Big stories

ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; മരണം 26 ആയി, പരിക്കേറ്റവര്‍ 700ലേറെ

അതിനിടെ, ഗസ ഗേറ്റിനു സമീപം കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആഹ്വാനം ചെയ്തു. 5,000ത്തോളം ആഭ്യന്തര സൈനികരെ അണിനിരത്താനാണ് ബെന്നി ഗാന്റ്‌സ് ഉത്തരവിട്ടത്.

ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; മരണം 26 ആയി, പരിക്കേറ്റവര്‍ 700ലേറെ
X

ഗസ: റമദാന്‍ 27നു രാത്രിയില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യവും പോലിസും ചേര്‍ന്നു നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ ഗസയില്‍ രണ്ടാമതും വ്യോമാക്രമണം. ചൊവ്വാഴ്ച രാവിലെ ഇസ്രായേല്‍ സൈന്യം ഗസ മുനമ്പില്‍ റോക്കറ്റ് ഉപയോഗിച്ച് ബോംബാക്രമണം നടത്തി.

ഗസ സിറ്റിയുടെ റിമല്‍ പരിസരത്തുള്ള ഒരു പാര്‍പ്പിട സമുച്ഛയത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കൊല്ലപ്പെട്ട രണ്ടുപേരും ഇസ് ലാമിക് ജിഹാദ് കമാന്‍ഡര്‍മാരാണെന്നു തിരിച്ചറിഞ്ഞതായി മൂന്നാമതൊരു കമാന്‍ഡറിന് ഗുരുതരമായി പരിക്കേറ്റതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റ അഞ്ച് സിവിലിയന്മാരെ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റ രാത്രിയില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം 700ലധികം ഫലസ്തീനികള്‍ക്കാണ് പരിക്കേറ്റത്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സാ പള്ളി വളപ്പില്‍ നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസ് അന്ത്യശാസനം നല്‍കിയതിനെ പിന്നാലെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. വിശുദ്ധ റമദാന്‍ മാസത്തിലെ അവസാന ദിവസങ്ങളില്‍ അഖ്‌സാ പള്ളിയില്‍ ഒത്തുകൂടിയ ഫലസ്തീനികള്‍ക്കെതിരേ സ്റ്റണ്‍ ഗ്രനേഡുകള്‍, കണ്ണീര്‍ വാതകം തുടങ്ങിയവ ഉപയോഗിച്ചാണ് ഇസ്രായേല്‍ പോലിസും സൈന്യവും ആക്രമണം തുടങ്ങിയത്.

അതിനിടെ, ഗസ ഗേറ്റിനു സമീപം കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആഹ്വാനം ചെയ്തു. 5,000ത്തോളം ആഭ്യന്തര സൈനികരെ അണിനിരത്താനാണ് ബെന്നി ഗാന്റ്‌സ് ഉത്തരവിട്ടത്.

Israel launches new air raids on besieged Gaza Strip

Next Story

RELATED STORIES

Share it