Big stories

ഗസയിലെ പ്രതിരോധവും ചൈനയും

ഗസയിലെ പ്രതിരോധവും ചൈനയും
X

അബ്ബാസ് അല്‍ സെയ്ന്‍

ഗസയിലെ യുദ്ധം പശ്ചിമേഷ്യയിലെ ചൈനയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളും യുഎസിന്റെ പിന്തുണയില്‍ ഇസ്രായേല്‍ ലക്ഷ്യമാക്കുന്ന കാര്യങ്ങളും തമ്മില്‍ ആഴത്തിലുള്ള വൈരുധ്യമുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. പുതിയ പട്ടുപാത എന്ന പേരില്‍ 150 ലോകരാജ്യങ്ങളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിയെ സംരക്ഷിക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കുറയ്ക്കാനാണ് യുഎസും ഇസ്രായേലും ശ്രമിക്കുന്നത്.

2023ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്‍ഡോ-മിഡില്‍ ഈസ്റ്റ് -യൂറോപ്യന്‍ ഇക്കണോമിക് കോറിഡോര്‍(ഐഎംഇസി) ആണ് ഈ വടംവലിയുടെ കേന്ദ്രബിന്ദു. ഇന്ത്യ, സൗദി അറേബ്യ, ഇസ്രായേല്‍, യുഎഇ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയിലുള്ളത്. ചൈനീസ് പദ്ധതിക്ക് പകരം ഇന്ത്യയെ പശ്ചിമേഷ്യ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. സയണിസ്റ്റ് അധിനിവേശത്തിനു കീഴിലുള്ള ഹൈഫ തുറമുഖം ഈ പദ്ധതിയിലെ പ്രധാന അടിസ്ഥാന സൗകര്യമാണ്.

ഗസ: ആഗോള ഏറ്റുമുട്ടലിലേക്കുള്ള കവാടം

ഐഎംഇ ഇടനാഴിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗസയില്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമം വെറുമൊരു സൈനിക ലക്ഷ്യം മാത്രമല്ല. മറിച്ച്, പാശ്ചാത്യ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മുന്‍വ്യവസ്ഥ കൂടിയാണ്. ഗസയിലെ യുദ്ധം മൂലം, ഐഎംഇസി പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ നശിച്ചുവെന്നാണ് ദ ഡിപ്ലോമാറ്റ് റിപോര്‍ട്ട് ചെയ്യുന്നത്. ഫലസ്തീനികളുടെ തൂഫാനുല്‍ അഖ്‌സയും സൗദി-ഇസ്രായേല്‍ ബന്ധം സാധാരണമാക്കുന്നതിലെ മരവിപ്പും കാരണം പദ്ധതി അനിശ്ചിതത്വത്തിലായെന്ന് കാര്‍ണഗിയിലെ റിപോര്‍ട്ട് പറയുന്നു.

ഗസയെ കീഴടക്കുകയാണെങ്കില്‍ അത് ഇസ്രായേലിന് സാമ്പത്തിക നേട്ടവും പുതിയ പദവിയും വാഗ്ദാനം ചെയ്യും. ഇത് ആഗോളവ്യാപാരത്തില്‍ ചൈനയുടെ കേന്ദ്രസ്ഥാനം ദുര്‍ബലമാവാനും കാരണമാവും. എന്നാല്‍, ഗസയിലും തെക്കന്‍ ലബ്‌നാനിലും പ്രതിരോധം നിലനില്‍ക്കുവോളം ഐഎംഇസി ദുര്‍ബലമായി തുടരും. ഇത് തന്ത്രപരമായ ബദലുകള്‍ ശക്തിപ്പെടുത്താന്‍ ചൈനയ്ക്ക് സമയം നല്‍കും.

ഈ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ ഫലസ്തീനിലെയും പശ്ചിമേഷ്യയിലെയും പ്രതിരോധം നേരിട്ടല്ലാതെ ചൈനീസ് താല്‍പ്പര്യം സംരക്ഷിക്കുന്നു. ഹൈഫ അടക്കമുള്ള ഇസ്രായേലി തുറമുഖങ്ങള്‍ ആക്രമണങ്ങള്‍ നേരിടുന്നതിനാല്‍ അതില്‍ നിക്ഷേപം നടത്താനും അതുമായി ദീര്‍ഘകാല സഹകരണത്തിനും ആരും തയ്യാറാവുന്നില്ല.

ഈ ബഹുമുഖമായ കാലതാമസം യുഎസില്‍ നിന്നും ഇസ്രായേലില്‍ നിന്നും വ്യത്യസ്തമായി ചൈനയ്ക്ക് നേട്ടമാണ്. ഫലസ്തീനികളുടെയും പശ്ചിമേഷ്യയിലെ മറ്റുള്ളവരുടെയും ചെറുത്തുനില്‍പ്പുണ്ടാക്കുന്ന അസ്ഥിരത ചൈനയ്ക്ക് ഗുണമായി മാറുന്നു.

ചൈനയുടെ നേട്ടങ്ങള്‍

യുദ്ധത്തില്‍ ചൈന നേരിട്ട് പങ്കാളിയല്ലെങ്കിലും ഫലസ്തീന്‍ പ്രതിരോധം ദുര്‍ബലമായാല്‍ അത് പാശ്ചാത്യരെ ശക്തിപ്പെടുത്തുകയും ചൈനയുടെ തന്ത്രപരമായ ഇടം ചുരുക്കുകയും ചെയ്യും. ഗസയിലും ലബ്‌നാനിലും ചെറുത്തുനില്‍പ്പ് തുടരുന്നത് ബിആര്‍ഐ പദ്ധതിയെ ശക്തമാക്കാന്‍ ചൈനയ്ക്ക് സമയം നല്‍കും.

ചൈനയും പാശ്ചാത്യരും തമ്മിലുള്ള ഈ ഏറ്റുമുട്ടലിന്റെ ഒരു മുന്നണി ചെങ്കടലില്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. ബാബ് അല്‍ മന്ദെബ് കടലിടുക്കില്‍ യുഎസും ഇസ്രായേലും നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശം കുത്തകയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സമുദ്ര ഗതാഗതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ എന്ന വ്യാജേനെയാണ് സൈനിക നടപടികളെങ്കിലും പ്രധാന ആഗോള വ്യാപാര റൂട്ടിനെ കീഴ്‌പ്പെടുത്തി വയ്ക്കാനാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബിആര്‍ഐ പദ്ധതിയുടെ ഭാഗമായ സമുദ്രപാതകള്‍ സംരക്ഷിക്കാന്‍ 2017ല്‍ ജിബൂട്ടിയില്‍ ചൈന നാവികതാവളം തുറന്നു. പിന്നീട് ചൈനയും റഷ്യയും ഇറാനും നാവിക അഭ്യാസങ്ങള്‍ നടത്തി. കൂടാതെ സഖ്യകക്ഷികളുടെ കപ്പലുകള്‍ക്ക് ചൈന നിരീക്ഷണ സഹായവും നല്‍കി.

ചെങ്കടലിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളെയും മറ്റും ലക്ഷ്യമിടാന്‍ ചൈനീസ് കമ്പനിയായ ചാങ് ഗുവാങ് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി യെമനിലെ അന്‍സാറുല്ലയെ സഹായിച്ചുവെന്നാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎസ് ആരോപിച്ചത്. ഈ ആരോപണം കമ്പനി തള്ളി. പക്ഷേ, ചൈന തങ്ങള്‍ക്കെതിരേ പ്രോക്‌സി യുദ്ധം നടത്തുന്നുവെന്നാണ് യുഎസ് പറയുന്നത്.

ഈയൊരു രീതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും എന്നാല്‍ യുഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാക്കാനും ചൈനയെ സഹായിക്കുന്നു. അന്‍സാറുല്ല നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. പകരം ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം നിര്‍ത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇത് പശ്ചിമേഷ്യയില്‍ യുഎസുമായി ഏറ്റുമുട്ടാതെ തന്നെ യുഎസിന്റെ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ അവരെ സഹായിക്കുന്നു.

ചെങ്കടലിലെ യുഎസിന്റെയും ഇസ്രായേലിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ ആഗോളവ്യാപാരം വഴി ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം സഹിക്കാന്‍ ചൈന തയ്യാറാണെന്നാണ് ഇസ്രായേലിലെ നാഷണല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്.

ഇറാനും ചൈനയും

മേഖലയിലെ ചൈനയുടെ ഏറ്റവും അടുത്ത പങ്കാളിയായ ഇറാനും ഇതില്‍ നിര്‍ണായകമായ പങ്കുണ്ട്. ചൈനയുടെ എണ്ണ ഇറക്കുമതിയില്‍ 50 ശതമാനത്തോളം പശ്ചിമേഷ്യയില്‍ നിന്നാണ്. ഇറാന്‍ മുന്‍ഗണനാപരമായ വിലയില്‍ ചൈനയ്ക്ക് എണ്ണ നല്‍കുന്നു. യുഎസിന്റെ വിപണി ഇടപെടലില്‍ നിന്നും ഊര്‍ജ വില നിയന്ത്രണത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ചൈനയ്ക്ക് ഈ ഊര്‍ജ ഇടനാഴി അത്യാവശ്യമാണ്.

പക്ഷേ, യുഎസ് തങ്ങളുടെ നിയന്ത്രണ തന്ത്രത്തിന്റെ കേന്ദ്ര ലക്ഷ്യമാക്കി ഇറാനെ മാറ്റി. ആണവ കരാര്‍ അട്ടിമറിയും പ്രോക്‌സികളെ കൊണ്ടുള്ള സമ്മര്‍ദ്ദവും സാമ്പത്തിക ഉപരോധവും വരെ അതിനായി ഉപയോഗിച്ചു. യുഎസിന്റെ ഈ നടപടികള്‍ ഇറാന്റെ പങ്കാളികളെ, പ്രത്യേകിച്ച് ചൈനയെ പുതിയ ബന്ധങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇറാനില്‍ നിന്ന് എണ്ണയോ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യത്തിനും എതിരേ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മേയ് ഒന്നിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

ചൈനക്ക് വേദനിക്കുന്നിടത്ത് ഇടിക്കുക എന്നതാണ് യുഎസിന്റെ ഈ ആക്രമണത്തിന്റെ ലക്ഷ്യം. ഇറാന്റെ കയറ്റുമതി ശേഷി ദുര്‍ബലപ്പെടുത്തതിലൂടെ, പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസിന്റെ സഖ്യകക്ഷികളെ ചൈന ആശ്രയിക്കട്ടെ എന്നതാണ് യുഎസിന്റെ മനസ്സിലിരിപ്പ്. ഇത് ഊര്‍ജസ്രോതസുകളുടെ അമേരിക്കന്‍വല്‍ക്കരണം ഇല്ലാതാക്കുക എന്ന ചൈനയുടെ താല്‍പ്പര്യത്തിനും അവരുടെ ദീര്‍ഘകാല സാമ്പത്തിക പരമാധികാരത്തിനും എതിരാണ്.

ഈ വസ്തുതകളുടെ വെളിച്ചത്തില്‍ നോക്കുകയാണെങ്കില്‍ സിറിയയില്‍ വിഭാഗീയത വളര്‍ത്തിയും ഇറാനിലെ അടിസ്ഥാനസൗകര്യങ്ങളില്‍ സൈബര്‍ ആക്രമണം നടത്തിയും ഇസ്രായേല്‍ സൃഷ്ടിക്കുന്ന അസ്ഥിരത ചൈനയുടെ ബിആര്‍ഐ പദ്ധതിയില്‍ ഇറാന്റെ പ്രാധാന്യം കുറയ്ക്കാനുള്ളതാണ്. ഇത് യുഎസ് താല്‍പ്പര്യത്തെ സംരക്ഷിക്കുന്നു.

പശ്ചിമേഷ്യ പുതിയ യുഎസ്-ചൈന യുദ്ധമുന്നണിയോ ?

യുഎസ്-ചൈന സംഘര്‍ഷത്തിലെ വെറുമൊരു നാടകവേദിയല്ല ഇനി മുതല്‍ പശ്ചിമേഷ്യ, മറിച്ച് സംഘര്‍ഷത്തിലെ മുന്‍നിരയാണ്. കിഴക്കന്‍ ഏഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിലും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് പിന്‍വാങ്ങുന്നില്ല. പകരം, ആഗോളതലത്തില്‍ ചൈനയെ ഒതുക്കാനായി പശ്ചിമേഷ്യയെ തന്നെ ആയുധമാക്കുകയാണ്. ഐഎംഇസി പദ്ധതി, ചെങ്കടലിലെ നാവിക പട്രോളിങ്, ഇറാനെതിരായ ഉപരോധങ്ങള്‍ തുടങ്ങിയവ ഈ തന്ത്രപരമായ യുക്തിയുടെ ഭാഗമായി രൂപപ്പെടുന്നതാണ്.

അതേസമയം, നിഷ്പക്ഷതയ്ക്കുള്ള ആഹ്വാനം, സൈനിക നടപടികള്‍ ഒഴിവാക്കല്‍, സംഘര്‍ഷം ഒഴിവാക്കണമെന്ന അവ്യക്തമായ ആഹ്വാനങ്ങള്‍ തുടങ്ങിയവ നടത്തി ചൈന നയതന്ത്രപരമായ ചരടില്‍ നടക്കുകയാണ്. പക്ഷേ, അവരുടെ സാമ്പത്തിക താല്‍പ്പര്യവും രാഷ്ട്രീയ നിലപാടും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുകയാണ്. ചൈനയുടെ ബിആര്‍ഐ പദ്ധതിയെ ഇല്ലാതാക്കാനുള്ള ഒരു പാശ്ചാത്യ വ്യാപാര സംവിധാനത്തെ സൈനികമായി സുരക്ഷിതമാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമ്പോള്‍ നിഷ്‌ക്രിയ നിലപാടില്‍ തുടരണോ അതോ കര്‍ശനമായ നിലപാട് സ്വീകരിക്കണോ എന്ന് ചൈന തീരുമാനിക്കേണ്ടി വരും.

ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും സന്തുലിതാവസ്ഥയും

സമ്മര്‍ദ്ദം കൂടുമ്പോഴും പശ്ചിമേഷ്യയിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഈ ഭൗമരാഷ്ട്രീയ യുദ്ധക്കളത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഗസ മുതല്‍ ലബ്‌നാന്‍ വരെയും ഇറാഖ് മുതല്‍ യെമന്‍ വരെയുമുള്ള പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് എതിരാളികളുടെ വിമാനത്താവളങ്ങളും പൈപ്പ്‌ലൈനുകളും സമുദ്രപാതകളും ആക്രമിക്കാന്‍ കഴിയുന്നുണ്ട്. ഇത് നേരിട്ട് പ്രവര്‍ത്തിക്കാതെ തന്നെ നേട്ടമുണ്ടാക്കാന്‍ ചൈനയെ സഹായിക്കുന്നു.

അന്‍സാറുല്ലയുടെ ഹൈപ്പര്‍സോണിക് മിസൈലുകളും ഹിസ്ബുല്ലയുടെ ആയുധങ്ങളും ഇറാഖിലെ പ്രസ്ഥാനങ്ങള്‍ ഇസ്രായേലില്‍ നടത്തുന്ന ആക്രമണങ്ങളും യുഎസിന്റെ 'സ്ഥിരതാ' താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. സൈനിക മേധാവിത്വം കാണിക്കാതെ നിഷ്പക്ഷമായി വ്യാപാരം നടത്തുന്നവരെന്ന ഇമേജ് നിലനിര്‍ത്തുന്ന ചൈനയെ മേല്‍പ്പറഞ്ഞവരാരും ലക്ഷ്യമാക്കുന്നുമില്ല.

പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം യുഎസിന്റെ സാമ്പത്തിക സംയോജന പദ്ധതികളെ വൈകിപ്പിക്കുന്നുണ്ടെങ്കിലും ചൈനയുടെ നിക്ഷേപങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല. മാത്രമല്ല, അവര്‍ക്ക് അനുകൂലവുമായിരുന്നു. എന്നാല്‍, പാശ്ചാത്യ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമെന്ന രീതിയിലേക്ക് മാറാന്‍ ഇസ്രായേല്‍ ശ്രമിക്കുമ്പോളും ഊര്‍ജ സ്രോതസുകളില്‍ നിന്ന് ചൈനയെ വിഛേദിക്കാന്‍ യുഎസ് ശ്രമിക്കുമ്പോഴും നിഷ്‌ക്രിയത പുലര്‍ത്താനുള്ള ചൈനയുടെ സാധ്യതകള്‍ കുറയുകയാണ്

Next Story

RELATED STORIES

Share it