Big stories

വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു, ലൈബ്രറി തകര്‍ത്തു; ജാമിഅയിലെ പോലിസ് അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു, ലൈബ്രറി തകര്‍ത്തു; ജാമിഅയിലെ പോലിസ് അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)
X


ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലിസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലൈബ്രറിയിലെ റീഡിങ് ഹാളില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയും ലൈബ്രറി തച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. എംഎ/എം ഫില്‍ സെക്്ഷനില്‍ നിന്നുള്ളതാണ് വീഡിയോ. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലിസിന്റെ ആക്രമണമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'ലജ്ജ തോന്നുന്നു, ഡല്‍ഹി പോലിസ്' എന്നാണ് ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

2019 ഡിസംബര്‍ 15 ഞായറാഴ്ച വൈകീട്ടോടെയാണ് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം ഉണ്ടായത്. സര്‍വകലാശാല അധികൃതരുടെ അനുവാദമില്ലാതെ പോലിസ് കാംപസില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവം പോലിസ് പലതവണ നിഷേധിച്ചിരുന്നു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പോലിസ് നടപടിയില്‍ പരുക്കേറ്റിരുന്നത്. ലൈബ്രറിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് വെടിയേറ്റ പരുക്കുകളുമായും രണ്ടുപേരെ ഡല്‍ഹിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, വെടിവയ്പ് ഉണ്ടായില്ലെന്നാണ് പോലിസിന്റെ വാദം. നിരവധി വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ പോലിസ് ആസ്ഥാനത്ത് എത്തി പ്രതിഷേധിച്ചപ്പോഴാണ് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെ വിട്ടയച്ചത്. തുടര്‍ന്ന് പോലിസ് നടപടിക്കെതിരേ പ്രതിഷേധമുയരുകയും നിരവധി ക്യാംപസുകള്‍ സമരവുമായി മുന്നോട്ടുവരികയും ചെയ്തിരുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്രനിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.



Next Story

RELATED STORIES

Share it