Big stories

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി; 2016ന് ശേഷമുള്ള ഉയര്‍ന്ന നിരക്കെന്നും സിഎംഐഇ റിപോര്‍ട്ട്

ഫെബ്രുവരിയില്‍ രാജ്യത്ത് 40 കോടി ജനങ്ങളാണ് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40.6 കോടിയായിരുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി;  2016ന് ശേഷമുള്ള ഉയര്‍ന്ന നിരക്കെന്നും   സിഎംഐഇ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ 7.2ശതമാനത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഗവേഷണ സംഘടനയായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) രാജ്യവ്യാപകമായി നടത്തിയ സര്‍വെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 5.9 ശതമാനമായിരുന്നു.

തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ കുറവ് ദൃശ്യമാണെങ്കിലും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിന്താ സ്ഥാപനത്തിന്റെ മേധാവി മഹേഷ് വ്യാസ് പറഞ്ഞു. ഫെബ്രുവരിയില്‍ രാജ്യത്ത് 40 കോടി ജനങ്ങളാണ് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40.6 കോടിയായിരുന്നു.രാജ്യത്തുടനീളം പതിനായിരക്കണക്കിന് വീടുകളില്‍ നേരിട്ട് നടത്തിയ സര്‍വെയെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ കണക്കൂകളേക്കാള്‍ ഏറെയാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ അനുമാനം.

നേരത്തെ തൊഴിലില്ലായ്മയുടെ സര്‍ക്കാര്‍ സര്‍വേഫലം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യ നേരിടുന്നതെന്നായിരുന്നു ആ സര്‍വേയുടെ ഫലം. മെയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് സര്‍വെ റിപോര്‍ട്ട്. കാര്‍ഷിക വിളകളുടെ വിലയില്ലായ്മയും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ തുറുപ്പ് ചീട്ടാണ്.

നോട്ട് നിരോധനം ചെറുകിട വ്യവസായ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം സംബന്ധിച്ച് തങ്ങളുടെ കൈവശം കണക്കുകളൊന്നുമില്ലെന്നാണ് കഴിഞ്ഞ മാസം സര്‍ക്കാര്‍ പാര്‍ലമെന്റിനു മുമ്പാകെ അവകാശപ്പെട്ടത്.

Next Story

RELATED STORIES

Share it