Big stories

ഏക സിവില്‍കോഡ് രാജ്യവിരുദ്ധം; തെരുവിലിറങ്ങേണ്ട കാര്യമില്ലെന്ന് മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി

ഏക സിവില്‍കോഡ് രാജ്യവിരുദ്ധം; തെരുവിലിറങ്ങേണ്ട  കാര്യമില്ലെന്ന് മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി
X

കോഴിക്കോട്: വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും മുസ്‌ലിംകള്‍ മാത്രം പ്രതികരിക്കേണ്ട വിഷയമല്ലിതെന്നും മുസ് ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ന്യൂനപക്ഷഗോത്ര വിഭാഗം അടക്കം എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ട വിഷയമാണിതെന്നും തെരുവിലിറങ്ങി പോരാടേണ്ടതില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിനു ശേഷം പറഞ്ഞു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടേണ്ടി വരും. ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ആവശ്യമാണ്. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാവാന്‍ അനുവദിച്ചുകൂടാ. ഇക്കാര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. ഇത് സംബന്ധിച്ച് കോഴിക്കോട്ട് ഉള്‍പ്പെടെ സെമിനാറുകള്‍ നടത്താനും കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സമുദായ പ്രശ്‌നമായി കാണുന്ന പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാമക്ഷേത്രം, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കുശേഷം ഏക സിവില്‍ കോഡുമായി ബിജെപി രംഗത്തുവരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് മുസ് ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. വിവിധ മതവിഭാഗങ്ങള്‍, ആദിവാസി ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയവരെ ഇവ ആഴത്തില്‍ ബാധിക്കുന്നതാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 200 ലധികം ഗോത്ര വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം പ്രത്യേക സിവില്‍ നിയമങ്ങളും ഉണ്ട്. ജാര്‍ഖണ്ഡിലെ 30ഓളം സംഘടനകള്‍ ഏക സിവില്‍കോഡിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. മിസോറാം ഏക സിവില്‍ കോഡിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ 2016ല്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഏക സിവില്‍കോഡില്‍ നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബിജെപിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഹിന്ദു-മുസ് ലിം അജണ്ടയാക്കി മാറ്റുക എന്ന കേന്ദ്ര ഭരണകൂടത്തിന്റെ കേരള മോഡല്‍ നടപ്പാക്കാനാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോഴിക്കോട്ട് കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ആരംഭിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രക്ഷോഭവും നിയമപോരാട്ട സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗം ചര്‍ച്ച ചെയ്തതായാണു വിവരം. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസ്സമദ് സമദാനി, പി എം എ സലാം, ആബിദ് ഹുസയ്ന്‍ തങ്ങള്‍, കെ പി എ മജീദ്(മുസ് ലിം ലീഗ്), കൊയ്യോട് ഉമര്‍ മുസ് ല്യാര്‍, ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ് വി, എ വി അബ്ദുര്‍റഹ്മാന്‍ മുസ് ല്യാര്‍(സമസ്ത ഇകെ വിഭാഗം), പ്രഫ. എ കെ അബ്ദുല്‍ ഹമീദ്(സമസ്ത എപി വിഭാഗം), ടി പി അബ്ദുല്ല കോയ മദനി, ഹുസയ്ന്‍ മടവൂര്‍, ഷരീഫ് മേലേതില്‍(കെഎന്‍എം), എം കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂര്‍(ജമാഅത്തെ ഇസ് ലാമി), എം എം ബാവ മൗലവി, സി എ മൂസ മൗലവി, ഡോ. അഹമദ് കബീര്‍ ബാഖവി(ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), പി എന്‍ അബ്ദുല്ലത്വീഫ് മദനി, ടി കെ അഷ്‌റഫ്(വിസ്ഡം), ഡോ. ഇ കെ അഹമദ് കുട്ടി, സി പി ഉമ്മര്‍ സുല്ലമി(മര്‍കസുദ്ദഅ്‌വ), ഡോ. ഫസല്‍ ഗഫൂര്‍, സലാഹുദ്ദീന്‍(എംഇഎസ്), എഞ്ചിനീയര്‍ പി. മുഹമ്മദ് കോയ (എംഎസ്എസ്), അബുല്‍ ഖൈര്‍ ഖാസിമി (തബ് ലീഗ് ജമാഅത്ത്) തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it