Big stories

വടക്കൻ കർണാടകവും മുങ്ങുന്നു; കുടകിൽ രണ്ടിടത്തായി ഉരുൾപൊട്ടൽ

കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. ഗാതാഗത സംവിധാനങ്ങള്‍ താറുമാറായി. സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വടക്കൻ കർണാടകവും മുങ്ങുന്നു; കുടകിൽ രണ്ടിടത്തായി ഉരുൾപൊട്ടൽ
X

ബെംഗളുരു: വടക്കന്‍ കര്‍ണാടകയിലും മലനാടന്‍ ജില്ലകളിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും 9 മരണം. ബെലഗാവി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ ജില്ലകളിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്.

കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. ഗാതാഗത സംവിധാനങ്ങള്‍ താറുമാറായി. സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭാഗമണ്ഡലയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് രണ്ട് പേർ മരിച്ചത്. ഇവിടെ എട്ട് പേർ മണ്ണിനടിയിൽ പെട്ടതായി സംശയിക്കുന്നു. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.

മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കർണാടകത്തിൽ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. വടക്കൻ കർണാടകത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മതിയായ സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ഉണ്ട്. കർണാടകത്തിന് അടിയന്തര സഹായമായി കേന്ദ്രം 126 കോടി രൂപ അനുവദിച്ചു.

ബെംഗളൂരു പുനെ ദേശീയപാത കോലാപൂരിന് സമീപം തകര്‍ന്നതിനെത്തുടര്‍ന്ന് ബെളഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ചാര്‍മാടി ചുരം അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ ചുരത്തില്‍ പലയിടങ്ങളിലായി 100 കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ബെളഗാവി, ബാഗല്‍കോട്ട്, വിജയാപുര, റായ്ചൂര്‍, ഹുബ്ബള്ളി, ധാര്‍ഡവാട് , ചിക്കൊഡി, കാര്‍വാര്‍ ജില്ലകളില്‍ മിക്ക പ്രദേശങ്ങളും നാല് ദിവസമായി വെള്ളത്തിനടിയിലാണ്.

Next Story

RELATED STORIES

Share it