Big stories

മലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട് ആവര്‍ത്തിച്ച് പത്മശ്രീ ജേതാവ് സി ഐ ഐസക്

മലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട് ആവര്‍ത്തിച്ച് പത്മശ്രീ ജേതാവ് സി ഐ ഐസക്
X

കോട്ടയം: മലബാര്‍ സമരനേതാക്കളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് പത്മശ്രീ ജേതാവ് ഡോ. സി ഐ ഐസക് വീണ്ടും രംഗത്ത്. മലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചരിത്രവസ്തുതകള്‍ കണക്കിലെടുത്താണെന്നും അതിന്റെ പേരിലല്ല പുരസ്‌കാരം കിട്ടിയതെന്നും സി ഐ ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്.

മലബാര്‍ സമരത്തെക്കുറിച്ച് നിഷ്പക്ഷമായിട്ടാണ് അന്വേഷണം നടത്തിയത്. സര്‍ക്കാര്‍ രേഖകളടക്കം എല്ലാ തെളിവുകളും പരിശോധിച്ചാണ് മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 382 പേരെയും സ്വാതന്ത്ര്യ സമര സേനാനി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊള്ള, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചാര്‍ത്തിയിരുന്നത്.

കലാപകാരികളെ അങ്ങനെ തന്നെ കാണണം. അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഉമാ ശങ്കര്‍ ദീക്ഷിത് അക്കാലത്ത് പാര്‍ലമെന്റില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ആര് ഭരിച്ചാലും എന്നെ ഈ ചുമതലയേല്‍പ്പിച്ചാല്‍ ഇതുതന്നെയായിരിക്കും താന്‍ എഴുതുക. മലബാര്‍ സമരം നടന്നാലും ഇല്ലെങ്കിലും തനിക്ക് പുരസ്‌കാരം ലഭിക്കും. അതിനെ മറ്റൊന്നുമായും കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്നും ഐസക് പറഞ്ഞു.

മുമ്പ് മലബാര്‍ സമരവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നപ്പോഴും ഇതേ പ്രതികരണം തന്നെയാണ് സി ഐ ഐസക് നടത്തിയത്. ചരിത്രം പഠിച്ച ശേഷമാണ് പ്രതികരണം നടത്തിയതെന്നായിരുന്നു ഐസക് വാദിക്കുന്നത്. തനിക്ക് വേദി ഒരുക്കിയത് ആര്‍എസ്എസ്സാണ്. വിദ്യാര്‍ഥി പരിഷത്ത് കാലം മുതല്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞത് ആര്‍എസ്എസ്സാണ്. തന്റെ വളര്‍ച്ചയുടെ മുഴുവനും ആര്‍എസ്എസ്സാണ്.

സംഘത്തെപ്പറ്റി ആരെങ്കിലും മോശമായി പറഞ്ഞാല്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണ് താന്‍. താനൊരു കൃസ്ത്യനാണ്. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവും. ആര്‍എസ്എസ് ന്യൂനപക്ഷ വിരോധികളാണെന്ന വാദം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് തന്റെ 50 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ നിന്ന് മനസ്സിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പത്മ അവാര്‍ഡ് അപ്രതീക്ഷിതമാണ്.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് പുരസ്‌കാരം തനിക്കാണെന്ന് മന്ത്രാലയത്തില്‍ നിന്ന് വിളിച്ചറിയിച്ചത്. പ്രഖ്യാപനത്തിന് ശേഷമാണ് കുടുംബത്തോട് പോലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ക്കാണ് സി ഐ ഐസക്കിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷമാണ് പുരസ്‌കാരം ലഭിച്ചത്.

Next Story

RELATED STORIES

Share it