- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്‌റാഅ്, മിഅ്‌റാജ്: ചരിത്രവും പാഠങ്ങളും

പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതത്തിന്റെ ഒടുവില്‍ സംഭവിച്ച അത്യദ്ഭുത സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഒരേ സംഭവത്തിന്റെ രണ്ടു ഘട്ടങ്ങള്‍. നബി(സ)യുടെ രഹസ്യവും പരസ്യവുമായ പ്രബോധനം മുന്നോട്ടുപോകുന്നതിനനുസരിച്ച്, മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിലേക്ക് ആളുകള്‍ കുറേശ്ശെ കുറേശ്ശെ കടന്നുവന്ന്, സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ആദര്‍ശത്തിന് സര്‍വാത്മനാ സമര്‍പ്പിച്ചവരുടെ (മുസ്‌ലിംകള്‍) എണ്ണം കൂടിവരുകയായിരുന്നു. ഇതിനനുസരിച്ച് പ്രതിയോഗികളുടെ നാനാവിധ എതിര്‍പ്പുകളും കൂടിക്കൂടിവന്നു. ഈ ഘട്ടങ്ങളിലെല്ലാം നബിക്ക് രണ്ടുപേരുടെ പിന്തുണ വലിയ ആശ്വാസമായിരുന്നു: ഒന്ന്, നബിയുടെ പ്രിയപത്‌നി ഖദീജ(റ)യുടെ പിന്തുണ. മറ്റൊന്ന് നബിയുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ താങ്ങും തണലും.
അബൂത്വാലിബ് സത്യവിശ്വാസം ഉള്‍ക്കൊണ്ടിരുന്നില്ലെങ്കിലും സഹോദരപുത്രനായ മുഹമ്മദിനെ അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഒരു ദശകക്കാലം നബിക്ക് വലിയ പിന്‍ബലമായിരുന്നു ഈ രണ്ടു വ്യക്തികളും നല്‍കിപ്പോന്നിരുന്നത്. നുബുവ്വത്തിന്റെ പത്താം വര്‍ഷം രണ്ടു പേരും ഇഹലോകവാസം വെടിഞ്ഞു. ഈ വര്‍ഷത്തെ ചരിത്രകാരന്മാര്‍ സങ്കട വര്‍ഷം (ആമുല്‍ ഹുസ്ന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. നബി (സ) വളരെ ഖിന്നനായിരുന്നു. താങ്ങും തണലും നഷ്ടപ്പെട്ട ഈ ഘട്ടത്തില്‍ ആദര്‍ശ ശത്രുക്കള്‍ നബിക്കെതിരേ നടത്തിവന്ന നാനാവിധ എതിര്‍പ്പുകള്‍ക്ക് വീണ്ടും ശക്തി കൂടി. നബിയാകട്ടെ തന്നെ തള്ളിപ്പറയുന്നവരോടുള്ള ഗുണകാംക്ഷയാല്‍ അവര്‍ക്കു വേണ്ടി ഓടിക്കിതച്ച് പ്രബോധന പ്രവര്‍ത്തനവും മറ്റും നടത്തി സ്വന്തത്തെ തുലയ്ക്കുമാറ് (സൂറ: അല്‍കഹ്ഫ് 6) നിരന്തരം ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പലവിധ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തിലാണ് നബിക്ക് ആശ്വാസവും ആവേശവും പകര്‍ന്ന് മിഅ്‌റാജ് സംഭവിക്കുന്നത്.
ഗുണപാഠ പ്രധാനവും ആവേശദായകവുമായ അത്യദ്ഭുത കാഴ്ചകള്‍ക്കും ദൃഷ്ടാന്തങ്ങള്‍ക്കും സാക്ഷിയാവുക വഴി നബിയുടെ ഉള്‍ക്കരുത്തും ഉള്‍ക്കാഴ്ചയും വര്‍ധിച്ചു; അത് മനക്കരുത്തും ധൈര്യവും പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ അദ്ഭുത സംഭവത്തിന്റെ വിവരങ്ങള്‍ ഇരുപത്തഞ്ചോളം പ്രബല നിവേദനങ്ങളിലൂടെ ഹദീസുകളില്‍ വന്നിട്ടുണ്ടെന്ന് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. പ്രസ്തുത വിവരണങ്ങളുടെ ആകത്തുക ഏതാണ്ട് താഴെ പറയും പ്രകാരം സംക്ഷേപിക്കാം:
നബി (സ) കഅ്ബാലയത്തിന്റെ ചാരത്ത് വിശ്രമിക്കവെ, ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ജിബ്‌രീല്‍ (അ) വന്നു. ബുറാഖ് എന്ന പ്രത്യേക വാഹനത്തിന്മേല്‍ മക്കയില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് അതിശീഘ്രം കൊണ്ടുപോയി(ബര്‍ഖ് എന്ന അറബി പദത്തിന് മിന്നല്‍ എന്നാണര്‍ഥം. മിന്നല്‍ വേഗത്തില്‍ പോയതിനാലായിരിക്കാം പ്രസ്തുത വാഹനത്തിന് ബുറാഖ് എന്ന് നാമം വന്നത്). മസ്ജിദുല്‍ അഖ്‌സ്വായുടെ ഒരു തൂണില്‍ വാഹനം ബന്ധിച്ചതിനു ശേഷം പ്രസ്തുത ഭവനത്തില്‍ രണ്ടു റക്അത്ത് തഹിയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചു. അനന്തരം അവിടെ പ്രത്യക്ഷപ്പെട്ട ഒരു കോണിയിലൂടെ വാനലോകത്തേക്ക് ജിബ്‌രീലിനോടൊപ്പം കയറിപ്പോയി(മിഅ്‌റാജ് എന്ന പദത്തിന് കോണി എന്നര്‍ഥം). എല്ലാ ആകാശത്ത് വച്ചും നബി യഥോചിതം സ്വീകരിക്കപ്പെട്ടു. ഒന്നാം ആകാശത്ത് ആദിപിതാവായ ആദം (അ), രണ്ടാം ആകാശത്ത് ഈസാ (അ), യഹ്‌യാ (അ), മൂന്നാം വാനത്തില്‍ വച്ച് യൂസുഫ് (അ), നാലില്‍ ഹാറൂന്‍ (അ), അഞ്ചില്‍ ഇദ്‌രീസ് (അ), ആറില്‍ കലീമുല്ലാഹി മൂസാ (അ), ഏഴില്‍ വെച്ച് ഖലീലുല്ലാഹി ഇബ്‌റാഹീം (അ) എന്നിവരെയൊക്കെ കണ്ടു. പൂര്‍വിക പ്രവാചകന്മാരുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായ നബിക്ക് ഈ ദര്‍ശനം നല്‍കിയ പ്രചോദനവും നിര്‍വൃതിയും വിവരണാതീതമായിരുന്നു. ഇബ്‌റാഹീം നബി(അ)യെ ബൈത്തുല്‍ മഅ്മൂര്‍ ചാരിയിരിക്കുന്ന അവസ്ഥയിലാണ് കണ്ടത്. പ്രവാചകന്‍ പിന്നെയും പ്രയാണം തുടര്‍ന്നു. പല സംഗതികളും (സ്വര്‍ഗ നരകങ്ങളുള്‍പ്പെടെ) കണ്ടു. അവസാനം സിദ്‌റത്തുല്‍ മുന്‍തഹാ എന്ന അതിര്‍ത്തിയിലെത്തി. ഇവിടെ വച്ച് ജിബ്‌രീല്‍ വിടവാങ്ങി. നബിയോട് ഇനിയും മുന്നോട്ടു യാത്ര തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാലാഖമാര്‍ പോലും കടക്കാത്ത സ്ഥലങ്ങളിലൂടെയും നബി കടന്നുപോയി. ഒടുവില്‍ അല്ലാഹുവിന്റെ സന്നിധാനത്തിലെത്തി സംഭാഷണം നടത്തി. തദവസരത്തില്‍ അമ്പതു നേരത്തെ നമസ്‌കാരം സമുദായത്തിന് നിര്‍ബന്ധമാക്കപ്പെട്ടു. മൂസാ നബി(അ)യുടെ നിര്‍ദേശപ്രകാരം നബി (സ) അല്ലാഹുവിനോട് ലഘൂകരണം തേടുകയും പലതവണ ഇളവ് തേടി ഒടുവില്‍ അഞ്ചുനേരങ്ങളിലായി നിജപ്പെടുകയും ചെയ്തു. ഇങ്ങനെ അഞ്ചുനേരം അനുഷ്ഠിച്ചാല്‍ അമ്പത് തവണ അനുഷ്ഠിച്ചതിന്റെ പുണ്യവും പ്രതിഫലവും കിട്ടുമെന്ന് നബി (സ) പറഞ്ഞത് റബ്ബിന്റെ അളവറ്റ ഔദാര്യത്തിന്റെ ഭാഗമാണ്.
ആകാശാരോഹണത്തിനും സന്ദര്‍ശനത്തിനും ശേഷം മടങ്ങി ബൈത്തുല്‍ മഖ്ദിസിലെത്തി. അവിടെവച്ച് പൂര്‍വിക പ്രവാചകന്മാര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്‌കരിച്ചു. പിന്നീട് നേരം പുലരുന്നതിനു മുമ്പ് മക്കയില്‍ തിരിച്ചെത്തി. തന്റെ ഈ അനുഭവം നബി പിറ്റേദിവസം ജനങ്ങളുമായി പങ്കുവച്ചു. തക്കം കിട്ടുമ്പോഴൊക്കെ നബിയെ പരിഹസിക്കാനും കുറ്റപ്പെടുത്താനും കുപ്രചാരണം നടത്താനും പരമാവധി പണിയെടുക്കുന്ന നബിയുടെ ശത്രുക്കള്‍ ഈ സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല. പല ഭാഗത്തും ഓടി നടന്ന് ഈ വര്‍ത്തമാനം പറഞ്ഞ് പരിഹസിക്കാനും നബിയില്‍ അവിശ്വാസം ജനിപ്പിക്കാനും ശ്രമിച്ചു. ഇക്കൂട്ടര്‍ അബൂബകറി(റ)നോടും ഇത് പറഞ്ഞു; തദവസരത്തില്‍ അദ്ദേഹം ചോദിച്ചു: ''മുഹമ്മദ് (സ) അങ്ങനെ പറഞ്ഞുവോ?'' മുശ്‌രിക്കുകള്‍ അതേ എന്നു പറഞ്ഞു. തദവസരത്തില്‍ നബിയുടെ ബാല്യകാല സുഹൃത്തും ഉത്തമ അനുയായിയുമായ അബൂബകര്‍ (റ) പറഞ്ഞു: ''മുഹമ്മദ് അങ്ങനെ പറഞ്ഞെങ്കില്‍ അത് തികച്ചും സത്യം തന്നെ. ഇടയ്ക്കിടെ വാനലോകത്തുനിന്ന് അല്ലാഹുവിന്റെ സന്ദേശവുമായി മലക്ക് വരുന്നുണ്ടെന്ന് നബി പറയുന്നതപ്പടി അംഗീകരിക്കുന്നതിലപ്പുറമൊന്നുമല്ലിത്.'' ഇവ്വിധം ലവലേശം സംശയിക്കാതെ നബി(സ)യെ പൂര്‍ണമായും വിശ്വസിച്ചംഗീകരിച്ചതിന്റെ പേരിലാണ് 'സിദ്ദീഖ്' എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായത്. നേരത്തേ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിച്ച ചിലര്‍ നബിയെ പരിശോധിക്കാന്‍ ബൈത്തുല്‍ മഖ്ദിസിനെ പറ്റിയും അവിടത്തെ ചില അടയാളങ്ങളെപ്പറ്റിയും ചോദിച്ചപ്പോള്‍ നബിയുടെ മറുപടി വളരെ കൃത്യമായിരുന്നു. അതേപോലെ ശാമില്‍നിന്ന് വരാനുണ്ടായിരുന്ന യാത്രാ സംഘത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ ഇന്ന സ്ഥലത്തെത്തിയെന്നും ഇന്ന ദിവസം തിരിച്ചെത്തുമെന്നും നബി പറഞ്ഞതും സത്യമായി പുലര്‍ന്നു. എന്നാല്‍ വിശ്വാസത്തില്‍ അടിയുറപ്പില്ലാത്ത ചിലര്‍ ഈ മഹാദ്ഭുതത്തില്‍ സംശയാലുക്കളായി ഒരളവോളമെങ്കിലും മതപരിത്യാഗികളാവുകയുണ്ടായി. സത്യത്തില്‍ വിശ്വാസികളുടെ ഈമാനിന്റെ ഉള്ളുറപ്പ് പരിശോധനാവിധേയമായ ഒരു സംഭവം കൂടിയായിരുന്നു ഇസ്‌റാഅ്മിഅ്‌റാജ്. സംഭവ്യത, സാധ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വസ്തുത അംഗീകരിക്കുന്നതിലുപരി വഹ്‌യിന്റെ പിന്‍ബലവും ഉള്‍ക്കാഴ്ചയുമുള്ള സത്യസന്ധനായ നബിയുടെ വാക്കുകളും ഉപദേശങ്ങളും കര്‍മമാതൃകയും ഇടംവലം നോക്കാതെ യുക്തിയുടെയോ ബുദ്ധിയുടെയോ വിശകലനത്തിന് വിധേയമാക്കാതെ ഉള്‍ക്കൊള്ളുന്നതിലാണ് ഈമാനിന്റെ തികവും മികവും. അതാണ് അബൂബകറി(റ)ന്റെ നിലപാടില്‍ നാം ദര്‍ശിക്കുന്നത്. സത്യവിശ്വാസികളില്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെ ഉടമയാണ് അബൂബകര്‍ സിദ്ദീഖ് എന്ന് നബി പറഞ്ഞത് സ്മരണീയമാണ്. മിഅ്‌റാജ് വേളയില്‍ നബിക്ക് കാണിച്ച കാഴ്ചകള്‍ ജനങ്ങള്‍ക്കുള്ള പരീക്ഷണമായിരുന്നെന്ന് വിശുദ്ധ ഖുര്‍ആന്‍ 17:60ല്‍ പറയുന്നുണ്ട്. ആകാശയാത്രയിലെ കാഴ്ചകളെ പറ്റി സൂറ: അന്നജ്മിലെ പതിനെട്ട് സൂക്തങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. നബിയുടെ അന്‍പത്തിരണ്ടാമത്തെ വയസ്സിലാണ് ഈ മഹാദ്ഭുത സംഭവം നടന്നതെന്നാണ് തഫ്ഹീമുല്‍ ഖുര്‍ആനില്‍ പറയുന്നത്. മക്കയില്‍നിന്ന് ബൈത്തുല്‍ മഖ്ദിസിലേക്കുള്ള നിശാ യാത്രക്കാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. ഇതു സംബന്ധമായ പരാമര്‍ശം 17ാം അധ്യായത്തിന്റെ പ്രഥമ സൂക്തത്തിലുണ്ട്. തുടര്‍ന്ന് മിഅ്‌റാജില്‍ നബി ദര്‍ശിച്ച ചിന്തോദ്ദീപകവും ഗുണപാഠപ്രധാനവുമായ കാഴ്ചകളെപ്പറ്റി നബി (സ) വിവിധ ഘട്ടങ്ങളിലായി പറഞ്ഞത് നബിവചനങ്ങളില്‍ പലയിടങ്ങളിലുണ്ട്. ഇസ്‌റാഇനെ പറ്റി 17:1ല്‍ 'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ (ആയാത്ത്) കാണിച്ചുകൊടുക്കാന്‍' എന്ന് പറഞ്ഞതും 'തീര്‍ച്ചയായും അദ്ദേഹം തന്റെ റബ്ബിന്റെ വലിയ ദൃഷ്ടാന്തങ്ങളില്‍ ചിലത് കണ്ടിട്ടുണ്ട്' (53:17) എന്ന് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.
ഇസ്‌റാഅ്, മിഅ്‌റാജ് സംഭവം ശാരീരികമായിരുന്നോ അതല്ല ആത്മീയമായിരുന്നോ എന്ന ചോദ്യത്തിന് ശരീരസമേതം തന്നെയായിരുന്നുവെന്നതാണ് ഭൂരിപക്ഷാഭിപ്രായം. കേവലം ആത്മീയമായിരുന്നെങ്കില്‍ (ഏതാണ്ട് സ്വപ്‌നം പോലെ) ആളുകള്‍ അവിശ്വസിക്കുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല. ചിലര്‍ മതപരിത്യാഗികളാവുക വരെ ഉണ്ടായല്ലോ. ശാരീരികമായിരുന്നില്ലെങ്കില്‍ ഇത്രമാത്രം ബഹളവും തര്‍ക്കവും ഉണ്ടാകുമായിരുന്നില്ല. ഈ മഹാദ്ഭുത സംഭവത്തിന്റെ കര്‍തൃത്വം നബിയിലേക്കല്ല ഖുര്‍ആന്‍ ചേര്‍ത്തുപറയുന്നത്, മറിച്ച് അല്ലാഹുവിലേക്കാണ്. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞനും പരിപൂര്‍ണനുമാണെന്നിരിക്കെ അവന്‍ തന്റെ ദാസനിലൂടെ നടപ്പാക്കിയ ഒരു സംഗതിയുടെ സംഭവ്യതയില്‍ സംശയം ലവലേശം വേണ്ടതില്ല. ഒരിളംപൈതല്‍ സ്വയം ഒരു വലിയ പര്‍വതത്തിന്റെ ശിഖരത്തിലെത്തി എന്നു പറഞ്ഞാല്‍ അവിശ്വസിക്കാം; എന്നാല്‍ ശിശു അതിന്റെ മാതാവിന്റെ ഒക്കത്തിരുന്ന്, മാതാവ് അതിനെയും കൊണ്ട് മുകളിലെത്തിയാല്‍ നാം അവിശ്വസിക്കില്ല. ഇങ്ങനെയാണ് ശെയ്ഖ് മുതവല്ലി ശഅ്‌റാവി ഇക്കാര്യം ഉപമാരൂപത്തില്‍ മനസ്സിലാക്കിത്തരുന്നത്. ഇക്കാര്യം ഖുര്‍ആനിലൂടെ അറിയിക്കുന്നത് അല്ലാഹുവിനെ വാഴ്ത്തുന്ന വാക്യം (സുബ്ഹാന) പ്രയോഗിച്ചുകൊണ്ടാണ്. അസാധാരണമോ അദ്ഭുതകരമോ ആയ കാര്യം പറയുമ്പോഴാണിങ്ങനെ പ്രയോഗിക്കുക.
ഇസ്‌റാഅ്മിഅ്‌റാജ് സംഭവം വിവരിക്കുന്ന ഹദീസുകളില്‍ 'ബുറാഖ്' എന്ന വാഹനത്തെ പറ്റി പറയുന്നത് നബി ശരീരസമേതമായിരുന്നുവെന്നതിന് മറ്റൊരു തെളിവാണ്. അബ്ദ് (ദാസന്‍) എന്ന പ്രയോഗം സാധാരണ ദേഹവും ദേഹിയും ചേര്‍ന്ന അസ്തിത്വത്തിനാണ് പറയുക. ശരീരമില്ലാത്ത വെറും റൂഹിന് അബ്ദ് എന്ന് പ്രയോഗിക്കാറില്ലെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്‌റാഅ്മിഅ്‌റാജ് സംഭവം ആത്മീയമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരില്‍ നബിപത്‌നി ആഇശ (റ), മുആവിയ (റ) എന്നിവരുള്‍പ്പെടുന്നു. ഇത് നടന്ന കാലത്ത് ആഇശ നബിപത്‌നി ആയിട്ടില്ല. ചെറുപ്രായക്കാരിയായിരുന്നു. മുആവിയ അന്ന് മുസ്‌ലിം ആയിരുന്നുമില്ല. പ്രമുഖ സ്വഹാബിമാരും ആദ്യകാല പ്രാമാണിക പണ്ഡിതരും (ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു കസീര്‍ തുടങ്ങിയവരുള്‍പ്പെടെ) ആധുനിക കാലഘട്ടത്തിലെ മൗലാനാ മൗദൂദി, ശെയ്ഖ് മുതവല്ലി ശഅ്‌റാവി (ഈജിപ്ത്) തുടങ്ങിയവരുമൊക്കെ ഇസ്‌റാഅ് മിഅ്‌റാജ് ശരീരസമേതമായിരുന്നുവെന്ന വീക്ഷണക്കാരാണ്.
ഈ സംഭവം നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷമാണെന്നാണ് മൗലാനാ മൗദൂദി അഭിപ്രായപ്പെടുന്നത്. റജബ് മാസം 27നാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും വേറെയും അഭിപ്രായങ്ങളുണ്ട്. നമസ്‌കാരത്തിനൊടുവിലെ തശഹ്ഹുദിലെ ആദ്യഭാഗം മിഅ്‌റാജില്‍ അല്ലാഹുവും നബിയും തമ്മില്‍ നടന്ന സംഭാഷണത്തിലെ ഭാഗമാണെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. നമസ്‌കാരത്തെ സത്യവിശ്വാസിയുടെ മിഅ്‌റാജ് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇസ്‌റാഅ്,മിഅ്‌റാജിന്റെ ചരിത്രം അനുസ്മരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മസ്ജിദുല്‍ അഖ്‌സ്വാ ഇന്ന് സയണിസ്റ്റുകളുടെ ദംഷ്ട്രകളില്‍ കിടന്ന് പിടയുകയാണ്. ഖുദ്‌സിന്റെ മൂകവിലാപം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ അമേരിക്കയ്ക്ക് ദാസ്യവേല ചെയ്യുന്ന അറബ്മുസ്‌ലിം രാഷ്ട്രനേതൃത്വങ്ങള്‍ അശക്തമാണെന്ന ദുഃഖസത്യം നമ്മെ വേദനിപ്പിക്കുന്നു.
മക്കയിലെ മസ്ജിദുല്‍ ഹറമിനെയും ഫലസ്ത്വീനിലെ ബൈത്തുല്‍ മുഖദ്ദിസിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇസ്‌റാഅ് (നിശാപ്രയാണം). മസ്ജിദുല്‍ അഖ്‌സ ആയിരുന്നല്ലോ ആദ്യ ഖിബ്‌ല.രണ്ട് പാവന കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം, രണ്ടിന്റെയും നാഥന്‍ ഏകനായ അല്ലാഹു മാത്രമാണെന്ന വസ്തുത, മസ്ജിദുല്‍ അഖ്‌സയിലെ ഖിബ്‌ല മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കാണ് എന്ന കാര്യം ഉള്‍പ്പെടെ പലതും ചിന്തനീയമാണ്. മസ്ജിദുല്‍ അഖ്‌സ്വാക്ക് ചുറ്റും ധാരാളം അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ആകയാല്‍ തന്നെ ഖുദ്‌സ് അന്യാധീനപ്പെട്ട ഈ കാലഘട്ടത്തില്‍ ഇസ്‌റാഇന്റെ സ്മരണകള്‍ പുതുക്കുമ്പോള്‍ നമ്മള്‍ കുറെ കാര്യങ്ങള്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്.
ലോക മുസ്‌ലിംകള്‍ക്ക് ഇസ്‌റാഉമായി ബന്ധപ്പെട്ടും പ്രഥമ ഖിബ്‌ല എന്ന നിലയ്ക്കും ഖുദ്‌സുമായി വലിയ വൈകാരിക ബന്ധം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ചില പാശ്ചാത്യര്‍ നബിയുടെ നിശാപ്രയാണം അല്‍ ജിഅ്‌റാന പള്ളിയിലേക്കാണെന്നോ പള്ളിയില്‍ നിന്നാണെന്നോ ഒക്കെ തട്ടി വിട്ടിട്ടുണ്ട് (Alfred Guillaume തന്റെ The Islam എന്ന കൃതിയില്‍ അങ്ങനെയാണ് എഴുതിയിട്ടുള്ളത് ). ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. എന്തുകൊണ്ടെന്നല്‍ മുസ്‌ലിം സമുദായത്തിന് ഖുദ്‌സുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നത് ഖുദ്‌സ് കൈയടക്കാനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നാണ്. Alfred Guillaume മാത്രമല്ല വേറെയും ചിലര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി കാണാം. മുസ്‌ലിം ചരിത്രത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും അതുവഴി നമ്മുടെ പാവന കേന്ദ്രങ്ങളില്‍ ജൂതന്മാരുടെയും മറ്റും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആകയാല്‍ ഖുദ്‌സിന്റെ മോചനം ഇസ്‌റാഅ്, മിഅ്‌റാജിന്റെ സ്മരണ പുതുക്കുമ്പോള്‍ നാം കൂടുതല്‍ ഗൗരവപൂര്‍വം ആഗ്രഹിക്കേണ്ടതുണ്ട്, അതിനായി പ്രാര്‍ഥിക്കേണ്ടതുമുണ്ട്. ഇസ്‌റാഅ്, മിഅ്‌റാജില്‍ പലനിലയ്ക്കുള്ള സംശയങ്ങള്‍ പടര്‍ത്താന്‍ മോഡേണിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. സത്യത്തില്‍ മിഅ്‌റാജിന്റെ സ്മരണ നമ്മുടെ പഞ്ചനേരങ്ങളിലുള്ള നിര്‍ബന്ധ നമസ്‌കാരം തന്നെയാണ്. നമസ്‌കാരത്തിന്റെ ഘടന, ഒടുവിലത്തെ തശഹ്ഹുദ് ഇതൊക്കെയും സത്യവിശ്വാസിയുടെ മിഅ്‌റാജ് ആണെന്ന ഒരു ചിന്ത നമ്മളില്‍ അങ്കുരിപ്പിക്കേണ്ടതുണ്ട്. ഫാത്തിഹയിലെ ആദ്യത്തെ വാക്യങ്ങളിലെല്ലാം അവന്‍ എന്ന പ്രഥമപുരുഷ സര്‍വനാമമാണ്. എന്നാല്‍ മധ്യഭാഗത്ത് എത്തുമ്പോള്‍ റബ്ബുമായിട്ട് നേരിട്ടുള്ള സംഭാഷണമാണ്. ഇത് നമസ്‌കാരത്തില്‍ നമുക്കുണ്ടാകുന്ന ഒരു മിഅ്‌റാജ് അനുഭവം തന്നെയാണ്.
നബിയുടെ ഇസ്‌റാഅ് നടക്കുന്ന സന്ദര്‍ഭത്തില്‍ ജിഅ്‌റാനയില്‍ അങ്ങനെ ഒരു പള്ളി ഉണ്ടായിരുന്നില്ല. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകന്‍(സ)യും സംഘവും ഹുനൈന്‍ യുദ്ധം കഴിഞ്ഞുവരുമ്പോള്‍ ഉംറയ്ക്കുവേണ്ടി ജിഅ്‌റാനയില്‍നിന്നാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത്. അതിനാല്‍, പിന്നീട് അവിടെയൊരു പള്ളി നിര്‍മിക്കപ്പെട്ടു. ഇത്രമാത്രമാണ് ജിഅ്‌റാനയിലെ ചരിത്രം. ജിഅ്‌റാനയില്‍ അന്ന് പള്ളി ഇല്ലാത്തതിനാല്‍ മസ്ജിദുല്‍ അഖ്‌സ അതാവാന്‍ ഒരു വഴിയുമില്ല. സത്യത്തില്‍ മസ്ജിദുല്‍ അഖ്‌സ എന്ന നാമത്തെ Farthest Mosque എന്ന് ചിലര്‍ പരിഭാഷപ്പെടുത്താറുണ്ട്. നാമങ്ങള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും പഴുതാവും.
ഇബ്‌റാഹീമുബ്‌നു അദ്ഹം എന്ന ചരിത്ര പുരുഷന്‍ അബൂബനാദം എന്ന പേരിലാണ് ആംഗല ലോകത്ത് അറിയപ്പെടുന്നത്. ഇബ്‌റാഹീം എന്നത് അബ്രഹാം ആയി. അത് ലോപിച്ച് അബു എന്നായി. ആദം, അദ്ഹം എന്നത് ഇംഗ്ലീഷില്‍ ഒരേ സ്‌പെല്ലിങ് വരാം. അങ്ങനെ അബൂ ഇബ് അദ്ഹം അബൂബനാദം എന്നായി. ഈ ഇംഗ്ലീഷ് നാമത്തെ അറബി എന്ന നിഗമനത്തില്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ ആദമിന്റെ മകന്‍ അബു ആയി. പല ചരിത്ര പുരുഷന്മാരുടെ നാമങ്ങളും സ്ഥലനാമങ്ങളും ഇവ്വിധം രൂപാന്തരം സംഭവിച്ച് പില്‍ക്കാലത്ത് തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നത് ഓര്‍ക്കുക. ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പല മാര്‍ഗേണ നടക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക. ഇക്കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
(ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭ അംഗമാണ് ലേഖകന്‍)
RELATED STORIES
ജിസാന്‍ അപകടം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചു
19 Feb 2025 4:51 PM GMTആലുവ സ്വദേശി റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു
9 Feb 2025 1:02 PM GMTമലപ്പുറം സ്വദേശിയെ വെട്ടിക്കൊന്ന സൗദി പൗരന് അടക്കം രണ്ടുപേരുടെ...
8 Feb 2025 3:17 PM GMTറിയാദില്‍ കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍;...
4 Feb 2025 12:42 PM GMTഹൃദയാഘാതം; കണ്ണൂര്‍ സ്വദേശിയായ ഉംറ തീര്ത്ഥാടകന് ജിദ്ദയില്‍ മരിച്ചു
1 Feb 2025 4:51 PM GMTകോഴിക്കോട് ജില്ലാ കെഎംസിസി സോക്കര്‍ ഫെസ്റ്റ് ഇന്ന് ജിദ്ദയില്‍
30 Jan 2025 3:06 PM GMT