Big stories

പാര്‍ലമെന്റിനെ അസ്സലാമു അലൈക്കും എന്ന് അഭിവാദനം ചെയ്ത് ജസീന്ത; നഈം റാഷിദിന് ആദരാഞ്ജലി

ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളില്‍ വെടിവയ്പ് നടത്തി 50 പേരെ വധിച്ച കൊലയാളിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്നും അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത വ്യക്തമാക്കി.

പാര്‍ലമെന്റിനെ അസ്സലാമു അലൈക്കും എന്ന് അഭിവാദനം ചെയ്ത് ജസീന്ത;  നഈം റാഷിദിന് ആദരാഞ്ജലി
X

വെല്ലിങ്ടണ്‍: ക്രിസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍നിന്ന് തോക്കുധാരിയെ തടയുന്നതിനിടെ രക്തസാക്ഷിയായ പാക് സ്വദേശി നഈം റാഷിദിന് ന്യൂസിലന്‍ഡ് പാര്‍ലമെന്റിന്റെ ആദരം. പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ആണ് നഈം ആദരാഞ്ജലയര്‍പ്പിച്ചത്. അസ്സലാമു അലൈക്കും (ദൈവത്തിന്റെ രക്ഷ നിങ്ങളുടെ മേല്‍ വര്‍ഷിക്കട്ടെ) എന്ന എന്ന മുസ്‌ലിം അഭിവാദന രീതി കടംമെടുത്തായിരുന്നു ജസീന്ത പ്രസംഗം തുടങ്ങിയത്.

കൊല്ലപ്പെട്ട മുസ്‌ലിങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമുള്ള ഐക്യദാര്‍ഢ്യം ജെസീന്ത പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളില്‍ വെടിവയ്പ് നടത്തി 50 പേരെ വധിച്ച കൊലയാളിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്നും അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത വ്യക്തമാക്കി.

ന്യൂസിലന്‍ഡ് നിയമപ്രകാരമുളള ഏറ്റവും വലിയ ശിക്ഷ തന്നെ അയാള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു. ആക്രമണത്തിലൂടെ നിരവധി കാര്യങ്ങളാണ് അയാള്‍ ആഗ്രഹിച്ചത്. അതില്‍ ഒന്ന് കുപ്രസിദ്ധിയാണെന്നും അതിനാല്‍ തന്നെ നിങ്ങള്‍ അയാളുടെ പേര് പരാമര്‍ശിക്കരുതെന്നും അവര്‍ പറഞ്ഞു. അയാളൊരു ഭീകരവാദിയും കുറ്റവാളിയും തീവ്രവാദിയുമാണ്. അതിനാല്‍ അയാളുടെ പേര് താന്‍ പരാമര്‍ശിക്കില്ലെന്നും ജസീന്ത പറഞ്ഞു.

കൊലയാളിയുടെ പേര് പറയുന്നതിലും നല്ലത് കൊല്ലപ്പെട്ടവരുടെ പേര് ഉയര്‍ത്തിപ്പിടിക്കലാണ്. വരുന്ന വെള്ളിയാഴ്ച മുസ്‌ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാമെന്നും ജസീന്ത പറഞ്ഞു. മുസ്‌ലിം ആചാര പ്രകാരം മരിച്ചവരുടെ മൃതദേഹം 24 മണിക്കൂറിനകം സംസ്‌ക്കരിക്കേണ്ടതുണ്ട്. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ന്യൂസിലന്റിലെത്തിയെങ്കിലും ഫോറന്‍സിക് അടക്കമുളള നടപടികളുടെ ഭാഗമായി അന്ത്യസംസ്‌കാരം ഇതുവരെയും നടത്താനായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് അയക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആക്രമണത്തിനു പിന്നാലെ ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത് ലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

Next Story

RELATED STORIES

Share it