ന്യൂസിലന്റ് മസ്ജിദുകളിലെ വെടിവയ്പ്പ്; മരണം 49 ആയി

ആസൂത്രിതമായ ഭീകരാക്രമണമാണ് നടന്നതെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസിലന്റ് മസ്ജിദുകളിലെ വെടിവയ്പ്പ്; മരണം 49 ആയി

-അക്രമികളിലൊരാള്‍ ആസ്‌ത്രേലിയക്കാരന്‍

-തീവ്രവലതുപക്ഷക്കാരനെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ടു പള്ളികളില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. 20 പേര്‍ക്ക് പരിക്കേറ്റു. ആസൂത്രിതമായ ഭീകരാക്രമണമാണ് നടന്നതെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമികളുടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കി. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദ് അല്‍നൂര്‍, പ്രാന്തപ്രദേശമായ ലിന്‍വൂഡ് മസ്ജിദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്.

ഓട്ടോമാറ്റിക് തോക്കുമായി എത്തിയ ആളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടിവിഎന്‍ഇസഡ് റിപോര്‍ട്ട് ചെയ്തു. കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ച് ഓട്ടോമാറ്റിക് തോക്കുമായി മസ്ജിദിന്റെ പിറകിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ന് അല്‍നൂര്‍ മസ്ജിദില്‍ ജുമുഅ നമസ്‌ക്കാരം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വെടിവയ്പുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇവിടെ 30 വിശ്വാസികള്‍ കൊല്ലപ്പെട്ടു. ലിന്‍വുഡ് മസ്ജിദില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മുഴുവന്‍ പള്ളികളും സ്‌കൂളുകളും അടച്ചിട്ടു. സമിപത്തെ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ പോലിസ് ഉത്തരവിട്ടിട്ടുണ്ട്. നാളെ നടക്കാനിരുന്ന ന്യൂസിലന്റ്ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി. പ്രശ്‌നം ഗൗരവമാണന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് അറിയിച്ചു.

ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പോലിസ് കമ്മീഷണര്‍ മൈക്ക് ബുഷ് പറഞ്ഞു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആക്രമണത്തെ അപലപിച്ചു. പ്രതികളില്‍ ഒരാള്‍ ആസ്‌ത്രേലിയക്കാരനാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തീവ്ര വലതുപക്ഷ വിഭാഗക്കാരനും അക്രമകാരിയായ ഭീകരവാദിയുമാണ് അയാളെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അക്രമ സംഭവവുമായി ആസ്‌ത്രേലിയക്കുള്ള ബന്ധം ആസ്‌ത്രേലിയന്‍ സുരക്ഷാ അധികൃതര്‍ അന്വേഷിച്ചുവരികയാണ്. എന്നാല്‍, അക്രമിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അവര്‍ വിസമ്മതിച്ചു.

സംഭവം നടക്കുമ്പോള്‍ മസ്ജിദിനകത്ത് 50ലേറെ പേര്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പ്പില്‍ പലരും ജനലുകളിലൂടെയും മറ്റും ചാടിരക്ഷപ്പെടുകയായിരുന്നു. 16 വയസുള്ളവര്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉണ്ട്. ഏഴ് മിനിറ്റോളം വെടിവയ്പ്പ് നീണ്ടതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ വ്യക്തമാക്കി.

രാജ്യത്തെ മുസ്ലിംകള്‍ മുഴുവന്‍ ഞെട്ടലിലാണെന്ന് ന്യൂസിലന്റ് ഇന്റര്‍നാഷനല്‍ മുസ്ലിം അസോസിയേഷന്‍ നേതാവ് താഹിര്‍ നവാസ് പറഞ്ഞു. സമാധാനപരമായ ഈ രാജ്യത്ത് ഇങ്ങിനെയൊരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മസ്ജിദുകളിലെ പ്രാര്‍ഥനകള്‍ക്കും മറ്റു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top