Big stories

ഗസയില്‍ തീതുപ്പി ഇസ്രായേല്‍; മരണസംഖ്യ 1600 കടന്നു

ഗസയില്‍ തീതുപ്പി ഇസ്രായേല്‍; മരണസംഖ്യ 1600 കടന്നു
X

തെല്‍അവീവ്: 'തൂഫാന്‍ അല്‍അഖ്‌സ' പ്രത്യാക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ ഗസയിലും സമീപപ്രദേശങ്ങളിലും നടത്തുന്ന വ്യോമാക്രമണം തുടരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബ് വര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കുതിക്കുകയാണ്. ഇരുപക്ഷത്തുമായി മരണപ്പെട്ടവരുടെ എണ്ണം 1600 കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗസയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും മാത്രം 700 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 140 കുട്ടികളുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാംപില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ആക്രമണം നടത്തി. നിരവധി വീടുകളും കെട്ടിടങ്ങളും നാമാവശേഷമായി. അതിനിടെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ല കൊല്ലപ്പെട്ടു. മൂന്ന് ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസയില്‍ തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമ പ്രവര്‍ത്തകരമായ സയീദ് അല്‍ തവീല്‍, മഹ്മൂദ് സൊഭ് എന്നിവരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

അതിനിടെ, ഇസ്രയേല്‍ യുദ്ധത്തിലാണെന്നും ഞങ്ങള്‍ ഇത് ആഗ്രഹിച്ചതല്ലെന്നും ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധം തുടങ്ങിവച്ചത് ഇസ്രായേല്‍ അല്ല. പക്ഷേ, ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കല്‍ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും. ഐഎസിനെ പരാജയപ്പെടുത്താന്‍ സാമൂഹിക ശക്തികള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രായേലിനെ പിന്തുണയ്ക്കണം. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് യുഎസ് പ്രസിഡന്റ് ബൈഡനോട് നന്ദി അറിയിക്കുന്നതായും നെതന്യാഹു പറഞ്ഞു. അതിനിടെ, ഗസയിലെ ആശുപത്രികളിലേക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ സുരക്ഷിതമായ ഇടനാഴി വേണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it