ഖഷഗ് ജി വധം: സൗദി കിരീടാവകാശിക്കെതിരേ വിശ്വസനീയമായ തെളിവുണ്ടെന്ന് യുഎന്‍ റിപോര്‍ട്ട്

100 പേജുള്ള റിപോര്‍ട്ട് ജൂണ്‍ 26ന് യുഎന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കും

ഖഷഗ് ജി വധം: സൗദി കിരീടാവകാശിക്കെതിരേ വിശ്വസനീയമായ തെളിവുണ്ടെന്ന് യുഎന്‍ റിപോര്‍ട്ട്

അങ്കാറ: സൗദി ഭരണകൂട വിമര്‍ശകനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിശ്വസനീയമായ തെളിവുണ്ടെന്നും അദ്ദേഹം അന്വേഷണം നേരിടണമെന്നും യുഎന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്. ക്രൂരമായ കൊലപാതകത്തില്‍ സൗദി അറേബ്യയ്ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കിരീടാവകാശിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയായിരുന്നുവെന്നും ആഗ്നസ് കാലമാര്‍ഡ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകം ആസൂത്രിതവും മുന്‍കൂട്ടി തയ്യാറാക്കിയതുമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അന്വേഷണ ഉദ്യോഗനായ പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഖഷഗ്ജിയെ വധിക്കാന്‍ വേണ്ടിയുള്ള സംഘം ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. വിവാഹരേഖകള്‍ ശരിയാക്കാനായി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത കൂട്ടാളിയായ മെഹര്‍ അബ്്ദുല്‍ അസീസ് മുത്‌റെബ് ഭീഷണിപ്പെടുത്തുന്നതും മൃതശരീരം ബാഗിലാക്കാമെന്ന് പറയുന്നതുമായ ഓഡിയോ സന്ദേശമുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ സൗദിയിലേക്ക് തിരിച്ചുപോവാമെന്നും അല്ലാത്തപക്ഷം നിങ്ങള്‍ ഊഹിക്കുന്നതിലുമേറെയായിരിക്കുമെന്നും മറുപടി പറയുന്നുണ്ട്. ഖഷഗ്ജിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കുന്നതിനെ കുറിച്ച് കൊലയാളി സംഘങ്ങള്‍ സംസാരിക്കുന്ന ഓഡിയോ സന്ദേശങ്ങളുടെ വിവരണങ്ങള്‍ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടു. മൃതദേഹത്തിനു നല്ല ഭാരമുണ്ടെന്നും ബാഗിനുള്ളിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ അതു പ്രശ്‌നമില്ലെന്നും ആദ്യം നിലത്തിട്ടു മുറിച്ച ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കിയാല്‍ പ്രശ്‌നം തീരുമെന്നും മറുപടി നല്‍കുന്നുണ്ട്. സൗദിയിലെ പ്രശസ്തനായ ഫോറന്‍സിക് ഡോക്ടറായ സലാഹ് മുഹമ്മദ് അബ്ദാഹ് തുബൈഗിയാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്. കോണ്‍സുലേറ്റില്‍ നടന്ന സംഭാഷണങ്ങളുടെ റെക്കോഡിങുകളില്‍ നിന്ന്, സൗദി ഉദ്യോഗസ്ഥര്‍ കൊലപാതകം നടത്താന്‍ റിയാദില്‍ നിന്ന് ഇസ്താംബുളിലെത്തുന്നതിനെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 'നാളെ സൗദി അറേബ്യയില്‍ നിന്ന് ഒരു കമ്മിഷന്‍ വരും. അവര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ എന്തൊക്കെയോ ചെയ്യാനുണ്ട്. അതിന് രണ്ടോ മൂന്നോ ദിവസമെടുക്കും' എന്നാണ് ഒക്ടോബര്‍ ഒന്നിന്, ഖഷഗ്ജി കൊല്ലപ്പെടുന്നതിന്റെ തലേന്ന് നടത്തിയ സംഭാഷണത്തിലുള്ളത്.

ഖഷഗ്ജിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതും ഉപദ്രവിച്ചതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കൊലപാതകത്തില്‍ സൗദി അറേബ്യയും തുര്‍ക്കിയും അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കാതെയാണ് അന്വേഷണം നടത്തിയത്. സൗദിയിലുള്ള 11 പ്രതികളുടെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം വിശ്വാസ്യതയില്‍ സംശയമുയര്‍ത്തുന്നതാണ്. കൊലപാതകത്തിലെ പങ്ക് തെളിഞ്ഞിട്ടും പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാനോ ഖഷഗ്ജിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കാനോ സൗദി ഭരണകൂടം തയ്യാറായിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15ഓളം പേരാണ് ഖഷഗ്ജിയുടെ മൃതദേഹം കൊണ്ടുപോയതെന്നു കാലമാര്‍ഡ് പറഞ്ഞു. യുഎന്‍ റിപോര്‍ട്ടിന്‍മേല്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരേ നടപടിയെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെടണമെന്ന് അമേരിക്ക ആസ്ഥാനമായുള്ള അത്‌ലാന്റിക് കൗണ്‍സില്‍ പ്രതിനിധി മാത്യു ബ്രിസ പറഞ്ഞു. നേരത്തേ, സിഐഎ ഉള്‍പ്പെടെയുള്ള പശ്ചിമരാഷ്ട്രങ്ങളിലെ അന്വേഷണ സംഘങ്ങള്‍ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 100 പേജുള്ള റിപോര്‍ട്ട് ജൂണ്‍ 26ന് യുഎന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കും. സൗദി അറേബ്യ ഉള്‍പ്പെടെ 47 രാഷ്ട്രങ്ങള്‍ യുഎന്‍ ഹ്യൂമണ്‍റൈറ്റ്‌സ് കൗണ്‍സിലില്‍ അംഗമാണ്. അതേസമയം, റിപോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ സൗദി ഭരണകൂടം തയ്യാറായിട്ടില്ല.RELATED STORIES

Share it
Top