Big stories

കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ബാലഗോകുലം വിവാദത്തില്‍, മുമ്പും ആര്‍എസ്എസ് പരിപാടിയില്‍ പോയിട്ടുണ്ടെന്നും പാര്‍ട്ടി തന്നെ വിലക്കിയിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബീനാ ഫിലിപ്പ് പറഞ്ഞത്. ഇക്കാര്യത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററോ സംസ്ഥാന നേതൃത്വമോ ഇതുവരെ മേയറുടെ വാക്കുകളെ തള്ളിപ്പറഞ്ഞിട്ടില്ല.

കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍ തെളിവുകള്‍ പുറത്ത്
X

കോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മേയറുമായ ഡോ. ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണെന്നു തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്റെ ബാലവിഭാഗമായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ ബീനാ ഫിലിപ്പിനെതിരേ സിപിഎമ്മിൽ നിന്ന് തന്നെ കടുത്തവിമർശനം നേരിടേണ്ടി വന്നിരുന്നു.


ബാലഗോകുലത്തിന്റെ മാതൃ സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തിലെ ശിശുപരിപാലനം ഉത്തരേന്ത്യയേക്കാള്‍ മോശമാണെന്ന് പ്രസംഗിച്ചിരുന്നു. ഇത് വിവാദമായതോടെ സിപിഎം മേയര്‍ ബീനാ ഫിലിപ്പിനെതിരേ നടപടിക്കൊരുങ്ങുകയാണ്. എന്നാല്‍, ആദ്യമായിട്ടല്ല ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്നതെന്നാണ് ചിത്രങ്ങളും റിപോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

ബാലഗോകുലം വിവാദത്തില്‍, മുമ്പും ആര്‍എസ്എസ് പരിപാടിയില്‍ പോയിട്ടുണ്ടെന്നും പാര്‍ട്ടി തന്നെ വിലക്കിയിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബീനാ ഫിലിപ്പ് പറഞ്ഞത്. ഇക്കാര്യത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററോ സംസ്ഥാന നേതൃത്വമോ ഇതുവരെ മേയറുടെ വാക്കുകളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനു കാരണം, മേയര്‍ മുമ്പും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നതില്‍ സത്യമുണ്ടെന്ന് തന്നെയാണ്. മാധ്യമങ്ങളില്‍ വിവാദമായപ്പോള്‍ മേയറെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വ്യക്തമാണ്.

2021 ഏപ്രിലില്‍ ആര്‍എസ്എസിന്റെ സഹസംഘടനയായ മയില്‍പ്പീലിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ പ്രമുഖര്‍ക്ക് കുട്ടികള്‍ വിഷുക്കൈനീട്ടം നല്‍കുന്ന പരിപാടിയിലും മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ആർഎസ്എസ് നേതാവും മയിൽപ്പീലി മാസികയുടെ സംയോജകനുമായ പി ടി പ്രഹ്ലാദൻ അടക്കമുള്ളവർ അന്ന് വേദിയിൽ സന്നിഹിതരായിരുന്നു. ഈ പരിപാടിയുടെ ചിത്രം കേസരി വാരികയുടെ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അമൃത മഹോൽസവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘപരിവാര നിയന്ത്രണത്തിലുള്ള കേരളത്തിലെ അമൃത മഹോൽസവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കേളപ്പജി ഉപ്പു സത്യഗ്രഹ സ്മൃതിയാത്രയിലും മേയര്‍ പങ്കാളിയായിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 13ന് രാവിലെ തളി മഹാദേവക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പദയാത്ര ഉദ്ഘാടനം ചെയ്തതും കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ആണ്. സംഘാടക സമിതി സംസ്ഥാന സെക്രട്ടറിയും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ എം ബാലകൃഷ്ണനായിരുന്നു മുഖ്യപ്രഭാഷകന്‍. സംഘപരിവാര സഹസംഘടനകളായ ഭാരതീയ വിചാരകേന്ദ്രം, സക്ഷമ നേതാക്കള്‍ക്കൊപ്പമാണ് അന്ന് വേദി പങ്കിട്ടത്.

അംഗപരിമിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ പോഷക സംഘടനയായ സക്ഷമ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതും മേയര്‍ ബീനാ ഫിലിപ്പ് ആയിരുന്നു. സക്ഷമ 2022 ആഗസ്തില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മലാപ്പറമ്പിലെ വേദവ്യാസ വിദ്യാലയത്തില്‍ നടന്ന കുടുംബസംഗമവും കലാമല്‍സരങ്ങളും ഉദ്ഘാടനം ചെയ്തത് മേയര്‍ ബീനാ ഫിലിപ്പ് ആണ്.


ജന്മഭൂമി കോഴിക്കോട് എഡിഷന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിലും മേയര്‍ പങ്കെടുത്തിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ അംബേദ്ക്കര്‍, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് അന്ന് വേദി പങ്കിട്ടത്. ചാലപ്പുറം കേസരി ഹാളിലായിരുന്നു പരിപാടി. ഇതേ സ്ഥലത്ത് നടന്ന സെമിനാറില്‍ മുസ് ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത് വിവാദമാവുകയും അതിനെ വിമർശിച്ച് സിപിഎം ഉള്‍പ്പെടെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന്റെയെല്ലാം ചിത്രങ്ങളും റിപോര്‍ട്ടും സംഘപരിവാര മാസികയായ കേസരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നൊന്നും നടപടിയെടുക്കാതെയിരുന്ന സിപിഎം ബാല​ഗോകുലം മതൃസമ്മേളനത്തിലെ ഉദ്ഘാടനം മാത്രം വിവാദമായപ്പോൾ എടുത്തിരിക്കുന്ന നടപടി അണികളിലും പ്രവർത്തകരിലും ഇപ്പോൾ ഉയർന്നിരിക്കുന്ന അമർഷത്തെ തണുപ്പിക്കാൻ വേണ്ടി മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് അടക്കമുള്ള നേതാക്കൾ നേരത്തേയും ആർഎസ്എസ് വേദിയൽ പോയിരുന്നെങ്കിലും സിപിഎം നടപടിയെടുത്തിരുന്നില്ല.

Next Story

RELATED STORIES

Share it