Big stories

കോടിയേരി ബാലകൃഷ്ണന്‍ മല്‍സരിക്കാന്‍ സന്നദ്ധന്‍; പാര്‍ട്ടിയ്ക്ക് വിമുഖത

കോടിയേരി ബാലകൃഷ്ണന്‍ മല്‍സരിക്കാന്‍ സന്നദ്ധന്‍; പാര്‍ട്ടിയ്ക്ക് വിമുഖത
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ അഞ്ചുപ്രാവശ്യം കോടിയേരിയെ നിയമസഭയിലെത്തിച്ച തലശ്ശേരിയില്‍ നിന്ന് മല്‍സരിക്കാനാണ് സാധ്യത. തലശ്ശേരി അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനും ലക്ഷ്യമിടുന്നു. മല്‍സരരംഗത്തുണ്ടാവില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ലോബിയിലെ ചിലരുടെ പ്രചാരണം കോടിയേരിയെ ചൊടിപ്പിച്ചിട്ടുണ്ട്. മല്‍സരരംഗത്തില്ലെന്ന പ്രത്യേക ലക്ഷ്യംവച്ചുള്ള പ്രചാരണവും തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്ന തിരിച്ചറിവാണ് കോടിയേരി മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് താന്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.

പക്ഷേ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കോടിയേരിയെ മല്‍സരിപ്പിക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. തലസ്ഥാനത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്ന ഒരു മുതിര്‍ന്ന സംസ്ഥാന കമ്മിറ്റിയംഗവും കോടിയേരി മല്‍സരിപ്പിക്കുന്നതിനോട് വിയോജിപ്പാണ്. കണ്ണൂരില്‍ നിന്നുള്ള സ്ഥാനാര്‍ഥി മോഹിയായ ഒരു കേന്ദ്രക്കമ്മിറ്റിയംഗമാണ് പാര്‍ട്ടി മുന്‍ സെക്രട്ടറിയെ മൂലക്കിരുത്താന്‍ അമിത താല്പര്യമെടുക്കുന്നത്്. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ തന്നെ പല നേതാക്കള്‍ക്കും മല്‍സരിക്കാന്‍ സീറ്റില്ലാത്ത പ്രശ്‌നമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വനിത നേതാക്കള്‍ക്കാണ് മല്‍സരരംഗത്ത് ഇത്തവണ ആധിപത്യമുള്ളത്.

പാര്‍ട്ടിയില്‍ ഇപ്പോള്‍ തീര്‍ത്തും അപ്രസക്തനായിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. എകെജി സെന്ററില്‍ രാവിലെ പോയിവരും, ശേഷം പാര്‍്ട്ടി ഫഌറ്റില്‍. ഇതാണ് ഇപ്പോഴത്തെ കോടിയേരിയുടെ ചര്യ. ഈ നിശബ്ദനാക്കലാണ് പിബി അംഗ കൂടിയായ കോടിയേരിയെ മല്‍സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. രണ്ട് പ്രാവശ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടിയെങ്കിലും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.

മക്കളായ ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും വിവാദ കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറി പദവി ഒഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്ന നിരീക്ഷണത്തിലാണ് പാര്‍ട്ടി സെക്രട്ടറിയെ മാറ്റിയത്. പക്ഷേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത് ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് കോടിയേരിയെ മാറ്റി നിര്‍ത്തുന്നത് എന്നാണ്.

മക്കളുടെ ദുര്‍നടപ്പാണ് പ്രശ്‌നമെങ്കില്‍ പാര്‍ട്ടിയില്‍ അത്തരം 'മക്കള്‍ പ്രശ്‌നം മറ്റുപലര്‍ക്കുമുണ്ടെന്നതും പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളതാണ്. മാത്രമല്ല, മക്കള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനെ നേരിടുമെന്ന് കോടിയേരിയുടെ മക്കളുടെ കേസില്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Next Story

RELATED STORIES

Share it