Big stories

'ആനക്കൊല'യില്‍ മലപ്പുറത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി

മനേകാ ഗാന്ധിയുടെ അഭിമുഖത്തിനും ട്വീറ്റിനും പിന്നാലെ നിരവധി പേര്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്

ആനക്കൊലയില്‍ മലപ്പുറത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി
X

കോഴിക്കോട്: പാലക്കാടിനു സമീപം മണ്ണാര്‍ക്കാട്ട് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ തിന്നതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരേ വിദ്വേഷ പ്രചാരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി രംഗത്ത്. മലപ്പുറം ഇന്ത്യയിലെ അത്യന്തം അക്രമാസക്ത ജില്ലകളിലൊന്നാണ് എന്നാണ് എഎന്‍ ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മനേകാ ഗാന്ധി പറഞ്ഞത്. ''ഇത് കൊലപാതകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മലപ്പുറം കുപ്രസിദ്ധമാണ്. ഇന്ത്യയിലെ അത്യന്തം അക്രമാസക്തമായ ജില്ലയാണ് മലപ്പുറം. അവിടെയുള്ളവര്‍ റോഡുകളില്‍ വിഷം വലിച്ചെറിഞ്ഞതു കാരണം 300-400 പക്ഷികളെയും നായകളും ചത്തിട്ടുണ്ട്''. എന്നായിരുന്നു മനേകയുടെ ആരോപണം. 'മലപ്പുറം തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് പ്രസിദ്ധമാണ്. വന്യജീവികളെ കൊല്ലുവന്നവര്‍ക്കും വേട്ടക്കാരനുമെതിരേ ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. അതിനാലാണ് തുടരുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നും മനേക ഗാന്ധി ട്വീറ്റില്‍ പറയുന്നു.

കേരള സര്‍ക്കാരും വനംവകുപ്പും ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുന്നില്ല. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ഓളം ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മൂന്നു ദിവസത്തില്‍ ഒരു ആന കൊല്ലപ്പെടുന്നു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനോട് ഞാന്‍ സംസാരിക്കാറുണ്ടെങ്കിലും നടപടിയെടുക്കാറില്ലെന്നും മനേകാ ഗാന്ധി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ വനംവകുപ്പ് സെക്രട്ടിയെ നീക്കണം. ധാര്‍മികത ഉണ്ടെങ്കില്‍ വനംമന്ത്രി രാജിവയ്ക്കണം. തന്റെ മണ്ഡലത്തില്‍ നടന്ന ആനയുടെ കൊലപാതകത്തില്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും മനേകാ ഗാന്ധി ചോദിച്ചു.

മനേകാ ഗാന്ധിയുടെ അഭിമുഖത്തിനും ട്വീറ്റിനും പിന്നാലെ നിരവധി പേര്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it