- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരിയേക്കാള്‍ വേഗം പള്ളികളും മദ്‌റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ് ഭേദഗതി
(വഖ്ഫ് ബോര്‍ഡ് മെംബറും എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ അഡ്വ. പി വി സൈനുദ്ദീനുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം തയ്യാറാക്കിയ ലേഖനം)
പി പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി
(കേരളാ സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് മുന്‍ അംഗം)
പരിശുദ്ധ ഇസ് ലാം മനുഷ്യവര്‍ഗത്തിന്റെ ആദിമതവും പ്രകൃതിമതവുമാണ്. നിലവിലുള്ള ഇസ് ലാം മതാനുയായികള്‍ക്ക് പല മേഖലകളിലും പോരായ്മകളുണ്ടെന്നരിക്കെ, ഒരു സമഗ്ര സമ്പൂര്‍ണ ദര്‍ശനം എന്ന നിലയ്ക്ക് ഇസ് ലാമിനെ മനസ്സിലാക്കിയും അംഗീകരിച്ചും പതിനായിരക്കണക്കിന് മനുഷ്യര്‍ ഇസ് ലാമിനെ ആശ്ലേഷിക്കുന്നുണ്ട്. നാനാഭാഗത്തുനിന്നും ഇസ് ലാമിനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉണ്ടാവുന്നതിന്റെ മുഖ്യ ഹേതു ഇതുതന്നെയാണ്. പലവിധ വിമര്‍ശനങ്ങള്‍ക്കിടയിലും ഇസ് ലാമിന്റെ സ്വീകാര്യത പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഇസ് ലാം അതിന്റെ അനുയായികളില്‍ വളര്‍ത്തിയെടുക്കുന്ന ദാനശീലവും അതുണ്ടാക്കുന്ന ബഹുമുഖ നന്മകളും അസൂയാലുക്കളിലും അസഹിഷ്ണുക്കളിലും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ പലതാണ്. കാര്യങ്ങളെ രചനാത്മകമായി കണ്ട് വിലയിരുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഒരു ഉദാഹരണം കാണുക: ഒരു കോടി മുസ് ലിംകള്‍(കേരളത്തിലെ മുസ് ലിം ജനസംഖ്യ) ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യധാന്യ വിതരണം ഏകദേശം 2000 ടണ്ണിലേറെ അരി വരും. ബലിപെരുന്നാളിനോട് അനുബന്ധമായി 4 ലക്ഷത്തോളം പോത്ത്, മൂരി, ആട് മുതലായവയെ അറുത്ത് മാംസദാനം നടത്തുന്നുണ്ട്. ഏകദേശം നാല്‍പതിനായിരം ടണ്‍ മാംസം വിതരണം ചെയ്യും. ഇത് പോഷകാഹാര കമ്മി അനുഭവിക്കുന്ന പാവങ്ങള്‍ക്ക് ആശ്വാസവും, കാലി കര്‍ഷകര്‍ക്ക് തങ്ങളുടെ കാലി സമ്പത്തിന് നല്ല വില കിട്ടാന്‍ വളരെ സഹായകരമായി ഭവിക്കുന്നുമുണ്ട്. കേരള ജനസംഖ്യയില്‍ 10 ലക്ഷം മുസ് ലിംകള്‍ അതിസമ്പന്നരും സമ്പന്നരുമായി ഉണ്ടെങ്കില്‍ ഒരാള്‍ 45000 രൂപ(മുക്കാല്‍ പവന്റെ വില) സക്കാത്തായി(നിര്‍ബന്ധദാനം) നല്‍കുമ്പോള്‍ 4500 കോടി രൂപ പാവങ്ങളിലേക്ക് ഒഴുകും. വേറെ പലനിലയ്ക്കുമുള്ള ദാനധര്‍മങ്ങളും പരോപകാര പ്രവര്‍ത്തനങ്ങളും പലനിലയ്ക്കും നടക്കുന്നുണ്ട്. ഇത്രയും സൂചിപ്പിച്ചത് ഇസ് ലാം ഉണ്ടാക്കിയെടുത്ത ജനോപകാരപ്രദമായ ദാനശീലവും ഉദാരതയും വ്യക്തമാക്കാനാണ്. ഭൗതികമായൊന്നും പ്രതീക്ഷിക്കാതെ പരലോക രക്ഷ കാംക്ഷിച്ചുകൊണ്ടുള്ള ഈ ദാനശീലത്തിന്റെ മറ്റൊരു വലിയ ഉദാഹരണമാണ് മുസ് ലിംകള്‍ നടത്തുന്ന വഖ്ഫുകള്‍. മനുഷ്യ നന്മയ്ക്ക് വേണ്ടി പൊതുവിലും സമുദായ നന്മയ്ക്കു വേണ്ടി പ്രത്യേകമായും സ്വന്തം അധീനതയിലുള്ള സമ്പത്തും സ്വത്തുവകകളും എന്നെന്നേക്കുമായി നിരന്തര ദാനമായി നേര്‍ന്ന് നീക്കിവയ്ക്കുന്ന പുണ്യകര്‍മമാണ് വഖ്ഫ്. ഇതിലെറയും മുസ് ലിംകള്‍ കൈവശംവച്ചിരുന്ന അവരുടെ സ്വന്തം സ്വത്താണ്. വേറെ ചിലത് സദുദ്ദേശപൂര്‍വം സ്‌നേഹാദരവുകളോടെ മുസ് ലിംകള്‍ക്ക് ദാനമായി ലഭിച്ചിട്ടുള്ളതും ഉണ്ടാവാം. ആയത് നൂറ്റാണ്ടുകളായി മുസ് ലിംകള്‍ വഖ്ഫ് എന്ന നിലയ്ക്ക് കൈകാര്യം ചെയ്തു വരുന്നതുമാണ്. ദീര്‍ഘകാലം ഇവിടെ നിലനിന്ന ഹിന്ദു-മുസ് ലിം മൈത്രിയുടെ സന്തോഷകരമായ അടയാളങ്ങളാണവ. പൗരാണിക മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മി നിലകൊള്ളുന്ന മനോഹരമായ ദൃശ്യങ്ങളും ധാരാളമുണ്ട്(ഉദാ: തിരുവനന്തപുരം പാളയത്തെ ജുമാമസ്ജിദും തൊട്ടടുത്ത ക്ഷേത്രവും). സന്തോഷകരമായ സഹവര്‍ത്തിത്വത്തിന്റെ ധാരാളം നല്ല അടയാളങ്ങള്‍ ഭാവിയിലും നമ്മള്‍ക്ക് നല്ല പ്രചോദനമാവേണ്ടതുണ്ട്.
സ്വത്തുക്കളൊന്നും വഖ്ഫ് ബോര്‍ഡ് സമ്പാദിച്ചതോ ഉണ്ടാക്കിയതോ അല്ല
ഇന്ത്യന്‍ റെയില്‍വേയുടെ ഭൂസ്വത്തുക്കള്‍ കഴിഞ്ഞാല്‍ പിന്നെ ഏറെ ഭൂമിയുള്ളത് വഖ്ഫിന്റെതാണ്. കുറേ ഭൂമി പലനിലയ്ക്കും പലപ്പോഴായി നഷ്ടപ്പെട്ടിട്ടുമുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള വഖ്ഫ് മാനേജ്‌മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇപ്പോള്‍ 8,72,324 സ്താവര(Immovable) വഖ്ഫ് സ്വത്തുക്കളും 16713 ജംഗമ(movable) വഖ്ഫ് സ്വത്തുക്കളുമുണ്ട്. ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ മതിപ്പ് വിലയുള്ള 9 ലക്ഷത്തി നാല്‍പതിനായിരം ഏക്കര്‍ ഭൂമി വഖ്ഫായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതൊക്കെ പണ്ടുകാലം മുതല്‍ പല കാലങ്ങളില്‍ ഉണ്ടായതാണ്. ഇതൊന്നും വഖ്ഫ് ബോര്‍ഡ് സമ്പാദിച്ചതോ ഉണ്ടാക്കിയതോ അല്ല. വഖ്ഫ് ബോര്‍ഡ് ഇവയുടെ സംരക്ഷണാര്‍ഥം പിന്നീട് നിലവില്‍ വന്ന ഒരു ബോഡി മാത്രമാണ്. ചിലരുടെ വര്‍ത്തമാനങ്ങള്‍ വഖ്ഫ് ബോര്‍ഡ് സമ്പാദിച്ചതാണെന്ന പ്രതീതിയാണുളവാക്കുന്നത്. വഖ്ഫ് ബോര്‍ഡിനേക്കാള്‍ എത്രയോ ഏറെ പഴക്കമുള്ളതും നിരാക്ഷേപം ഉപയോഗിച്ചു വരുന്നതുമായ സ്വത്തുക്കളാണിവ. ഇത് പലനിലയ്ക്കും കൈയേറ്റം ചെയ്യപ്പെടുന്നതും പാഴാവുന്നതും തടയാന്‍ ഉദ്ദേശിച്ച പില്‍ക്കാലത്ത് ഉണ്ടാക്കിയതാണ് വഖ്ഫ് നിയമങ്ങളും വഖ്ഫ് ബോര്‍ഡും. വഖ്ഫിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്നതിനാല്‍ അത്തരം സ്വത്തുക്കളെ പ്രത്യേക ബഹുമാനത്തോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലത്തോളം പഴക്കമുള്ളതാണ് വഖ്ഫ് സംവിധാനം. ഖൈബറില്‍ നിന്ന് തനിക്ക് ലഭിച്ച വലിയ ഭൂസ്വത്ത് മുഴുക്കെ വഖ്ഫ് ചെയ്ത മഹാനായ ഉമറുല്‍ ഫാറൂഖ്(റ), മനോഹരമായ ബൈറൂഹ തോട്ടം വഖ്ഫ് ചെയ്ത അബൂത്വല്‍ഹ (റ), വളരെ വിലപ്പെട്ട റൂമാ കിണര്‍ പൊതുസമൂഹത്തിന് വേണ്ടി വഖ്ഫ് ചെയ്ത ഉസ്മാന്‍(റ), നബിയുടെ നിര്‍ദേശാനുസൃതം മാതാവിന്റെ പാരത്രിക നന്മയ്ക്കു വേണ്ടി ദാഹജല പദ്ധതി ഏര്‍പ്പെടുത്തിയ സഅദ് ബിനു ഉബാദ, ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും മറ്റും ഉപകരിക്കുമാറ് ത്വായിഫില്‍ നിന്ന് മക്കയിലേക്ക് നീളുന്ന 40 കിലോമീറ്ററോളം നീളമുള്ള ഐനുബൈദ എന്ന കനാല്‍ നിര്‍മിച്ച് വഖ്ഫ് ചെയ്ത ഹാറൂന്‍ റഷീദിന്റെ ഭാര്യ സുബൈദ, ബാഗ്ദാദില്‍ ബൈത്തുല്‍ ഹിക്മ എന്ന വിപുലമായ വിജ്ഞാന കേന്ദ്രം വഖ്ഫ് ചെയ്ത ഖലീഫ മഅ്മൂന്‍ റഷീദ്, കൈറോയിലും ജെറുസലമിലും മറ്റും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സുഗമമായ ഗതാഗത സാധ്യമാവുന്ന നല്ല നിരത്തുകള്‍, കിണറുകള്‍ ഉള്‍പ്പെടെ ജനോപകാരപ്രദമായ പലതും ഉണ്ടാക്കി വഖ്ഫ് ചെയ്ത സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങി നൂറുകണക്കിന് മഹാന്മാര്‍ വഖ്ഫിനെ ഉദാത്തരീതിയില്‍ പ്രയോഗവല്‍ക്കരിച്ച മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇന്ത്യയിലെ മുഗള്‍ ഭരണാധികാരികള്‍ ബ്രിട്ടീഷുകാരെ പോലെ ഇവിടുത്തെ സമ്പത്ത് കൊള്ളയടിച്ച് എങ്ങോട്ടെങ്കിലും കട്ടു കടത്തുകയല്ല ചെയ്തത്. മറിച്ച് നമ്മുടെ നാട്ടില്‍ തന്നെ ജനങ്ങള്‍ക്കെല്ലാം ഉപകരിക്കുന്ന വിധം ധാരാളം വഖ്ഫുകള്‍ ഏര്‍പ്പെടുത്തുകയാണ് ഉണ്ടായത്. ബോംബെ, കല്‍ക്കത്ത, ലക്‌നോ, ഭോപ്പാല്‍, മൈസൂര്‍, കൊച്ചി, ഡല്‍ഹി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഇന്നും ദശലക്ഷക്കണക്കിന് മനുഷ്യമക്കള്‍ക്ക് ഏറെ ഉപകരിക്കുന്ന ചെറുതും വലുതുമായ അനേകം വഖ്ഫുകളുണ്ട്. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല, പക്ഷിമൃഗാദി ജന്തുക്കളുടെ സംരക്ഷണാര്‍ഥം വരെ വഖ്ഫുകള്‍ ഉണ്ടായിട്ടുണ്ട്.
ഉത്തരേന്ത്യയിലെ നദ് വത്തുല്‍ ഉലമ(ലക്‌നോ) ദയൂബന്തിലെ അറബിക് കോളജ്, വെല്ലൂര്‍ ബാക്കിയാത്തു സ്വാലിഹാത്ത്, കോഴിക്കോട്ടെ ജെഡിറ്റി ഉള്‍പ്പെടെ നിരവധി വഖ്ഫുകള്‍ പതിനായിരങ്ങള്‍ക്ക് പലനിലയ്ക്കും ഉപയോഗപ്പെട്ടവയും ഇന്നും ഉപയോഗപ്പെടുന്നവയുമാണ്. മലബാറില്‍ കോളറ പടര്‍ന്നു പിടിക്കുകയും ക്ഷാമം, ദാരിദ്ര്യം എന്നീ കാരണങ്ങളാല്‍ ആളുകള്‍ പ്രയാസപ്പെട്ട ഘട്ടത്തില്‍ പഞ്ചാബിലെ ഖസൂരി സഹോദരന്മാര്‍ ഇവിടുത്തുകാര്‍ക്ക് വേണ്ടി നടത്തിയ വഖ്ഫാണ് ജെഡിറ്റി. കണ്ണൂരിലെ മായന്‍കുട്ടി എളയ മലബാറുകാര്‍ക്ക് ഹജ്ജിന് പോയാല്‍ താമസിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ വഖ്ഫായിരുന്നു മക്കയിലെ കേയിറുബാത്ത്, ശമശാനങ്ങള്‍, സത്രങ്ങള്‍, അനാഥാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങിയ പല വഖ്ഫുകളും നാട്ടിലുടനീളം പരന്നുകിടക്കുന്നുണ്ട്.
കെ കെ നായരെ പോലുള്ള കലക്ടര്‍മാര്‍ക്ക് നന്നായി 'കളി'ക്കാനുള്ള വകയുണ്ട്
നൂറ്റാണ്ടുകളായി നിരാക്ഷേപം നിലനിന്നുവരുന്ന, ബഹുജനങ്ങള്‍ പാവനമായ വഖ്ഫ് എന്ന നിലയ്ക്ക് പരിഗണിച്ചു വരുന്ന സംവിധാനങ്ങളുടെ അടിയാധാരം പരതിയാല്‍ ചിലപ്പോള്‍ കണ്ടെത്താനായില്ലെന്ന് വരാം. ഉള്ള രേഖകളുടെ സാങ്കേതിക ദര്‍ബല്യങ്ങള്‍ പൊക്കിപ്പിടിച്ചും മറ്റും തര്‍ക്കങ്ങള്‍ ഉന്നയിക്കാന്‍ സാധിച്ചെന്നും വരാം. ഇങ്ങനെ തര്‍ക്കം വരുമ്പോള്‍ അന്തിമ തീരുമാനമെടുക്കേണ്ട നിയമാനുസൃത ബോഡികളായ വഖ്ഫ് ബോര്‍ഡ്, വഖ്ഫ് ട്രൈബ്യൂണല്‍ എന്നിവയെ നിര്‍വീര്യമാക്കി അതില്‍ അന്തിമ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം കലക്ടര്‍മാര്‍ക്ക് നല്‍കുന്നതാണ് ഇപ്പോള്‍ ജെപിസിയുടെ പരിഗണനയിലുള്ള പുതിയ വഖ്ഫ് ഭേദഗതി നിയമം. 1948ല്‍ ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹം കൊണ്ടുവന്നിടുകയും തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഉന്നയിക്കുകയും ചെയ്തപ്പോള്‍, കുഴപ്പക്കാര്‍ക്കനുകൂലമായി നിന്ന് സങ്കീര്‍ണ സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിച്ച മലയാളിയായിരുന്ന മജിസ്‌ട്രേറ്റ് കെ കെ നായരെ പോലുള്ള കലക്ടര്‍മാര്‍ക്ക് നന്നായി 'കളി'ക്കാനുള്ള വകയാണ് പുതിയ ഭേദഗതി സ്യഷ്ടിക്കുന്നത്. ചുരുക്കത്തില്‍ വഖ്ഫ് സ്വത്തുകളിലും സംവിധാനങ്ങളിലും കലക്ടര്‍രാജ് നടത്തി പല വഖ്ഫുകളുടെയും സ്വഭാവവും ഘടനയും അട്ടിമറിക്കാനുള്ള ശ്രമമാണ് പുതിയ ബില്‍ വഴി മോദി സര്‍ക്കാര്‍ നടത്തുന്നത്. ഈ കൈയേറ്റം വഖ്ഫ് ബോഡിന്റെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും നേരെയുള്ള കൈയേറ്റമല്ല, മറിച്ച് ഒരോ പ്രദേശത്തേയും മസ്ജിദുകള്‍, മദ്‌റസകള്‍, ഖബര്‍സ്ഥാന്‍ തുടങ്ങിയ സംവിധാനങ്ങളെയും അവ പരിപാലിക്കുന്ന സുദീര്‍ഘ ഇസ് ലാമിക പാരമ്പര്യത്തിന്റെ തിരുശേഷിപ്പ് എന്ന് പറയാവുന്ന മഹല്ല് സംവിധാനത്തെയും വളരെ ദോഷകരമായി ബാധിക്കുന്ന ദ്രോഹകരമായ നീക്കമാണിത്. സിഎഎ, എന്‍എര്‍സി നിയമ നിര്‍മാണ നീക്കങ്ങള്‍ മുസ് ലിംകളെ വ്യക്തിപരമായിട്ടാണ് ബാധിക്കുക; അതിനെ നാം വളരെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ വഖഫ് ഭേദഗതി നിയമം ഇന്ത്യന്‍ മുസ് ലികളുടെ സംസ്‌കാരിക വ്യക്തിത്യത്തിന് നേരെയും പാരമ്പര്യത്തിന് നേരെയുമുള്ള കടുത്ത കൈയേറ്റം തന്നെയാണ്. ഇതിന്റെ വിനകളും ദൂഷ്യങ്ങളും ദൂരവ്യാപകവും മാരകവുമാണ്.
വഖ്ഫ് ബോര്‍ഡ്, വഖ്ഫ് ആക്റ്റ്; പിന്നെയും ഭേദഗതി എന്തിന്...?
1913ലാണ് വഖ്ഫ് ബോര്‍ഡുകള്‍ രൂപം കൊള്ളുന്നത്. 1923ലാണ് മുസല്‍മാന്‍ വഖ്ഫ് ആക്റ്റ് ഉണ്ടാവുന്നത്. സ്വാതന്ത്യാനന്തരം 1954 ല്‍ വഖ്ഫ് ആക്ട് കുറേക്കൂടി പരിഷ്‌ക്യത രീതിയില്‍ നടപ്പായി. പിന്നീട് ചില ഭേദഗതികള്‍ കൂടി വരുത്തി 1964ല്‍ ഒന്നുകൂടി പരിഷ്‌കരിച്ചു. 1995ല്‍ കൂറേകൂടി പരിഷ്‌കരണങ്ങളോടെ വഖ്ഫ് നിയമം നടപ്പിലായി. 1995ലെ ഈ ആക്റ്റിനെ അട്ടിമറിക്കും വിധമാണ് പുതിയ വഖ്ഫ് ഭേദഗതി ബില്ല്- 2024 രൂപം കൊണ്ടിട്ടുള്ളത്. വഖ്ഫ് ആക്റ്റ് 1995 എന്നതിനെ Unified Waqf Managment, Empowerment, Efficiency and Development Act(യൂനിഫൈഡ് വഖ്ഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്റ് ഡവലപ്‌മെന്റ് ആക്റ്റ്) എന്ന രീതിയില്‍ പുനര്‍നാമകരണം ചെയ്യുന്നതില്‍ തന്നെ ചതിക്കുഴികള്‍ ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. വഖ്ഫിന്റെ ഇസ് ലാമിക നിയമത്തെ നേര്‍പ്പിച്ച് അതിന്റെ പാവന സ്വഭാവവും ഘടനയും മതകീയ പ്രകൃതവും ഇല്ലാതാക്കാനുള്ള ദുഷ്ടലാക്ക് ഈ പുനര്‍നാമത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. വഖ്ഫ് സ്വത്തുകളില്‍ നടത്താനുദ്ദേശിക്കുന്ന കൈകടത്തലുകളെ നല്ലതെന്ന് തെറ്റിദ്ധരിച്ചേക്കാനിടയുള്ള, കബളിപ്പിക്കുന്ന പദാവലികളില്‍ പൊതിഞ്ഞവതരിപ്പിക്കുകയാണ്.
പഞ്ചവല്‍സരക്കാലമെങ്കിലും ഇസ് ലാം മതം ആചരിച്ചവര്‍ക്കേ വഖ്ഫ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. ഇസ് ലാമിന്റെ വിശാലമാനവികത മനസ്സിലാക്കി, ഇസ് ലാമിക ജീവിതത്തിന്റെ നന്മയും മേന്മയും ഗ്രഹിച്ച് സ്വമേധയാ ഇസ് ലാമിലേക്ക് കടന്നുവന്ന ഒരു വ്യക്തിക്ക് പൊതുനന്മലാക്കാക്കിയും തന്റെ പരലോക രക്ഷയ്ക്കുവേണ്ടിയും വഖ്ഫ് ചെയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് ഈ വ്യവസ്ഥ. അനാവശ്യമായ സങ്കീര്‍ണതകളുണ്ടാക്കുക എന്നതല്ലാത്ത ഒരു നന്മയും ഈ പുതിയ വ്യവസ്ഥയില്‍ ഇല്ല. വഖ്ഫ് പോലുള്ള സുപ്രധാനമായ ഇസ് ലാമിക വിഷയത്തില്‍ വ്യവസ്ഥകളുണ്ടാക്കുമ്പോള്‍ ഇസ് ലാമിക പണ്ഡിതന്മാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതല്ലേ?. വഖ്ഫിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കാനും സദുദ്ദേശപൂര്‍വം വഖ്ഫ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ അകറ്റാനുമാണിത് ഇടവരുത്തുക. അല്ലെങ്കില്‍ തന്നെ അഞ്ചുകൊല്ലമായി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന മുസ് ലിം ആണെന്നുള്ളത് ആര് നിര്‍ണയിക്കും?. എങ്ങനെ?.
വഖ്ഫ് സര്‍വേ സംബന്ധമായ വിഷയങ്ങള്‍, സര്‍വേ കമ്മീഷണറെ മാറ്റി കലക്ടറില്‍ നിക്ഷിപതമാക്കുന്നതാണ് ബില്ലിലെ മറ്റൊരു നിര്‍ദ്ദേശം. ഇത് വഖ്ഫ് സംരക്ഷണ വിഷയത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്ന ഒന്നാണ്. സാധാരണഗതിയില്‍ റവന്യൂ വകുപ്പ്, ആഭ്യന്തരവകുപ്പ് തുടങ്ങിയ വകയില്‍ നിത്യേനയെന്നോണം ധാരാളത്തിലേറെ ജോലിഭാരങ്ങളുള്ള കലക്ടറിലേക്ക് ഇത് മാറുന്നത് തികച്ചും അയുക്തികമാണ്. ഇത് കലക്ടര്‍ക്ക് അമിതഭാരം ആവുന്നതിന് പുറമെ കാലതാമസം ഉള്‍പ്പെടെ പലതിനും ഇടയാക്കും. വഖ്ഫ് തര്‍ക്കത്തില്‍ സര്‍ക്കാറാണ് കൈയേറ്റം നടത്തിയതെങ്കില്‍ തല്‍വിഷയത്തില്‍ ശരിയായ ഒരു തീരുമാനമെടുക്കാന്‍ കലക്ടര്‍ വളരെ പ്രയാസപ്പെടും. വഖ്ഫുകള്‍ കണ്ടെത്തി രേഖപ്പെടുത്താനുള്ള സര്‍വേയുടെ അധികാരവും പിന്നീടുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കലും ഒരു കേന്ദ്രത്തില്‍ തന്നെ ആവുന്നത് ശരിയല്ല. വാസ്തവത്തില്‍ വഖ്ഫ് ട്രൈബ്യൂണലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. അതാണ് ഇതേവരെ നടന്നതും. സര്‍വേ പ്രക്രിയയും തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കലും മറ്റും നീണ്ടുപോവാനാണ് ഇത് ഇടം നല്‍ക്കുക. ഈ കാലതാമസവും തല്‍ഫലമായുള്ള സങ്കീര്‍ണതകളും വഖ്ഫ് അപഹരിക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദവും വഖ്ഫ് യഥാവിധി സംരക്ഷിക്കുന്നതിന് പ്രതിബന്ധവുമാണ്. വഖ്ഫ് ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കിയും അതിന്റെ വിധി അന്തിമമല്ലാതാക്കിയും വ്യവഹാര സമയപരിധി ഒരു വര്‍ഷമെന്നത് രണ്ടാക്കി മാറ്റിയും വഖ്ഫ് കവര്‍ന്നെടുക്കുന്നവര്‍ക്ക് പഴുതും സൗകര്യവും കൂടുതലായി ലഭിക്കും. വഖ്ഫുകള്‍ ഫലത്തില്‍ ഉപയോഗശൂന്യമാകുമാറ് വ്യവഹാരങ്ങള്‍ നീണ്ടുപോവുകയും സങ്കീര്‍ണതകള്‍ വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല ട്രൈബ്യൂണലില്‍ നിര്‍ബന്ധമായും ഇസ് ലാമിക നിയമത്തില്‍ അവഗാഹമുള്ള വ്യക്തി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിട്ടുണ്ട്.
ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളുടെ ധര്‍മ സ്ഥാപനങ്ങള്‍
വഖ്ഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യല്‍ കേവല ചട്ടങ്ങള്‍ ഉപയോഗിച്ച് മാത്രം ഫലപ്രദമായി നടക്കില്ല. ഇസ് ലാമിന്റെ മൗലിക തത്വങ്ങളും അതിന്റെ പൊരുളും നന്നായി അറിഞ്ഞിരിക്കല്‍ കൂടി വളരെ ആവശ്യമാണ്. ഇസ് ലാമിക വിശ്വാസത്തില്‍ അവഗാഹമില്ലാത്തവരെ വഖ്ഫിന്റെ പരിപാലനമേല്‍പ്പിക്കല്‍ തികച്ചും തെറ്റാണ്. ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളുടെ ധര്‍മ സ്ഥാപനങ്ങള്‍ (Endowment) പരിപാലന സംവിധാനങ്ങളില്‍ അതാത് സമുദായം മാത്രമേയുള്ളൂ. എന്നാല്‍ വഖ്ഫ് വിഷയത്തില്‍ മാത്രം അങ്ങനെയല്ലെന്ന് വരുമ്പോള്‍ അത് പക്ഷപാതപരം തന്നെയാണ്. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും അമുസ് ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് സമത്വത്തിന് നിരക്കാത്തതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. പുതിയ നിര്‍ദിഷ്ട ബില്ല് അനുസരിച്ച് കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ ആകെയുള്ള 23 അംഗങ്ങളില്‍ 7 പേര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന അമുസ് ലിം വ്യക്തികളായിരിക്കും. വഖ്ഫ് പരിപാലനത്തില്‍ സുപ്രധാന റോളുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തസ്തികയിലേക്ക് മുസ് ലിമിനെ തന്നെ നിയമിക്കണമെന്നില്ല, ഒരു അമുസ് ലിമിനെയും നിയമിക്കാവുന്നതാണ്. ഇതൊക്കെയും അന്തിമ വിശകലനത്തില്‍ വഖ്ഫ് എന്ന പാവന സംവിധാനത്തെ പടിപടിയായി തകര്‍ക്കാനുള്ള സൂത്രങ്ങള്‍ മാത്രമാണ്.
വിറ്റു തുലയ്ക്കാതെ കാലാകാലം പിന്തുടര്‍ച്ചാവകാശികള്‍ താമസിച്ചും അനുഭവിച്ചും തെരുവാധാരമാവാതെ കഴിയാനുതകുന്ന വഖ്ഫ് അലല്‍ ഔലാദ് എന്ന വകുപ്പിനെയും ഫലത്തില്‍ ദുര്‍ബലപ്പെടുത്തുന്ന വകുപ്പുകള്‍ പുതിയ ബില്ലില്‍ ഉണ്ട്. ഈ ഇനം വഖ്ഫില്‍ പിന്തുടര്‍ച്ചാവകാശികള്‍ക്ക് അവകാശമുന്നയിക്കാം. പൂര്‍വികര്‍ പരലോക നന്‍മ കൂടി ലാക്കാക്കി സദുദ്ദേശത്തോടെ നടത്തിയ പ്രത്യേക ദാനം റദ്ദാക്കി തിരിച്ചെടുക്കാന്‍ ഇത് വഴിവയ്ക്കും. Once a Waqf, Always Waqf എന്ന വഖ്ഫിന്റെ പാവന നിര്‍വചനത്തെ പയ്യെ പയ്യെ ദുര്‍ബലപ്പെടുത്താനുള്ള സൂത്രമാണിതില്‍ ഒളിഞ്ഞിരിക്കുന്നത്. സമുദായത്തിലെ പ്രജകളെ തന്നെ ഇതിനായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണിത്. മുത്തലാഖ് നിരോധിച്ച് മുസ് ലിം സ്ത്രീകളുടെ സഹതാപവും പിന്തുണയും ആര്‍ജിക്കാമെന്ന അതേ ദുഷ്ടലാക്ക് ഇതിലും ഉണ്ട്. ആങ്ങളയ്ക്കും പെങ്ങള്‍ക്കും തുല്യവകാശം എന്ന് പറയുന്നതും ഇങ്ങനെ സമുദായത്തിന്റെ നേര്‍പകുതിയുടെ അനുഭാവം പിടിച്ചുപറ്റാം എന്ന വ്യാമോഹത്താലാണ്. മുസ് ലിം സമുദായത്തിന്റെ ആഭ്യന്തരഭദ്രതയും ആന്തരിക കരുത്തും മുസ് ലിം കുടുംബത്തിന്റെ ഐക്യത്തിലാണ്. മുസ് ലിം കുടുംബത്തെ ശിഥിലമാക്കിയാല്‍ മുസ് ലിം ഐക്യത്തെ ദുര്‍ബലമാക്കാന്‍ എളുപ്പമുണ്ട്. മുസ് ലിം ഐക്യത്തെ ഇല്ലാതാക്കാനും ദുര്‍ബലപ്പെടുത്താനും വഖ്ഫ് സംവിധാനത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. സുന്നി വഖ്ഫ്, ശിയാ വഖ്ഫ്, ആഗാഖാന്‍ വിഭാഗത്തിന്റെ വഖ്ഫ് എന്നിങ്ങനെയാണവ. ഫാഷിസ്റ്റുകള്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതൊക്കെയും ചെയ്യുന്നത് സദുദ്ദേശത്തോടെയാണെന്ന് മന്ദബുദ്ധികള്‍ പോലും കരുതുകയില്ല.
എത്ര പഴക്കമുണ്ടെങ്കിലും അത് കൃത്യമായും വഖ്ഫ് ആണെന്ന് തെളിഞ്ഞാല്‍ തിരിച്ചുപിടിച്ച് അതിന്റെ വഖ്ഫ് സ്വഭാവം വീണ്ടെടുക്കാന്‍ കാലഹരണം ബാധകമല്ലെന്ന ചട്ടം ഒഴിവാക്കി, പഴക്കത്തിന് കാലപരിധി ഏര്‍പ്പെടുത്തുന്നതാണ് പുതിയ ബില്ലിലെ മറ്റൊരു വ്യവസ്ഥ. ദീര്‍ഘകാലമായി അന്യായമായും അനധികൃതമായും വിലപ്പെട്ട വഖ്ഫ് ഭൂമി കൈവശം വയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കലാണിത്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വഖ്ഫ് സ്വത്തുക്കള്‍ പലയിടത്തും കൈയടക്കിവച്ചിട്ടുണ്ട്. അത്തരം കൈവശങ്ങള്‍ എല്ലാം നിയമാനുസൃതമാക്കാനുള്ള കുതന്ത്രം മാത്രമാണിത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്‍ ധാരാളം കൈയേറ്റങ്ങള്‍ നടന്നതായി പലനിലയ്ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പലതും സര്‍ക്കാര്‍ അധികാരികളുടെ മൗനാനുവാദത്തോടെയും ഒത്താശകളോടെയുമാണ്. ഇത് ഗൗരവപൂര്‍വം കാണേണ്ട വസ്തുതയാണ്. ഡല്‍ഹിയിലെ 685 വഖ്ഫ് കൈയേറ്റങ്ങളില്‍ 114 സ്വത്തുവകകള്‍ ഡല്‍ഹി വികസന വകുപ്പും(DDA) 172 സ്വത്തുക്കള്‍ പുരാവസ്തു വകുപ്പും 26 എണ്ണം വിവിധ സര്‍ക്കാര്‍ ഏജന്‍സികളും കൈയേറിയതാണ്. ന്യൂഡല്‍ഹിയിലെ ജിബി പന്ത് ഹോസ്പിറ്റല്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങി പലരും കൈയേറ്റം ചെയ്തവരുടെ പട്ടികയില്‍ പെടും. പ്രശസ്തമായ ഡല്‍ഹി ജുമാ മസ്ജിദ് വരെ കൈയേറ്റ ഭീഷണിയുടെ കരിനിഴലിലാണ്.
ധാരാളം വഖ്ഫ് സ്വത്തുക്കളുള്ള ആന്ധ്രപ്രദേശിലെ ഹൈദരാബാദ് ഹൈടെക് സിറ്റി ഉള്‍പ്പെടെ പല സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തിക്കുന്നത് വഖ്ഫ് ഭൂമിയിലാണെന്ന് മനസ്സിലാക്കുന്നു. ഹൈദരാബാദിലെ ഐഎസ്ബി, മൈക്രോസോഫ്റ്റ് പല കോര്‍പറേറ്റ് കമ്പനികളുടെ കാര്യാലയങ്ങള്‍, ടോളി ഗഞ്ച് ക്ലബ്ബ്, റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബ്ബ്, ബാംഗ്ലൂരിലെ ഐടിസി വിന്‍ഡ്‌സര്‍ ഹോട്ടല്‍ തുടങ്ങി പലതും വഖ്ഫ് കൈയേറ്റ കേസുകളിലും പരാതികളിലും പെട്ടതാണ്. ആന്ധ്രയില്‍ 81,000 ലേറെ ഏക്കര്‍ ഭൂമി, കര്‍ണാടകയില്‍ 135 വഖ്ഫ് സ്വത്തുകള്‍, ഹരിയാനയില്‍ 891 സ്വത്തുക്കള്‍, ബിഹാറില്‍ 94 സ്വത്തുകള്‍, കേരളത്തില്‍ 30ല്‍ പരം സ്വത്തുകള്‍ എന്നിങ്ങനെയാണ് കൈയേറ്റങ്ങള്‍ ഉണ്ടായ സ്വത്തുകള്‍.(കേരളത്തില്‍ താരതമ്യേന കുറവാണ്). മുംബൈയില്‍ അംബാനിയുടെ അംബരചുംബിയായ സൗധം വഖ്ഫ് ഭൂമിയിലാണുള്ളത്. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന റഹ്മാന്‍ഖാന്റെ നേതൃത്വത്തിലുള്ള ജെപിസി റിപോര്‍ട്ടിന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ച് വഖ്ഫ് സംരക്ഷണം പരമാവധി സുസാധ്യമാക്കാന്‍ മെനക്കെടാതെ പുതിയൊരു വഖ്ഫ് ബില്‍ കൊണ്ടുവന്ന് വഖ്ഫ് കൈയറ്റങ്ങളെയും അപഹരണങ്ങളെയും നിയമവിധേയമാക്കി (legitimise) കൊടുക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. വിഭജനാനന്തരം ഒട്ടേറെ വഖ്ഫ് സ്വത്തുക്കള്‍ പലനിലയ്ക്കും അന്യാധീനപ്പെട്ടപ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു മുന്‍കൈയെടുത്ത് 1954ല്‍ വഖ്ഫ് നിയമം കൊണ്ടുവന്ന് സംരക്ഷണം ഒരളവോളമെങ്കിലും സുസാധ്യമാക്കിയെങ്കില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വഖ്ഫ് അപഹരണങ്ങള്‍ക്ക് സാധൂകരണം നല്‍കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
മുതവല്ലിക്ക് യുഎപിഎ കേസ് വന്നാല്‍ ഭേദഗതിയില്‍ എന്തുപറയുന്നു...?
44 ഭേദഗതികളാണ് പുതുതായി അവതരിപ്പിച്ച ബില്ലില്‍ ഉള്ളത്. വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യത്തിന് പരമാധികാരമുള്ള വഖ്ഫ് ബോര്‍ഡുകളുടെ അധികാരം നിയന്ത്രിക്കല്‍, തര്‍ക്കങ്ങളില്‍ അന്തിമതീര്‍പ്പ് പറയാനുള്ള വഖ്ഫ് ട്രൈബ്യൂണലുകളുടെ അധികാരം ഇല്ലാതാക്കല്‍, മുതവല്ലിക്ക് യുഎപിഎ കേസ് വന്നുപെട്ടാല്‍ മുതവല്ലിയെ നീക്കാന്‍ സര്‍ക്കാറിനുള്ള അധികാരം(തങ്ങള്‍ക്ക് അഹിതകരമായ നിലപാടുള്ള മുതവല്ലിമാരുടെ പേരില്‍ യുഎപിഎ ചുമത്താനുള്ള വകയുണ്ടാക്കല്‍ സര്‍ക്കാറിന്ന് വളരെ എളുപ്പമുള്ള സംഗതിയാണല്ലോ). വഖ്ഫ് രജിസ്‌ട്രേഷന്‍ ജില്ലാ കലക്ടര്‍ മുഖേനയാക്കല്‍, ഇസ് ലാമിനോടും മുസ് ലിംകളോടുമുള്ള മമതയാല്‍ സദുദ്ദേശപൂര്‍വം പള്ളിക്കോ യത്തീംഖാനകള്‍ക്കോ മറ്റിതര സല്‍കാര്യങ്ങള്‍ക്കോ നല്ലവരായ അമുസ് ലിംകള്‍ വഖ്ഫ് പോലെ ദാനം ചെയ്യാറുണ്ടായിരുന്നു.(അങ്ങനെയാണല്ലോ ആദ്യ കാലത്ത് മസ്ജിദുകള്‍ പണിയാന്‍ പലേടങ്ങളിലും ഭൂമി ലഭിച്ചത്). ഇനിമേല്‍ അത്തരം വഖ്ഫ് ചെയ്യലിന്ന് സന്ദര്‍ഭമോ സൗകര്യമോ ഇല്ലാതാക്കല്‍, വാക്കാലോ പതിവായ ഉപയോഗത്താലോ വഖ്ഫ് ഉണ്ടാക്കാനുളള സൗകര്യം റദ്ദാക്കല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആറുമാസത്തിനകം വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നത് (ഇത് വഴി പല വഖ്ഫുകളെയും റദ്ദാക്കാനോ, ചുരങ്ങിയപക്ഷം പ്രശ്‌ന സങ്കീര്‍ണതകളില്‍ കുടുക്കാനോ സാധിക്കും. കൂടാതെ ഈ ബില്ലിന് പരോക്ഷമായെങ്കിലും മുന്‍കാല പ്രാബല്യം (Rterospective effect) ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിക്കും). കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നിര്‍ദേശിക്കുന്ന ഓഡിറ്ററോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ വഴി ഏത് വഖ്ഫ് വസ്തുവും ഏതവസരത്തിലും ഓഡിറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനുള്ള അധികാരം, ഓരോ വഖ്ഫ് സ്ഥാപനവും കേന്ദ്ര സര്‍ക്കാറിന് വരവ് ചെലവ് കണക്കുകളും അനുബന്ധമായ മറ്റ് വിവരങ്ങളും സമര്‍പ്പിക്കണമെന്ന ചട്ടം തുടങ്ങിയ സംഗതികളെല്ലാം ഒട്ടേറെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. ക്രിയാത്മകമായി സമുദായ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കാത്തവിധത്തില്‍ സമുദായത്തെ നിരന്തരം പ്രശ്‌ന സങ്കീര്‍ണതകളില്‍ കുടുക്കി മനോവീര്യം തകര്‍ക്കുക എന്ന വലിയ ഉപദ്രവമാണ് ബില്ലിലെ പല വ്യവസ്ഥകളും നിര്‍ദേശങ്ങളും വഴി ഫലത്തില്‍ ഉണ്ടാവുന്നത്. പതിനഞ്ച് ശതമാനത്തിലേറെ വരുന്ന ഇന്ത്യന്‍ മുസ് ലിംകളുടെ പുരോഗതി നാട്ടിന്റെ കൂടി പുരോഗിയാണെന്ന് മനസ്സിലാക്കാനുള്ള സന്മനസ്സും വിവേകവും ഇപ്പോഴത്തെ ഫാഷിസ്റ്റ് സര്‍ക്കാറിന്ന് തീരെയില്ലെന്ന വസ്തുത ഖേദകരവും വേദനാജനകവുമാണ്. നുറ്റാണ്ടുകളായി പല നിലയ്ക്കും വഖ്ഫായി ഉപയോഗിച്ചുവരുന്ന പല സ്ഥാപനങ്ങളും സംവിധാനങ്ങളും രേഖാമൂലം വഖ്ഫ് ചെയ്യാത്ത കല്‍പ്പിത വഖ്ഫ് സ്വത്തുക്കളും വഖ്ഫ് അല്ലാതായി മാറിയേക്കാനിടയുണ്ടെന്ന വസ്തുത സമുദായ നേത്യത്വവും മത സംഘടനകളും മഹല്ല് ഭാരവാഹികളും വളരെ ഗൗരവപൂര്‍വം തിരിച്ചറിയേണ്ടതുണ്ട്.
ബോര്‍ഡില്‍ ഇനിയെല്ലാവരും സര്‍ക്കാര്‍ നോമിനികള്‍
വഖ്ഫ് ബോര്‍ഡിന്റെ ജനാധിപത്യപരമായ സ്വഭാവം ഇല്ലാതാക്കി ഭരണകൂടത്തിന് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ബില്ലില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇലക്ടറല്‍ കോളജില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മുസ് ലിം എംഎല്‍എമാര്‍, മുസ് ലിം എംപി, മുതവല്ലിമാര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍, ബാര്‍ കൗണ്‍സിലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുന്ന മുസ് ലിം പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നതാണ് ബോര്‍ഡിലെ ഭൂരിപക്ഷം അംഗങ്ങളും. നിര്‍ദിഷ്ട ബില്ലില്‍ ഫലത്തില്‍ എല്ലാം സര്‍ക്കാര്‍ നോമിനികളായിരിക്കും. ജനാധിപത്യവിരുദ്ധമാണീ നിയമന സംസകാരം. കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന തല മ്പോര്‍ഡുകളിലും അടിമുടി അട്ടിമറികള്‍ നടത്താന്‍ ഉദ്ദേശിച്ചുള്ള പുതിയ ബില്‍ ഫലത്തില്‍ മഹല്ലുകളെയും പള്ളി കമ്മിറ്റികളെയും പ്രതികൂലമായി പലനിലയ്ക്കും ബാധിക്കാനിടയുള്ളതാണ്.
ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഇസ് ലാമിക ശരീഅത്തിന്റെ പ്രചോദനത്താല്‍ നിലവില്‍ വന്ന വഖ്ഫുകളെ കാലോചിതമായി ക്രമീകരിക്കുന്നെങ്കില്‍ അതില്‍ ശരീഅത്തിന്റെ വിധിവിലക്കുകള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. ഈ ബില്ലില്‍ അത് തീരെ പാലിക്കപ്പെട്ടിട്ടില്ല. മുസ് ലിം നേതാക്കളുമായോ പണ്ഡിതരുമായോ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. ജെപിസിയില്‍ സര്‍ക്കാറിന്റെ ആളുകള്‍ക്കാണ് ഭൂരിപക്ഷം. എന്തിനേറെ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ദീര്‍ഘകാലമായി സ്ഥിര സാന്നിധ്യമുള്ള മുസ് ലിംലീഗിന്റെ പ്രതിനിധി പോലുമില്ല.
ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, മതസ്ഥാപനങ്ങള്‍ ഉണ്ടാക്കാനും താങ്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടത്താനുള്ള അവകാശം തുടങ്ങി പലതിനെയും ഹനിക്കുന്നതും ദുര്‍ബലമാക്കുന്നതുമാണ് പുതിയ ബില്‍. എന്‍ആര്‍സി, സിഎഎ ബില്ലുകളെ പോലെ ഏറെ ഗൗരവത്തില്‍ കാണേണ്ടതാണ് ഈ ബില്ലും. ബാബരി മസ്ജിദ് അന്യായമായി തകര്‍ത്തതിനേക്കാള്‍ വേഗത്തില്‍ പള്ളികളെയും മദ്‌റസകളെയും മറ്റിതര സ്ഥാപനങ്ങളെയും തകര്‍ക്കലാണ് ഇതുവഴി നടക്കാന്‍ പോവുന്നത്. ഇനി ഒരു പള്ളിയും തകര്‍ക്കപ്പെടാതിരിക്കാന്‍ 1948 കട്ട് ഓഫ് ഡേറ്റായി നിശ്ചയിച്ച് സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു. ബാബരി ഒഴികെ മറ്റെല്ലാ പള്ളികള്‍ക്കും പഴയ പടി തുടരാന്‍ അനുവദിക്കുന്നതായിരുന്നു പ്രസ്തുത ബില്ല. എന്നിട്ടെന്തുണ്ടായി?. ഗ്യാന്‍വാപി ഉള്‍പ്പെടെയുള്ള പല പള്ളികള്‍ക്ക് നേരെയും കൈയേറ്റങ്ങള്‍ ഉണ്ടായി എന്നതാണനുഭവം. തൃണമൂല വിതാനത്തില്‍ മൊത്തം സമുദായത്തെ ഫലപ്രദമായി ബോധവല്‍ക്കരിച്ച് ഈ പുതിയ ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കണം. എല്ലാ ഭിന്നതകളും മറന്ന് സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
RELATED STORIES
ആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില്‍ എത്തിച്ചത് 41 കോടി; പിന്നില്‍ ലഹര്‍ സിങ്,...
1 Nov 2024 12:16 PM GMTലവ് ജിഹാദ് ആരോപിച്ച് മുസ്ലിം കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍
1 Nov 2024 10:47 AM GMTട്രെയിനിലെ ടോയ്ലറ്റ് അറപ്പുളവാക്കി; യാത്രക്കാരന് 30,000 രൂപ...
1 Nov 2024 9:58 AM GMT'പാലക്കാടന്‍ നൈറ്റ്' ഇന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
1 Nov 2024 9:23 AM GMT