Big stories

മഞ്ചേശ്വരത്ത് ജയമുറപ്പിക്കാന്‍ യുഡിഎഫ്; ചാഞ്ചാട്ടം പ്രതീക്ഷിച്ച് എല്‍ഡിഎഫ്

പ്രതീക്ഷകള്‍ കൈവിട്ട് ബിജെപി

മഞ്ചേശ്വരത്ത് ജയമുറപ്പിക്കാന്‍ യുഡിഎഫ്; ചാഞ്ചാട്ടം പ്രതീക്ഷിച്ച് എല്‍ഡിഎഫ്
X

കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് മുസ് ലിം ലീഗ് ജയിച്ചുകയറിയിട്ടും നിയമപോരാട്ടത്തിന്റെ നൂലാമാലകളിലൂടെ മുള്‍മുനയില്‍ നിന്ന മണ്ഡലമാണ് മഞ്ചേശ്വരം. കാവിക്കൊടി പാറുമെന്ന് കരുതി മധുരം വിളമ്പാന്‍ തയ്യാറായി നിന്ന ബിജെപിക്ക് അവസാനനിമിഷം കൈവിട്ടതിന്റെ ജാള്യതയില്‍നിന്നാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം തന്നെയുണ്ടായത്. ഒടുവില്‍, കേസില്‍ തീരുമാനമാവുന്നതിനു മുമ്പ് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ മരണപ്പെട്ടതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് യുഡിഎഫും മുസ് ലിംലീഗും. വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയാവട്ടെ, ഇക്കുറി പ്രതീക്ഷകളെല്ലാം കൈവിട്ട മട്ടിലാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തമ്മിലടിയും പ്രചാരണത്തിലെ മെല്ലെപ്പോക്കുമെല്ലാം ബിജെപിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അവസരം മുതലെടുത്ത് നേരിയ തോതില്‍ ഹിന്ദുത്വം കളിക്കുകയും മുന്‍കാലത്തെ വോട്ട് തിരിച്ചുപിടിക്കുകയും ചെയ്താല്‍ മണ്ഡലം പിടിക്കാനാവുമെന്ന മോഹത്തിലാണ് എല്‍ഡിഎഫ്.

2016ല്‍ മുസ് ലിം ലീഗിലെ പി ബി അബ്ദുര്‍റസാഖ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വെറും 89 വോട്ടിനാണു തോല്‍പ്പിച്ചത്. തുടര്‍ന്ന് മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് പി ബി അബ്ദുര്‍ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വാദപ്രതിവാദങ്ങള്‍ തകൃതിയായതോടെ സുരേന്ദ്രന്റെ 'മരിച്ചവരു'ടെ ലിസ്റ്റിലെ പലരും കോടതിയില്‍ നേരിട്ടെത്തിയത് സുരേന്ദ്രനു തിരിച്ചടിയായി. എന്നാല്‍, കേസ് പൂര്‍ത്തിയാവുന്നതിനു മുമ്പ് 2018 ഒക്ടോബര്‍ 20ന് അബ്ദുര്‍ റസാഖ് എംഎല്‍എ മരണപ്പെട്ടു. റദ്ദുച്ചയെന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന അബ്ദുര്‍റസാഖിന്റെ മരണത്തിന് കൃത്യം ഒരു വര്‍ഷം പിന്നിടുന്ന ദിവസമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഈവരുന്ന ഒക്ടോബര്‍ 21നു മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് തങ്ങളുടെ എംഎല്‍എയ്ക്കു സ്മരണാഞ്ജലി നല്‍കാനും തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള പിന്തുണയുമായാണെന്നാണ് മുസ് ലിം ലീഗ് പ്രതീക്ഷിക്കുന്നത്.

മുസ്‌ലിംലീഗ് ജില്ലാ പസിഡന്റ് എം സി ഖമറുദ്ദീനാണ് കോണി അടയാളത്തില്‍ ഇക്കുറി വോട്ട് തേടുന്നത്. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്ന് നേരിയ എതിര്‍പ്പുകളുയരുകയും പാണക്കാട്ട് പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തിരുന്നെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണെന്ന് ബോധ്യപ്പെട്ടതോടെ പടലപ്പിണക്കങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളിലേതു പോലുള്ള ആവേശം പ്രചാരണ ക്യാംപുകളിലുണ്ടെന്നത് യുഡിഎഫിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. മാത്രമല്ല, നീണ്ടകാലത്തിനു ശേഷം കാസര്‍കോഡ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ജയിച്ചുകയറിയതിന്റെ ആവേശം അണികളിലും പ്രകടമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പൂര്‍ണമായും പ്രചാരണത്തിലുള്ളത് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കോണ്‍ഗ്രസ്-ലീഗ് അണികള്‍ക്കിടയില്‍ കൂടുതല്‍ ഐക്യത്തിനു കാരണമായിട്ടുണ്ട്. 1987, 1991, 1996, 2001 തിരഞ്ഞെടുപ്പുകളില്‍ ചെര്‍ക്കളം അബ്ദുല്ലയും 2011ലും 2016ലും പി ബി അബ്ദുര്‍റസാഖും ജയിച്ചുകയറിയ മഞ്ചേശ്വരത്ത് ഇക്കുറി ഭൂരിപക്ഷം വര്‍ധിപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. ഓരോ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാന്‍ അതീവജാഗ്രത വേണമെന്ന് സംസ്ഥാന നേതാക്കളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം, മാറിയ ദേശീയസാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ടുറപ്പിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി തന്നെ നേരിട്ടെത്തിയതും പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എസ്ഡിപിഐ, പിഡിപി തുടങ്ങിയവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതും മുന്‍കാലങ്ങളില്‍ സ്വീകരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സമീപനവും സഹായകമാവുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

1982 മുതല്‍ യുഡിഎഫ് തുടര്‍ച്ചയായി ജയിക്കുകയും ഇടതുപക്ഷം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത മഞ്ചേശ്വരത്ത് 2006ല്‍ സി എച്ച് കുഞ്ഞമ്പുവിലൂടെ നടത്തിയ അട്ടിമറിയാണ് സിപിഎം ഇക്കുറിയും പ്രതീക്ഷിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി രവീശ തന്ത്രി കുണ്ടാറിനെ തീരുമാനിച്ചതു മുതല്‍ എന്‍ഡിഎയിലുണ്ടായ തര്‍ക്കവും തമ്മിലടിയും മുതലെടുക്കുകയും കുറച്ച് ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കുകയും ചെയ്താല്‍ ജയം അകലെയല്ലെന്ന കണക്കുകൂട്ടലിലാണ്, അവസാന നിമിഷം സി എച്ച് കുഞ്ഞമ്പുവിനെ മാറ്റി എല്‍ഡിഎഫ് ശങ്കര്‍ റൈയെ കൊണ്ടുവന്നത്. ചരിത്രത്തിലില്ലാത്ത വിധം പൂജയും ക്ഷേത്രദര്‍ശനവുമെല്ലാം നടത്തിയുള്ള സ്ഥാനാര്‍ഥിയുടെ പ്രചാരണം തന്നെ ഹിന്ദുത്വവോട്ടുകള്‍ പെട്ടിയിലാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മതാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഹിന്ദു-മുസ് ലിം വോട്ടുകള്‍ സമാസമം നില്‍ക്കുന്ന മണ്ഡലത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹി കൂടിയായ ശങ്കര്‍ റൈയെ നിര്‍ത്തിയതിലൂടെ സിപിഎം പലതും ലക്ഷ്യമിടുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെത്തിയാണ് പ്രചാരണം കൊഴുപ്പിച്ചത്.

കഴിഞ്ഞ തവണ വിരലിലെണ്ണാവുന്ന വോട്ടിന് സുരേന്ദ്രന്‍ തോറ്റിടത്ത് ഇക്കുറി കനത്ത തിരിച്ചടിയാണ് ബിജെപി ഭയക്കുന്നത്. ശബരിമല, ഹിന്ദി ഭാഷാ വിവാദം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ബിജെപിയെ തിരിഞ്ഞുകുത്തുന്നത്. ശബരിമല യുവതി പ്രവേശനത്തില്‍ സംഘപരിവാരം കാണിക്കുന്ന ഇരട്ടത്താപ്പ്, ഹിന്ദി ഭാഷയെ ദേശീയഭാഷയാക്കണമെന്ന കേന്ദ്രവാദം സപ്തഭാഷാ സംഗമ ഭൂമിയെന്ന് വിളിക്കപ്പെടുന്ന മണ്ഡലത്തിലുള്ളവരിലുണ്ടാക്കിയ അമര്‍ഷം, ജിഎസ്ടിയുടെയും നോട്ടുനിരോധനത്തിന്റെയും കെടുതികള്‍ എന്നിവയെല്ലാം എന്‍ഡിഎയുടെ സാധ്യത മങ്ങാന്‍ കാരണമായിട്ടുണ്ട്. പ്രാദേശിക തലത്തിലെ തമ്മിലടി തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ചില സ്ഥലങ്ങളില്‍ അണികള്‍ കോണ്‍ഗ്രസിലേക്ക് പരസ്യമായി ചേക്കേറിയത സംഭവം. ഇത്തരം കാര്യങ്ങള്‍ കൊണ്ടെല്ലാം ബിജെപി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടാനാണു സാധ്യതയെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. ഏതായാലും ജനപ്രതിനിധിയില്ലാതെ ഒരു വര്‍ഷം നേരിട്ട വികസന മുരടിപ്പിന് അന്ത്യം കുറിക്കുന്നതിനൊപ്പം ഇടത്-വലത്-എന്‍ഡിഎ മുന്നണികള്‍ക്കു നിര്‍ണായകമാവും മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പെന്നതില്‍ തര്‍ക്കമില്ല.



Next Story

RELATED STORIES

Share it