Sub Lead

അതിവേഗം, അത്യപൂര്‍വം, അസാധാരണം...; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കൂട്ടവധശിക്ഷ വിമര്‍ശിക്കപ്പെടുന്നു

അതിവേഗം, അത്യപൂര്‍വം, അസാധാരണം...; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കൂട്ടവധശിക്ഷ വിമര്‍ശിക്കപ്പെടുന്നു
X

കോഴിക്കോട്: ആലപ്പുഴയില്‍ ബിജെപി നേതാവായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തിലെ വിചാരണയും വിധിയും പരക്കെ വിമര്‍ശിക്കപ്പെടുന്നു. രാജ്യത്ത് തന്നെ ഒരു രാഷ്ട്രീയ കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെല്ലാം വധശിക്ഷ വിധിക്കുന്നത് അത്യപൂര്‍വവും ഒരുപക്ഷേ, ആദ്യത്തെയും സംഭവമായാണ് കരുതപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്കു മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രിംകോടതി നിര്‍ദേശം പോലും കാറ്റില്‍പ്പറത്തിയാണ്, മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി 15 പേര്‍ക്കും കൂട്ട വധശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയവര്‍ക്കു പുറമെ ഗൂഢാലോചന നടത്തി, സഹായം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്. ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകമായ കെ എസ് ഷാന്‍അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ കൊലപാതകങ്ങളില്‍ തുടക്കം മുതല്‍ പോലിസും വിചാരണഘട്ടത്തില്‍ കോടതിയും കാണിച്ച വിവേചനമാണ് വിധിയിലും പുറത്തുവന്നതെന്നാണ് വിമര്‍ശനം. എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനമിടിച്ചു കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘം ജാമ്യത്തിലിറങ്ങി വിലസുമ്പോഴാണ്, അതിന്റെ പ്രതികാരമെന്ന് പ്രോസിക്യൂഷന്‍ തന്നെ അവകാശപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കൂട്ട വധശിക്ഷ വിധിക്കുന്നത്.

2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആറു വാഹനത്തിലെത്തിയ 12 പേരാണ് കൊലപാതകം നടത്തിയതെന്നാണു കേസ്. തലേന്ന് രാത്രി ആര്‍എസ്എസ് സംഘം ആസൂത്രിതമായി കൊലപ്പെടുത്തിയ ഷാന്‍ വധക്കേസിന്റെ പ്രതികാരമെന്നായിരുന്നു കുറ്റപത്രത്തിലും പറഞ്ഞിരുന്നത്. എന്നാല്‍, ഷാന്‍ വധക്കേസിലും രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലും പോലിസിന്റെയും കോടതിയുടെയും ഭാഗത്തുനിന്നുണ്ടായ വിചിത്രനീക്കങ്ങളാണ് നിയമവിദഗ്ധര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തുവെന്ന് ആരോപിക്കപ്പെട്ട ഒന്നു മുതല്‍ എട്ടുവരെയുള്ളവര്‍ക്കു പുറമെ സഹായം ചെയ്‌തെന്ന് പറയുന്ന ഒമ്പതു മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് ആരോപിക്കപ്പെട്ട മറ്റുള്ളവര്‍ക്കുമെല്ലാം കൂട്ടത്തോടെ വധശിക്ഷയാണ് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളിലേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രിംകോടതി നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് നേരിട്ട് പങ്കെടുക്കാത്തവര്‍ക്കും വധശിക്ഷ വിധിച്ചത്.

രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വ്യാപക റെയ്ഡ് നടത്തിയും കണ്ണില്‍ക്കണ്ടവരെയെല്ലാം പ്രതിചേര്‍ത്തുമാണ് കുറ്റപത്രം നല്‍കിയതെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. ആകെ 35 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒന്നാംഘട്ട വിചാരണയാണ് 15 പേര്‍ക്കെതിരേ നടത്തിയത്. എല്ലാവര്‍ക്കും വധശിക്ഷ നല്‍കിയതിലൂടെ കീഴ്‌ക്കോടതിയില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് വധശിക്ഷ വിധിക്കുന്ന കേസെന്ന അത്യപൂര്‍വതയുമുണ്ടായി. രണ്ടുവര്‍ഷത്തിലേറെയായി വിചാരണ നേരിടുന്ന പ്രതികള്‍ക്ക് ഒരുദിവസം പോലും ജാമ്യം നല്‍കിയിരുന്നില്ല. കേസുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിം യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച പോലിസ് സംഘം ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത് ഏറെ വിവാദമായിരുന്നു. പോലിസിനു പുറമെ ആലപ്പുഴ ബാര്‍ കൗണ്‍സിലും തുടക്കം മുതല്‍ കേസിനെ മുന്‍വിധിയോടെയാണ് കണ്ടത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകരെ തടയാനും ബഹിഷ്‌കരിക്കാനും വരെ നീക്കമുണ്ടായി. ആര്‍എസ്എസിന്റെ പോഷകസംഘടനയായ അഭിഭാഷക പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന രഞ്ജിത്ത് ശ്രീനിവാസനു വേണ്ടി ബാര്‍ കൗണ്‍സില്‍ പോലും പക്ഷപാതിത്വം കാട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. ജില്ലയിലെ തന്നെ മാവേലിക്കര സെഷന്‍സ് കോടതിയിലേക്കാണ് വിചാരണ മാറ്റിയത്. വിചാരണയ്ക്കിടയില്‍ തന്നെ നാടകീയമായ പല സംഭവങ്ങളുമുണ്ടായിരുന്നു. പ്രതിഭാഗം വക്കീല്‍ അന്തരിച്ചപ്പോള്‍ കേസ് മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിക്കാനായി ഒരു മാസത്തേക്ക് വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിറ്റേന്നത്തേക്കായിരുന്നു മാറ്റിയത്. കുറ്റാരോപിതരുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ, മുന്‍വിധിയോടെയാണ് പെരുമാറിയതെന്ന് അന്നുതന്നെ പ്രതിഭാഗം വിമര്‍ശിച്ചിരുന്നു.

വിധിയെ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കൊലപാതകം എന്ന് നിയമത്തിന്റെ ഭാഷയില്‍ പറയാനാവുമോ എന്നാണ് യുവ അഭിഭാഷകന്‍ അഡ്വ. അമീന്‍ ഹസന്‍ ചോദിക്കുന്നത്. വധശിക്ഷ നല്‍കുന്നത് നീതിയാണോ? മേല്‍ കോടതികള്‍ പുനപ്പരിശോധിക്കാനും തിരുത്താനും സാധ്യതയുള്ള വിധിയാണ്. അസാധാരണമായ വിധി സംഘപരിവാര്‍ പ്രചാരണങ്ങളെ സഹായിക്കുമെങ്കിലും എല്ലാവര്‍ക്കും വധശിക്ഷ വിധിച്ചത് മേല്‍ക്കോടതികള്‍ കൂടുതല്‍ സൂക്ഷ്മമായി കേസ് പരിഗണിക്കുന്നതിന് കാരണമാവും എന്ന് കരുതുന്നു. ആദ്യം കൊല്ലപ്പെട്ട ഷാന്‍ വധക്കേസില്‍ എന്ത് സംഭവിക്കും എന്നത് കൂടിയാണ് നമ്മുടെ അന്വേഷണ/വിചാരണാ സംവിധാനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളുടെയും നീതി ഉറപ്പാക്കുന്നുണ്ടോ എന്നത് തീരുമാനിക്കുന്ന മാനദണ്ഡമാവുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ സംബന്ധിച്ച് സുപ്രിംകോടതിയുടെ വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ തന്നെ നിയമപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും നിയമവിദഗ്ധന്‍ അഡ്വ. പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രകാരം നിലനില്‍ക്കുന്നതാണോയെന്ന് തീര്‍ച്ചയായും പരിശോധിക്കപ്പെടും. കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത പ്രതികള്‍ക്ക് പോലും വധശിക്ഷ നല്‍കിയെന്നത് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായതിന്റെ പരിധിയില്‍ വരുമോയെന്നതും പരിശോധിക്കേണ്ടതാണ്. ജീവപര്യന്തവും വധശിക്ഷയും രണ്ടും രണ്ടാണ്. അത്രയും അത്യപൂര്‍വ കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്നാണ് ഇന്ത്യന്‍ നീതിനായ വ്യവസ്ഥയുടെ കീഴ് വഴക്കമെന്നും അഡ്വ. പ്രിയദര്‍ശന്‍ തമ്പി വ്യക്തമാക്കി.

Next Story

RELATED STORIES

Share it