; കിവികള്‍ സെമിയില്‍

ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ (40*), കോണ്‍വെ (36*) എന്നിവരാണ് ടീമിന് അനായാസ ജയം ഒരുക്കിയത്.

ലോകകപ്പ്; അഫ്ഗാന്‍ തോറ്റു; ഇന്ത്യ പുറത്ത്; കിവികള്‍ സെമിയില്‍
X


ദുബയ്: അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല.കരുത്തരായ ന്യൂസിലന്റിന് മുന്നില്‍ അഫ്ഗാനിസ്താന്‍ തോല്‍വി രുചിച്ചപ്പോള്‍ അവസാനിച്ചത് ട്വന്റി-20 ലോകകപ്പിലെ കിരീട ഫേവററ്റുകളായ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍. അഫ്ഗാനിസ്താന്‍ ജയിച്ചാല്‍ മാത്രം സെമിയിലേക്ക് കയറാമെന്ന ഇന്ത്യന്‍ മോഹങ്ങളാണ് ന്യൂസിലന്റിന്റെ ജയത്തോടെ അവസാനിച്ചത്. നാല് ജയങ്ങളുമായി പാകിസ്താന് താഴെ രണ്ടാമതായി ന്യൂസിലന്റ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.


125 എന്ന ലക്ഷ്യം 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ (40*), കോണ്‍വെ (36*) എന്നിവരാണ് ടീമിന് അനായാസ ജയം ഒരുക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (28), ഡാരല്‍ മിച്ചല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്റിന് നഷ്ടമായത്.


ടോസ് ലഭിച്ച അഫ്ഗാന്‍ ബാറ്റിങ് തിരഞ്ഞെടുക്കകുയായിരുന്നു. എന്നാല്‍ കിവി ബൗളിങ് നിരയ്ക്ക് മുന്നില്‍ അഫ്ഗാന്‍ തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ്് നേടിയത്. 48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത നജീബുള്ളയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഗുല്‍ബാദിന്‍(15), നബി (14) എന്നിവര്‍ മാത്രമാണ് നജീബുള്ളയ്ക്ക് പുറമെ രണ്ടക്കം കടന്നവര്‍. 19 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് മൂന്ന് പ്രമുഖ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ന്യൂസിലന്റിനായി ബോള്‍ട്ട് മൂന്നും സൗത്തി രണ്ടും വിക്കറ്റ് നേടി തിളങ്ങി.


സൂപ്പര്‍ 12ല്‍ പാകിസ്താനോടും ന്യൂസിലന്റിനോടും തോറ്റ ഇന്ത്യ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലന്റ് എന്നിവരോട് വന്‍ മാര്‍ജിനില്‍ ജയിച്ചിരുന്നു. ഇന്ത്യയ്ക്കും അഫ്ഗാനും രണ്ട് ജയങ്ങള്‍ വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഇന്ത്യയുടെ അവസാന മല്‍സരം നാളെ നമീബിയക്കെതിരേയാണ്. ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്ന കോഹ്‌ലി ഒടുവില്‍ ഐസിസിയുടെ ഒരു കിരീടങ്ങളുമില്ലാതെ പടിയിറങ്ങുകയാണ്.




Next Story

RELATED STORIES

Share it