Top

കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്റിലെ കൊലയാളി പ്രധാനമന്ത്രിക്ക് കത്തയച്ചു

അതേ സമയം, വെടിവയ്പ്പ് നടന്ന അല്‍നൂര്‍ മസ്ജിദിനകത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി പോലിസ് കമ്മീഷണര്‍ മൈക്ക് ബുഷ് അറിയിച്ചു. ഇതോടെ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.

കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്റിലെ കൊലയാളി പ്രധാനമന്ത്രിക്ക് കത്തയച്ചു
X

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ രണ്ട് മസ്ജിദുകളില്‍ കൂട്ടക്കൊല നടത്തുന്നതിന് മിനിറ്റുകള്‍ മുമ്പ് കൊലയാളി 74 പേജ് വരുന്ന വിളംബര പത്രിക പ്രധാനമനത്രി ജസീന്ത ആര്‍ഡെന് അയച്ചുകൊടുത്തു. ആക്രമണം നടക്കുന്നതിന് 9 മിനിറ്റ് മുമ്പാണ് തന്റെ ഓഫിസിലും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇമെയില്‍ ലഭിച്ചതെന്നും എന്നാല്‍, കൂട്ടക്കൊല തടയാനുള്ള സമയം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതില്‍ ഏത് സ്ഥലത്താണ് ആക്രമണം നടക്കുകയെന്നോ മറ്റു വിശദാംശങ്ങളോ ഉണ്ടായിരുന്നില്ല. സാധ്യമാവുമായിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങളത് തടയുമായിരുന്നു-ഞായറാഴ്ച്ച അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിവയ്പ്പ് നടക്കുന്നതിന് ഒമ്പതു മിനിറ്റ് മുമ്പ് 30ലേറെ പേര്‍ക്കാണ് ഇമെയില്‍ ലഭിച്ചത്. കത്ത് കിട്ടി രണ്ട് മിനിറ്റിനകം പാര്‍ലമെന്റ് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറി. ഇമെയില്‍ പോലിസിന് കൈമാറി അന്വേഷണം ആരംഭിക്കുമ്പോഴേക്കും സംഭവം നടന്ന പ്രദേശത്ത് നിന്ന് സഹായം ആവശ്യപ്പെട്ട് പോലിസിന് 911 ലേക്ക് കോളുകള്‍ ലഭിച്ചു തുടങ്ങിയിരുന്നു. 36 മിനിറ്റിനകം പോലിസ് കൊലയാളിയെ കസ്റ്റിഡിയില്‍ എടുത്തുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

വെല്ലിങ്ടണില്‍ ദുഖാര്‍ത്തരായ മുസ്ലിം സമുദായ അംഗങ്ങളുമായി ആര്‍ഡന്‍ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച്ച നടന്ന ആക്രമണം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണെന്ന് ആര്‍ഡന്‍ വിശേഷിപ്പിച്ചു.

അതേ സമയം, വെടിവയ്പ്പ് നടന്ന അല്‍നൂര്‍ മസ്ജിദിനകത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി പോലിസ് കമ്മീഷണര്‍ മൈക്ക് ബുഷ് അറിയിച്ചു. ഇതോടെ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. ഒരേയാള്‍ തന്നെയാണ് രണ്ടു മസ്ജിദുകളിലും ആക്രമണം നടത്തിയത്. അല്‍നൂര്‍ മസ്ജിദില്‍ 40 പേരെ വെടിവച്ച് കൊന്ന ശേഷമാണ് ലിന്‍വുഡിലെ രണ്ടാമത്തെ മസ്ജിദില്‍ എത്തിയത്.

പരിക്കേറ്റവരില്‍ 34 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരയി തുടരുന്നു. പരിക്കേറ്റ കുട്ടിയെ ഓക്ക്‌ലന്റിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി.

കൊലക്കുറ്റം ചുമത്തപ്പെട്ട കൊലയാളി ബ്രെന്റന്‍ ടാറന്റിനെ ഏപ്രില്‍ 5ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനകം ആവശ്യമായ അന്വേഷണം പൂര്‍ത്തിയാക്കി കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് പോലിസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ഇസ്ലാമിക ആചാരപ്രകാരം, മരണം നടന്ന് എത്രയും വേഗം സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നതിനാല്‍ അതിവേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് പോലിസ് കമ്മീഷണര്‍ മൈക്ക് ബുഷ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മറ്റു മൂന്നുപേര്‍ക്ക് കൂട്ടക്കൊലയില്‍ പങ്കില്ലെന്നാണ് പോലിസ് കരുതുന്നതെന്ന് ബുഷ് അറിയിച്ചു. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. സ്ത്രീയെ ഇതിനകം വിട്ടയച്ചിട്ടുണ്ട്.

കൊല നടത്തിയ ടാറന്റ് സാധാരണക്കാരനായ ഒരു വെള്ളക്കാരന്‍ എന്നാണ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിലൂടെ കിട്ടിയ പണം ഉപയോഗിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പ് മുഴുവന്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍.

Next Story

RELATED STORIES

Share it