Big stories

മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമോ ധനസഹായമോ നല്‍കുന്നില്ല; കുപ്രചാരണം പൊളിച്ച് വിവരാവകാശ രേഖ

മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമോ ധനസഹായമോ നല്‍കുന്നില്ല; കുപ്രചാരണം പൊളിച്ച് വിവരാവകാശ രേഖ
X

കോഴിക്കോട്: സംസ്ഥാനത്തെ മദ്‌റസാധ്യാപകര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് സര്‍ക്കാര്‍ ശമ്പളവും ധനസഹായവും നല്‍കുന്നുവെന്ന കുപ്രചാരണം പൊളിച്ച് വിവരാവകാശ രേഖ. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ മദ്‌റസകള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടോ, മദ്‌റസാധ്യാപകര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ടോ എന്നിവയാണ് ഇനംതിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവാകശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു നല്‍കിയ അപേക്ഷ വിവരങ്ങള്‍ ലഭ്യമാക്കാനായി മദ്‌റസാധ്യാപക ക്ഷേമ ബോര്‍ഡിലേക്കു കൈമാറുകയായിരുന്നു. ഇവിടെ നിന്ന് ലഭിച്ച മറുപടിയിലാണ് മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നു മദ്‌റസാധ്യാപകര്‍ക്ക് ധനസഹായമോ ശമ്പളമോ നല്‍കുന്നില്ലെന്ന വ്യക്തമായ മറുപടി നല്‍കിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സംഘപരിവാരവും ചില ക്രിസ്ത്യന്‍ ഐഡികളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജപ്രചാരണം നടത്തുന്നുണ്ട്. മദ്‌റസാ അധ്യാപകര്‍ക്കും പള്ളി മുക്രിമാര്‍ക്കും സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നു എന്നാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള കുപ്രചാരണങ്ങള്‍. ഇതുസംബന്ധിച്ച് നേരത്തേ ന്യൂനകക്ഷ ക്ഷേമ വകുപ്പിന്റെയും മദ്‌റസാ ക്ഷേമനിധി ബോര്‍ഡിന്റെയും ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കിയിട്ടും കുപ്രചാരണം തുടരുന്നുണ്ട്.


മദ്‌റസാ അധ്യാപകര്‍ക്കും മുക്രിമാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നയാപൈസ പോലും ശമ്പളമായി നല്‍കുന്നില്ലെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് ഈയിടെ ക്രിസ്ത്യന്‍ മേഖലകളിലും ഇത്തരത്തിലുള്ള പ്രചാരണം കൊഴുക്കുന്നുണ്ട്. നേരത്തേ ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ ശമ്പളം കൊടുക്കാന്‍ ഉപയോഗിക്കുന്നുവെന്ന കുപ്രചാരണം സംഘപരിവാരം കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. മന്ത്രി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ സംഘപരിവാരം കുപ്രചാരണം തുടരുന്നുണ്ട്. ഇതേ അര്‍ത്ഥത്തില്‍ മുസ് ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്നു തോന്നിപ്പിക്കുകയും അതുവഴി വര്‍ഗീയ ധ്രുവീകരണം നടത്തുകയുമാണ് മദ്‌റസാധ്യാപകരുടെ പേരിലുള്ള കുപ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.



കേരളത്തില്‍ മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡാണ് നിലവിലുള്ളത്. അഞ്ച് വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വീതം അടച്ചവ 60 വയസ്സ് തികഞ്ഞ അധ്യാപകര്‍ക്ക് 1500 രൂപ വീതം പെന്‍ഷന്‍ തുക നല്‍കുന്ന പദ്ധതി മാത്രമാണുള്ളത്. ഇന്ത്യയിലെ തന്നെ ചില സംസ്ഥാനങ്ങളില്‍ മദ്‌റസകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും അവിടെയുള്ള ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മതവിദ്യാഭ്യാസത്തിനു പുറമെ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ പൂര്‍ണമായും മതസംഘടനകളുടെ നിയന്ത്രണത്തിലും സംഘാടനത്തിലുമാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള തുക കണ്ടെത്തുന്നത് മഹല്ല് കമ്മിറ്റികള്‍ വഴിയാണ്. വീടുകളില്‍ നിന്ന് മാസാന്ത പിരിവെടുത്തും മറ്റുമാണ് ശമ്പളം നല്‍കുന്നത് എന്നിരിക്കെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന കുപ്രചാരണം വന്‍തോതില്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ടെന്നാണു വ്യക്തമാവുന്നത്.

Government does not pay salaries or financial assistance to madrassa teachers in Kerala: RTI

Next Story

RELATED STORIES

Share it