ഹജ്ജ്-2025: ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം തുടങ്ങി; 65 കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം
സെപ്തംബര്‍ ഒമ്പത് ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. 'Hajsuvidha' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ നല്‍കാം.
കോഴിക്കോട്: 2025ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം തുടങ്ങി. പുതിയ ഹജ്ജ് നയം പ്രകാരം 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. നേരത്തേ 70 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയിരുന്നത്. പുതിയ നയത്തില്‍ ഇതിന് മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തും ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് തീരുമാനം നേട്ടമാവും. അപേക്ഷിച്ചാല്‍ ഉടന്‍ അവസരം ലഭിക്കുമെന്നതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ അപേക്ഷകരുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്തംബര്‍ ഒമ്പത് ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. 'Hajsuvidha' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.
കേരളത്തില്‍ ഇത്തവണയും കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ രാജ്യത്താകെ 20 പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്. ഏതെങ്കിലും കേന്ദ്രത്തില്‍ ആളുകള്‍ ക്രമാതീതമായി കുറഞ്ഞാല്‍ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം ക്രമീകരണം ഏര്‍പ്പെടുത്തി തീര്‍ഥാടകരെ മറ്റു പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറ്റും. 65 വയസ്സിന് മുകളിലുള്ളവരില്‍ നിന്ന് സത്യവാങ് മൂലം വാങ്ങിയാകും അവസരം നല്‍കുക. ഇവരോടൊപ്പം 18നും 60നും ഇടയില്‍ പ്രായമുള്ള ഒരു സഹായിക്കും നേരിട്ട് അവസരം ഉണ്ടാവുന്ന വിധത്തിലാണ് ഹജ്ജ് നയം പരിഷ്‌കരിച്ചിട്ടുള്ളത്.
ഇന്ത്യയ്ക്ക് ലഭിക്കുന്ന ആകെ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായാണ് വീതം വയ്ക്കുക. കഴിഞ്ഞ വര്‍ഷം 20 ശതമാനമായിരുന്നു സ്വകാര്യ ക്വാട്ട. ഒരു കവറില്‍ പരമാവധി അഞ്ച് മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും(രണ്ടു വയസ്സില്‍ത്താഴെ) അപേക്ഷിക്കാന്‍ കഴിയും. രക്തബന്ധത്തില്‍പെട്ട പുരുഷന്മാര്‍ കൂടെ ഇല്ലാത്ത(മെഹ്‌റമില്ലാത്ത) വനിതകളുടെ സംഘത്തിന് നിലവില്‍ തുടരുന്ന മുന്‍ഗണന ലഭിക്കും. 65 വയസ്സിന് മുകളിലുള്ള മെഹ്‌റമില്ലാത്ത വനിതകളുള്ള സംഘത്തില്‍ 45നും 60നും ഇടയിലുള്ള സഹതീര്‍ഥാടക നിര്‍ബന്ധമാണ്. ഹെല്‍ത്ത് ആന്‍ഡ് ട്രെയിനിങ് കാര്‍ഡ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഓറല്‍ പോളിയോ തുടങ്ങിയവയൂം നില നിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം, തീര്‍ഥാടനവേളയില്‍ ഹാജിമാരെ സഹായിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നിയോഗിക്കുന്ന ഖാദിമുല്‍ ഹുജ്ജാജുമാര്‍ ഇനി സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ എന്ന പേരിലാവും അറിയപ്പെടുക. 150 പേര്‍ക്ക് ഒരാള്‍ എന്നതോതിലാണ് ഇവരെ നിയോഗിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് പ്രസ്തുത തസ്തികയില്‍ നിയോഗിക്കാറുള്ളത്.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT