- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുള്‍ഡോസറില്‍നിന്ന് ബോംബിലേക്ക്; ഹിന്ദുത്വയുടെ ഇസ്രായേല്‍ റോള്‍മോഡല്‍

ശ്രീവിദ്യ കാലടി
ന്യൂഡല്‍ഹി: സഹായത്തിനായി കാത്തിരിക്കുന്നതും ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും എങ്ങനെയോ സാധാരണമായി മാറിയിരിക്കുന്നു. ഈ ഭീകരത വളരെ എളുപ്പത്തില്‍ സാധാരണവല്‍ക്കരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ലോകമെങ്ങും ഇത് പ്രതിഫലിക്കുന്നതായി പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഗസയില്‍ ഇസ്രായേല്‍ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ തോക്കിന്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഇന്ത്യയിലെ പലരും അതിനെ ഭീതിയോടെയല്ല, മറിച്ച് കരഘോഷങ്ങളോടെയാണ് എതിരേല്‍ക്കുന്നത്. ഒരു പക്ഷേ, ഫലസ്തീനിലെ ഭീതിദമായ സാഹചര്യത്തെ ഇന്ത്യയിലെ പലരും ആഘോഷിക്കുന്നില്ലെങ്കില്‍പോലും സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും എന്നു വേണ്ട, ദൈനംദിന സംഭാഷണങ്ങളിലും, ഇസ്രായേലിന്റെ സൈനികവല്‍ക്കരിക്കപ്പെട്ട ശക്തിയോട് തുറന്ന ആരാധനയുണ്ട്. ഫലസ്തീന്‍ പ്രശ്നങ്ങളോട് ഇക്കൂട്ടര്‍ പാലിക്കുന്നത് ഒരുതരം തണുത്തുറഞ്ഞ നിശ്ശബ്ദതയാണ്.
വിഷയം ആഴത്തില്‍ പരിശോധിക്കുമ്പോള്‍, ഇതിനെ കേവലം ഭൗമരാഷ്ട്രീയം എന്ന തരത്തില്‍ വിശദീകരിക്കാനാവില്ല. കാരണം ഫലസ്തീന്‍ ഒരിക്കലും ഇന്ത്യക്കാര്‍ക്കോ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്കോ ഭീഷണി ഉയര്‍ത്തിയിട്ടില്ല. ഫലസ്തീനികള്‍ ഇന്ത്യക്കാരെ ഉപദ്രവിച്ചിട്ടില്ല. അവര്‍ ഒരു പ്രദേശവും കൈവശപ്പെടുത്തിയിട്ടില്ല. എന്നിട്ടും, ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര വിമര്‍ശനത്തിന് വിധേയമാകുമ്പോള്‍ വൈകാരികമായും പ്രത്യയശാസ്ത്രപരമായും ചിലര്‍ ഇസ്രായേലിനോട് യോജിക്കുന്നതായി തോന്നുന്നുവെങ്കില്‍, അതിനുള്ള കാരണങ്ങള്‍ സ്വന്തം നാടിനോട് വളരെ അടുത്തും ചരിത്രത്തില്‍ തന്നെ വളരെ ആഴത്തിലും പതിഞ്ഞുകിടക്കുന്ന ഒന്നാണത്.
മൊത്തം ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍, നീതിയെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കൊപ്പം, ഫലസ്തീനികളുടെ കൂടെ നില്‍ക്കുന്നു. എന്നാല്‍ മറുവശത്ത് ഫലസ്തീനെ പിന്തുണച്ച് റാലികള്‍ നടത്തുന്നവര്‍ക്കെതിരേ കേസുകളും എഫ്‌ഐആറുകളും ഫയല്‍ ചെയ്യുന്നത് നാം കാണുന്നു. മുഹർറം പോലുള്ള അവസരങ്ങളില്‍ഫലസ്തീന്‍ പതാക വീശുന്നത് കുറ്റകരമാകുന്നിടത്ത്, ഹിന്ദുക്കള്‍ ഇസ്രായേല്‍ പതാക പരസ്യമായി വീശുകയും ഫലസ്തീന്‍ വംശഹത്യയെ ഓണ്‍ലൈനില്‍ പരിഹസിക്കുകയും ചെയ്യുന്നതില്‍ നടപടിയില്ലാതാകുന്നു.
അതേസമയം, ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ആഗോളതലത്തില്‍ വളരെ തന്ത്രപരമായ നിലപാടാണ് ഫലസ്തീന്‍ വിഷത്തില്‍ സ്വീകരിക്കുന്നത്. പല കേസുകളിലും ഇന്ത്യക്കാരെ ലക്ഷ്യം വയ്ക്കുന്ന ഒന്നായി ഫലസ്തീന്‍ വിഷയം മാറുന്നു. ഇത് നിരവധി ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജാതി-മത ഭേദമെന്യേ ഒരുമിച്ച് നിന്നവരില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന ഈ വേര്‍തിരിവിന് കാരണമെന്താണ്? ഹിന്ദുക്കള്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം മറന്നോ?
ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള മറുപടി ഒറ്റ ഉത്തരത്തിലൊതുങ്ങും. ആഗോളതലത്തിലും ആഭ്യന്തരമായും മുസ്‌ലിംകളോടുള്ള ആഴത്തിലുള്ള വിദ്വേഷമാണ് ഇതിന് പ്രധാന കാരണം. ഇപ്പറഞ്ഞ വിദ്വഷമാണ് തന്ത്രപരമായ പ്രായോഗികതയ്ക്കപ്പുറത്ത് ഇന്ത്യന്‍ ഹിന്ദുക്കളുടെ ഇസ്രായേലിനോടുള്ള പിന്തുണയെ നയിക്കുന്നത്. ഹിന്ദുത്വത്തിനു വേണ്ടി വാദിക്കുന്നവര്‍, നിരാംബലരും സ്വന്തം രാജ്യത്തിനു വേണ്ടി ശബ്ദിക്കുന്നവരുമായ ഫലസ്തീനികളെ പുരുഷനോ, സ്ത്രീയോ, കുട്ടിയോ അതിലുപരി മനുഷ്യനോ എന്നില്ലാതെ മുസ്‌ലിം എന്ന ഒരൊറ്റ ടാഗ് ലൈനിലേക്ക് കൂട്ടിക്കെട്ടുന്നു. ഫലസ്തീനി എന്നല്ല, മുസ്‌ലിംകള്‍ ഒന്നടങ്കം അവിടെ അസ്പൃശ്യരും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാകുന്നു.
ബുള്‍ഡോസര്‍ രാജെന്ന ഒരൊറ്റ പദം ഇന്ത്യയില്‍ എത്ര സ്ഥലം താണ്ടി എന്ന കണക്കുകള്‍ ഹിന്ദുത്വ രാഷ്ട്രമെന്ന ബിജെപിയുടെ സങ്കല്‍പ്പത്തിന് കരുത്തു പകരും. 2025 മെയ് മാസത്തില്‍, ഗുജറാത്തിലെ അഹമ്മദാബാദില്‍ ഏകദേശം 7,000 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തപ്പോള്‍ അത് ഒരു വിഭാഗം ആളുകളില്‍ ഒഴിച്ച് മറ്റാരിലും പ്രതിഷേധമുണ്ടാക്കിയില്ല. പല മുസ്‌ലിം വീടുകളും പൊളിച്ചു കളയുന്ന ചിത്രങ്ങള്‍ കണ്ട് പലരും ഊറിച്ചിരിച്ചിട്ടുണ്ടായിരിക്കണം. ഹിന്ദുത്വരുടെ ആ നിശ്ശബ്ദചിരിയില്‍ ബുള്‍ഡോസറുകള്‍ മിക്കവാറും എല്ലാ ദിവസവും മുസ്‌ലിം ഉടമസ്ഥതയിലുള്ള വീടുകളെയും കടകളെയും പള്ളികളെയും ശ്മശാനങ്ങളെയും ലക്ഷ്യമിടുന്നത് പതിവായി. മുസ്‌ലിം ആണെന്ന സംശയത്തിന്റെ പേരില്‍ മാത്രം ആളുകളെ ആള്‍ക്കൂട്ടക്കൊല ചെയ്യുന്നത് സാധാരണമായി . മുസ്‌ലിം സ്ത്രീകളെ വസ്തുനിഷ്ഠമായി ചിത്രീകരിക്കുകയും ഓണ്‍ലൈനില്‍ ലേലം ചെയ്യുകയും വരെ ചെയതു.
ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ സംഭലില്‍ അടുത്തിടെ മുസ് ലിംകള്‍ക്കെതിരേ നടന്ന കൊലപാതകങ്ങള്‍ മറ്റൊരു ഭയാനകമായ ഉദാഹരണമാണ്. ഒരു പള്ളി ഒരു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് 'ജയ് ശ്രീ റാം' മുഴക്കിയ ഹിന്ദുക്കളുടെ ആക്രോശം ചെന്നവസാനിച്ചത് അഞ്ച് മുസ്‌ലിംകളുടെ കൊലപാതകത്തിലാണ്. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ലാതായി മാറി. റിപോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് നടക്കാന്‍ തുടങ്ങി. പലരും ഭയം കാരണം പലതും പുറത്തുപറയാതെ അപമാനവും പേറി ജീവിക്കാന്‍ തുടങ്ങി . ഇതൊന്നും ആര്‍ക്കും ഒരു പ്രശ്നവുമല്ലാതായി തീര്‍ന്നു. അതേസമയം മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ കേസുകളെ അവഗണിക്കുകയോ ഹിന്ദു ഭൂരിപക്ഷ ആഖ്യാനത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ അവയെ ചിത്രീകരിക്കുകയോ ചെയ്യുന്നു.
പശു സംരക്ഷണമെന്ന പേരില്‍ അന്യമതസ്ഥരെ വേട്ടയാടുന്ന ഭരണകൂട ഭീകരത അത്ര നിസ്സാരകാര്യമല്ല. മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങള്‍ പലപ്പോഴും പരസ്യമായി ഉന്നയിക്കപ്പെടുന്നു, ഭരണകൂടത്തില്‍നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പല കേസുകളിലും ഭരണകൂടം തന്നെ ഇതില്‍ പങ്കാളിയാണ്. പശുവിന്റെ പേരില്‍ മനുഷ്യനെ കശാപ്പ് ചെയ്യുന്ന രീതിയോട് ഭരണകൂടം കണ്ണടച്ചു. ഇതിനുദാഹരണമാണ് , കണ്ടാല്‍ ഭയം തോന്നുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നതും. മുസ്‌ലിംകളുടെ ജീവനേക്കാള്‍ പശുക്കള്‍ക്ക് അന്തസ്സും സംരക്ഷണവും വിലയും കിട്ടുന്ന രാജ്യമായി ഇന്ത്യ മാറി എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഉണ്ടാകില്ല.
മുസ്‌ലിം പൗരന്മാരെ തോക്കിൻ മുനയില്‍ നിര്‍ത്തി ബംഗ്ലാദേശിലേക്ക് നിയമവിരുദ്ധമായി നാടുകടത്തുന്നതും ഇന്ന് വിചിത്രസംഗതിയല്ലാതായി മാറി. ഹിന്ദുത്വ പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തുന്ന ഒരു ആഴത്തിലുള്ള അടിച്ചമര്‍ത്തലിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു, 'നുഴഞ്ഞുകയറ്റക്കാര്‍', 'പാകിസ്താനികള്‍' 'റോഹിങ്ഗ്യകള്‍' എന്നിങ്ങനെയുള്ള ലേബലുകളില്‍ അവരുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമം അവര്‍ക്കു നീതി കൊടുക്കേണ്ടവര്‍ തന്നെ നടത്തുന്നു. സ്വന്തം രാജ്യത്ത് സ്വന്തമായി പേരു പോലുമില്ലാത്തവരാക്കി അവരെ മാറ്റാന്‍ മോദിയടക്കമുള്ളവര്‍ കാണിച്ച വ്യഗ്രത മേല്‍പ്പറഞ്ഞ വിശേഷണങ്ങളിലുണ്ട്.
സിനിമകള്‍ പോലും സാംസ്‌കാരിക ആയുധമായി മാറിക്കഴിഞ്ഞു. ദി കാശ്മീര്‍ ഫയല്‍സ് , ദി കേരള സ്റ്റോറി , ഛാവ , അടുത്തിടെ ഉദയ്പൂര്‍ ഫയല്‍സ് തുടങ്ങിയ സിനിമകള്‍ മുസ്‌ലിംകളെ പിശാചുവല്‍ക്കരിക്കുകയും ഹിന്ദു ദേശീയതയെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളെ മുന്നോട്ട് വയ്ക്കുമ്പോള്‍ പൊതുജനാഭിപ്രായത്തെ പരുവപ്പെടുത്താന്‍ ഭരണകൂടം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാകും.
ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്കുള്ള ആഹ്ലാദപ്രകടനം ഒരു ആഭ്യന്തര ഫാന്റസിയുടെ പ്രകടനമാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ അധികാരമില്ലാത്തവരാക്കി മാറ്റുകയും, അവരുടെ ചരിത്രം ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണത്.
സ്രായേലിനെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരനും തികഞ്ഞ ഹിന്ദു ദേശീയവാദിയാണെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ അജ്ഞത ഇനി ഒരു നിഷ്പക്ഷ നിലപാടല്ല. വിവരങ്ങള്‍ ലഭ്യമാകുന്ന ഒരു രാജ്യത്ത്, വിവരമില്ലാതെ തുടരുന്നത് തീര്‍ത്തും തെറ്റ് തന്നെയാണ്. അത് ഹിന്ദുത്വത്തിന് കുട പിടിക്കുന്ന ഒന്നാണ്. വംശഹത്യ നടക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നവര്‍,വെറും കാഴ്ചക്കാരല്ല, അവര്‍ അതില്‍ പങ്കാളികളാണ്.
ഈ നാട്ടില്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന് എല്ലാ ദിവസവും ആഹ്വാനം ചെയ്യുന്നു. അവരെ നുഴഞ്ഞുകയറ്റക്കാര്‍, രാജ്യദ്രോഹികള്‍ എന്നിങ്ങനെ വിളിക്കുന്നു. സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങള്‍ എടുത്തുകാണിക്കുന്നത്, ഭരണകൂടത്തിന്റെ പിന്തുണയോടെ ഹിന്ദു ദേശീയ ശക്തികള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍, പലപ്പോഴും രാമനവമി, ഹനുമാന്‍ ജയന്തി, മറ്റ് ഹിന്ദു ഉൽസവങ്ങള്‍ തുടങ്ങിയ മതപരമായ ഘോഷയാത്രകളില്‍ അക്രമം അഴിച്ചുവിടുന്നു എന്നാണ് .
മുസ്‌ലിംകള്‍ സ്വയം പ്രതിരോധിക്കുമ്പോള്‍, പൂര്‍ണമായും തയ്യാറായി എത്തുന്ന ഈ ജനക്കൂട്ടം അവരെ കൊല്ലുന്നു. അതിജീവിക്കുന്നവരെ ഭരണകൂടം ലക്ഷ്യമിടുന്നു. അക്രമത്തെ ഒരു മറയായി ഉപയോഗിച്ച് അവരുടെ വീടുകളും കടകളും തകര്‍ക്കാനും, കലാപകാരികളായി മുദ്രകുത്താനും, യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം അവരെ ജയിലിലടയ്ക്കാനും ശ്രമിക്കുന്നു. അക്രമത്തില്‍ പങ്കില്ലാത്തപ്പോള്‍ പോലും ഇരകള്‍ ഭവനരഹിതരും തൊഴിലില്ലാത്തവരും നിസ്സഹായരുമാണ്. നിയമവ്യവസ്ഥയും സര്‍ക്കാര്‍ സ്ഥാപനങ്ങളും മുസ്‌ലിം പൗരന്മാരെ സംരക്ഷിക്കുന്നതില്‍ വലിയതോതില്‍ പരാജയപ്പെട്ടപ്പോള്‍, ഈ വ്യവസ്ഥാപരമായ അനീതി സാധാരണ നിലയിലായി.
പ്രധാന ഹിന്ദു വോട്ടര്‍ അടിത്തറയില്‍നിന്നോ പിന്തുണക്കാരില്‍നിന്നോ തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയത്താലാകണം, മതേതര ശക്തികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും മൗനം പാലിക്കുകയോ മനപ്പൂര്‍വം ഇതിനെതിരേ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നു. വാരണാസിയിലെ രജതലാബില്‍ , 16 വയസ്സുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ഹിന്ദു തീര്‍ത്ഥാടകരായ കന്‍വാരിയകള്‍ ഉപദ്രവിച്ചുവെന്ന് ആരോപിക്കപ്പെട്ടു. പെണ്‍കുട്ടി ആക്രമത്തിനിരയാകുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് ആരോപണവിധേയരായ ആക്രമണകാരികള്‍ക്കെതിരേയല്ല, മറിച്ച് അവളുടെ കുടുംബത്തിനെതിരേയാണ്. അതിജീവിച്ചയാള്‍ പ്രതിയാകുന്ന ഈ അവസ്ഥ മുസ്‌ലിം സമുദായത്തിൻ്റെ ചെറുത്തുനില്‍പ്പിനെ ശിക്ഷിക്കുകയും ഹിന്ദു ആക്രമണത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു ഭരണകൂട സംവിധാനത്തിന്റെ പ്രതിഫലനമാണ്. ഇസ്രായേലില്‍ കാണുന്ന അതേ യുക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. അവിടെ ഫലസ്തീനികള്‍ ഇരയാകുന്നു. അതേസമയം അധിനിവേശ ശക്തി അത് ആസ്വദിക്കുന്നു. രണ്ടിടത്തും, അടിച്ചമര്‍ത്തപ്പെട്ടവര്‍ അരികുവല്‍ക്കരണത്തിനെ ചെറുക്കുന്നതിന്റെ പേരില്‍ മാത്രം സംശയിക്കപ്പെടുന്നു.
ഇരയെ ശിക്ഷിക്കുകയും അക്രമിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ വിപരീത യുക്തി, ഒരു അപാകതയല്ല; മറിച്ച് ഹിന്ദുത്വ ഭരണത്തിന്റെ ഒരു ഘടനാപരമായ സവിശേഷതയാണ്. ഉത്തരാഖണ്ഡില്‍, ദേവഭൂമിയുടെ ബാനറില്‍ സംസ്ഥാനം സജീവമായി സ്വയം 'ഹിന്ദു മാത്രമുള്ള' ഭൂമിയായി പുനര്‍നിര്‍മിക്കാനൊരുമ്പെടുന്നു. 'കൈയേറ്റങ്ങള്‍' നീക്കം ചെയ്യുന്നതിന്റെ പേരില്‍ 450ലധികം മുസ്‌ലിം ദര്‍ഗകളും മസാറുകളും പൊളിച്ചുമാറ്റപ്പെട്ടു, അതേസമയം ഹിന്ദു മത ഘടനകള്‍ തൊട്ടുകൂടാതെ തുടരുന്നു. തലമുറകളായി ഉത്തരാഖണ്ഡിലെ വനങ്ങളില്‍ താമസിച്ചിരുന്ന നാടോടികളായ പാസ്റ്ററല്‍ വാന്‍ ഗുജ്ജാറുകള്‍ പോലുള്ള തദ്ദേശീയ മുസ്‌ലിം സമൂഹങ്ങളെ ഇപ്പോള്‍ സംരക്ഷണത്തിന്റെ പേരില്‍ കുടിയിറക്കുകയും കൃഷി നിര്‍ത്താന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു, അതേസമയം ഹിന്ദു പഹാഡികള്‍ക്ക് കൃഷി തുടരാന്‍ അനുവാദമുണ്ട്. അതേസമയം, മുസ്‌ലിംകളുടെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനകള്‍ പതിവായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുകയും മുസ്‌ലിം കച്ചവടക്കാരെ മതമേളകളില്‍നിന്ന് നിരോധിക്കുകയും 'ലവ് ജിഹാദ്' പോലുള്ള ഇസ്‌ലാമോഫോബിക് ഗൂഢാലോചനകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു,
ഹിന്ദുത്വയുടെ വംശീയ-മത പദ്ധതിയുടെ പരീക്ഷണശാലയായി ഉത്തരാഖണ്ഡ് മാറിയിരിക്കുന്നു. നിയമങ്ങളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മുസ്‌ലിംകളെ സംസ്ഥാനത്തിന്റെ സാമൂഹിക, നിയമ, ഭൗതിക ഘടനയില്‍നിന്ന് പുറത്താക്കുന്നു. 2,000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ അവകാശവാദം ഉന്നയിച്ച്, ഇസ്രായേല്‍ ഒരു ജനതയെ ആട്ടിയകറ്റാന്‍ ശ്രമിക്കുന്നു. രണ്ടിടത്തും പുണ്യഭൂമി ആയുധമായി മാറുന്നു. അതിന്റെ പേരു പറഞ്ഞ് മുസ്‌ലിംകളെ പടിക്ക് പുറത്തു നിര്‍ത്തുന്നു.
അസമില്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകളും നാടുകടത്തലുകളും ഇതിനുദാഹരണമാണ്. ഇസ്രായേലിന്റെ നാടുകടത്തല്‍ രീതിയെ ഇത് ഓര്‍മിപ്പിക്കുന്നു.
അസമിലുടനീളം, 5,300ലധികം മുസ്‌ലിം കുടുംബങ്ങളെ , പ്രധാനമായും ബംഗാളി വംശജരെ, പുനരധിവാസത്തിനോ ന്യായമായ നഷ്ടപരിഹാരത്തിനോ യാതൊരു വ്യവസ്ഥയും കൂടാതെ നിര്‍ബന്ധിതമായി കുടിയിറക്കിയിട്ടുണ്ട്. അതേസമയം കുടിയിറക്കപ്പെടുന്നവരെ സഹായിക്കരുതെന്ന് പൗരന്മാരോട് അഭ്യര്‍ഥിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഈ നടപടികളെ പരസ്യമായി ന്യായീകരിച്ചു . ഗോള്‍പാറയിലെ പൈകാന്‍ റിസര്‍വ് ഫോറസ്റ്റില്‍ മാത്രം, 1,080ലധികം കുടുംബങ്ങളെ ഒറ്റ കുടിയൊഴിപ്പിക്കല്‍ നീക്കത്തില്‍ നീക്കം ചെയ്തു. ഈ കുടിയിറക്കലുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ പോലിസ് വെടിവയ്പിനും ഒരു മുസ്‌ലിം യുവാവിന്റെ മരണത്തിനും കാരണമാവുകയും ചെയ്തു .
2025 മെയ് മുതല്‍ ഏകദേശം 1,500 ബംഗാളി മുസ്‌ലിംകളെ നിയമവിരുദ്ധമായി പുറത്താക്കിയതായി റിപോര്‍ട്ടുണ്ട്. ധുബ്രയിലെ കുടിയൊഴിപ്പിക്കല്‍ നീക്കത്തില്‍, കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമോ ഭക്ഷണമോ അടിസ്ഥാന സുരക്ഷയോ നല്‍കിയില്ല. അതേസമയം, ധേമാജിയിലും മറ്റിടങ്ങളിലുമുള്ള ഹിന്ദു ഭൂരിപക്ഷ ഗ്രൂപ്പുകള്‍ ''ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ'' പുറത്താക്കണമെന്ന് വാദവുമായി പരസ്യമായി അണിനിരന്നു.
ഫലസ്തീനികള്‍ വംശീയമായി ആക്രമിക്കപ്പെടുമ്പോള്‍, മൗനം പാലിക്കുന്നവര്‍ അതേത് രാജ്യമായാലും, പുറന്തള്ളാന്‍ ശ്രമിക്കുന്നത് അതിന്റെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ്, കണ്ണടക്കുന്നത് അവര്‍ക്കു നേരെയാണ്. അവിടെ ഇസ്രായേലികള്‍, ഇന്ത്യക്കാര്‍ എന്നൊന്നില്ല. അവരുടെയൊക്കെ ഉന്നം മുസ്‌ലിം എന്ന നാമധേയം മാത്രമാണ്.
കടപ്പാട്: The observer post
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















