Big stories

തൃത്താല യുദ്ധത്തിൽ ആര് ജയിച്ചു കയറും?, കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ രണ്ടുതവണ വിടി ബല്‍റാം വിജയിച്ച തൃത്താല ഇത്തവണ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്.

തൃത്താല യുദ്ധത്തിൽ ആര് ജയിച്ചു കയറും?, കണക്കുകൾ ഇങ്ങനെ
X

പാലക്കാട്: ഇടതുകോട്ടയെന്ന് സിപിഎം വിശേഷിപ്പിച്ചിരുന്ന തൃത്താല കോണ്‍ഗ്രസിന്റെ യുവനേതാവ് വിടി ബല്‍റാം 2011-ല്‍ പിടിച്ചെടുത്തതോടെയാണ് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മണ്ഡലം മാറിയത്. 2016-ലും വിടി ബല്‍റാം മണ്ഡലം നിലനിര്‍ത്തി. ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃത്താലയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ മുറുകി. തൃത്താല യുഡിഎഫിന്റെയും ഇടതുമുന്നണിയുടെയും അഭിമാനപ്രശ്‌നം കൂടിയാണ്.


പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് തൃത്താല. 1965 മുതല്‍ 1970 വരെയും 1980 മുതല്‍ 2006 വരെയും തൃത്താല നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.

കഴിഞ്ഞ രണ്ടുതവണ വിടി ബല്‍റാം വിജയിച്ച തൃത്താല ഇത്തവണ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്. സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരിലുണ്ടായ വാഗ്വാദത്തെത്തുടര്‍ന്ന് സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ ബല്‍റാമിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഇപ്പോഴും തുടരുന്നുമുണ്ട്.

ഇടതിന്റെ സ്വന്തം എംബി

മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എംപി എംബി രാജേഷ് ഇടതുസ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് മൽസരം വീണ്ടും വീറുറ്റതായത്. പതിവ് ശൈലിവിട്ട് വലിയ രീതിയിലുള്ള പ്രചാരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജേഷിനായി നടത്തുന്നത്. 2011-ല്‍ നഷ്ടപ്പെട്ട മണ്ഡലം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന വാശിയിലാണ് പ്രവര്‍ത്തകര്‍. ശ്രദ്ധേയനായ നേതാവിനെ തൃത്താലയ്ക്കു ലഭിച്ചതോടെ ഇടതുക്യാംപിലും വലിയ ഉണര്‍വാണ്.

ബലവാനായ ബല്‍റാം

പത്തുവര്‍ഷത്തെ പ്രവര്‍ത്തനവും മണ്ഡലക്കാരനെന്ന പരിചയ സമ്പന്നതയും നേട്ടം. തൃത്താലയില്‍ പത്തുവര്‍ഷം കൊണ്ടുവന്ന വികസനനേട്ടങ്ങള്‍ തന്നെയാണ് പ്രചാരണവിഷയവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴുപഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് യുഡിഎഫിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി നാലുപഞ്ചായത്തുകളില്‍ ഭരണംകിട്ടിയതും യുഡിഎഫിന് പ്രതീക്ഷയാണ്.

സാമ്പത്തിക സംവരണത്തെ എതിർത്ത ഏക കോൺ​ഗ്രസ് എംഎൽഎ എന്ന ഖ്യാതിയും ബലറാമിനുണ്ട്. അതേസമയം സാമ്പത്തിക സംവരണത്തെ അത്രയേറെ ന്യായീകരിച്ച് രം​ഗത്തുവന്ന ഇടത് നേതാക്കളിൽ ഒരാളാണെന്നത് തന്നെ മൽസരത്തിന്റെ മാനം വർധിപ്പിക്കുന്നു. സാമ്പത്തിക സംവരണമടക്കം ചർച്ച ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ​ഗതിയെ നിർണയിക്കുമെന്നതിൽ തർക്കമില്ല.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദൽ എന്ന മുദ്രാവാക്യവുമായാണ് എസ്ഡിപിഐ മണ്ഡലത്തിൽ മൽസര രം​ഗത്തുണ്ട്. എംകെ അബ്ദുൽ നാസാറാണ് എസ്ഡിപിഐയെ പ്രതിനിധീകരിച്ച് മൽസര രം​ഗത്തുള്ളത്.

തൃത്താലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപി അവരുടെ അജണ്ടയിൽ ഇല്ലെന്ന് തന്നെയാണ് കഴിഞ്ഞ കാലങ്ങളിലെ വോട്ട് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 10.5 ശതമാനം വോട്ടാണ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. 16.7 ശതമാനമായി വോട്ട് ശതമാനം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉയർത്താനായെങ്കിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പോടെ 13.1 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. തൃത്താല മാറ്റിയെടുക്കുമെന്ന പ്രചാരണമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ശങ്കു ടി ദാസ് മുഖ്യമായും നടത്തുന്നത്.

Next Story

RELATED STORIES

Share it