Big stories

ഫെബ്രുവരി ഒന്ന് ലോക ഹിജാബ് ദിനം

ഫെബ്രുവരി ഒന്ന് ലോക ഹിജാബ് ദിനം
X

അബ്ദുല്ല അൻസാരി

ഫെബ്രുവരി ഒന്ന് ലോകമെമ്പാടും ഹിജാബ് ദിനമായി (World Hijab Day) ആചരിച്ചു വരുന്നു. യു.എസ് കേന്ദ്രമായ വേൾഡ് ഹിജാബ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ 2013 മുതലാണ് ദിനാചരണം ആരംഭിച്ചത്. ന്യൂയോർക്കിലെ സാമൂഹ്യ പ്രവർത്തക നസ്മ ഖാനാണ് കാമ്പയിന് തുടക്കം കുറിച്ചത്. അവർ തന്നെയാണ് സംഘടനക്ക് ഇപ്പോഴും നേതൃത്വം നൽകുന്നതും. താല്പര്യമുള്ളവരെ ഈ ദിനത്തിൽ ഹിജാബ് ധരിക്കാൻ ക്ഷണിക്കുകയും അവരുടെ ഹിജാബ് അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കു വെക്കുകയുമാണ് ദിനത്തിലെ മുഖ്യ അജണ്ട. കഴിഞ്ഞ വർഷം 190 ഓളം രാജ്യങ്ങളിൽ 'ഹിജാബ് ഡേ' ആചരിച്ചതായി സംഘടനയുടെ വെബ്സൈറ്റ് പറയുന്നു.

10 മില്യൺ സ്ത്രീകൾ 2025 ലെ ഹിജാബ് കാമ്പയിനിൽ ഭാഗഭാക്കായി. ഹിജാബ് ധരിച്ച് സ്വന്തം അനുഭവവും അഭിപ്രായവും WorldHijabDay എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയാണ് കാമ്പയിനിൽ പങ്കാളിയാകാനുള്ള പ്രാഥമിക യോഗ്യത. ലേഖനരൂപത്തിലുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും വൈബ് സൈറ്റായ http:// worldhijabday.com ലേക്ക് അയച്ചു കൊടുക്കുകയും ആവാം. തെരെഞ്ഞെടുക്കപ്പെടുന്നവ സംഘാടകർ സൈറ്റിൽ പ്രസിദ്ധീകരിക്കും. അനവധി ഹിജാബ് അനുഭവങ്ങൾ ഇപ്പൊൾ സൈറ്റിൽ ലഭ്യമാണ്.

'ഹിജാബ് അടിച്ചമര്‍ത്തലിൻ്റെയും പീഡനത്തിൻ്റെയും അടയാളമായി വിലയിരുത്തപ്പെടുന്ന ലോക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ അത് നൽകുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹിജാബ് ദിനത്തിന് തുടക്കം കുറിച്ചത്.' നജ്മ പറയുന്നു (16 Feb 2022, India Today). ബംഗ്ലാദേശ് സ്വദേശിയായ നജ്മ തൻ്റെ പതിനൊന്നാം വയസിലാണ് ന്യൂയോർക്കിലേക്ക് കുടിയേറിയത്. 'തുടക്കത്തിൽ സ്കൂളിൽ ഹിജാബ് ധരിച്ച ഒരേയൊരു വിദ്യാർത്ഥിനി താൻ മാത്രമായിരുന്നു. ഹിജാബിൻ്റെ പേരിൽ സഹപാഠികളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ഏറെ അവഹേളിക്കപ്പെട്ടിട്ടുണ്ട്. മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബാറ്റ്മാനെന്നും നിന്‍ജ യോദ്ധാവെന്നുമൊക്കെ `ഇരട്ടപ്പേരു´ വിളിച്ച് സഹപാഠികൾ ആക്ഷേപിച്ചിട്ടുണ്ട്. 2001 ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെയാണ് ഇത്തരം ആക്ഷേപങ്ങളും അപരവൽക്കരണങ്ങളും കൂടുതൽ ശക്തി പ്രാപിച്ചത്. ഇത് ഏതൊരു മുസ്ലിം സ്ത്രീയെയും പോലെ തന്നെയും ഏറെ വേദനിപ്പിച്ചു. അങ്ങനെയാണ് ലോക ഹിജാബ് ദിനം എന്ന ആശയം രൂപപ്പെടുന്നത്. സമൂഹമാധ്യമങ്ങൾ ശക്തമായിത്തുടങ്ങിയ സമയമായിരുന്നു അത്. ഇവയുടെ സഹായത്തോടെ ഹിജാബ് സംഘടന വളർന്നു' നജ്മ വ്യക്തമാക്കി.

ഇന്ന് ഈ കൂട്ടായ്മയിൽ ലോകവ്യാപകമിയി മുസ്ലിം, അമുസ്ലിം ഭേദമന്യേ 190 ലധികം രാജ്യങ്ങളിലെ ജനങ്ങളുണ്ട് (World Hijab Day Feb 1, National Day Calendar). ലോക ഹിജാബ് ദിനം സംബന്ധിച്ച വാർത്തകളും അജണ്ടകളും അനുഭവങ്ങളും 56 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഹിജാബിനെ സംബന്ധിച്ച അവബോധം രൂപപ്പെടുത്താനായി ഇന്ന് 32 രാജ്യങ്ങളിലായി 90 ഓളം അബാസിഡര്‍മാര്‍ സംഘടനക്കുണ്ട്. ടൈം, ബിബിസി, സിഎൻഎൻ, അൽ-ജസീറ, ഹഫിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ ദിനത്തിന് വലിയ തോതിൽ പിന്തുണ നൽകുന്നുണ്ട്. 2011-ലെ മിസ് യൂണിവേഴസ് കരോള്‍ ലീ, നൈജീരിയന്‍ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഡോ. ആമിനാ നമാദി സാംബൂ, പ്രസിദ്ധ ചിന്തകന്‍ മുഫ്തി ഇസ്മായില്‍ മന്‍ഡെക്, ഡോ. യാസിര്‍ ഖാദി, ശൈഖ് ഉമര്‍ സുലെമാന്‍ തുടങ്ങിയവർ ഇന്ന് ഈ സംഘടനയുടെ ഭാഗമാണ്. കേവലം നാലുവർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൻ്റെ ബോധമണ്ഡലത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2017 ൽ യുഎസിലെ ന്യൂയോർക്ക് സ്റ്റേറ്റ്, ഹിജാബ് ദിനത്തിന് അംഗീകാരം നൽകി. അതേ വർഷം, യുകെയിലെ ഹൗസ് ഓഫ് കോമൺസ് (House of Commons) ദിനത്തെ അടയാളപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചു. മുൻ യുകെ പ്രധാനമന്ത്രി തെരേസ മേയും പരിപാടിയിൽ പങ്കെടുത്തിരുന്നു. 2018ൽ, സ്കോട്ടിഷ് പാർലമെൻ്റ് ഈ ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ എക്സിബിഷൻ സംഘടിപ്പിച്ചു. മുൻ പ്രധാന മന്ത്രി നിക്കോള സ്റ്റർജിയൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ സംഘടനക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൽ എല്ലാ വർഷവും ഫെബ്രുവരി ആദ്യ ദിനം ദേശീയ ഹിജാബ് ദിനമായി ആചരിക്കുന്ന ബില്ലിന് പ്രതിനിധിസഭ അംഗീകാരം നൽകി.

ബോധവൽക്കരണം, സാമൂഹ്യ വിദ്യാഭ്യാസം, ആശയ ശാക്തീകരണം എന്നിവയിലൂടെ മുസ്ലീം സ്ത്രീകളോടുള്ള വിദ്വേഷവും വിവേചനവും മുൻവിധിയും ഇല്ലാതാക്കുക എന്നതാണ് സംഘടനയുടെ കർമ്മപരിപാടി. സ്ത്രീകൾക്ക് 'തങ്ങൾ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ആ അവകാശത്തിൽ ഹിജാബും ഉൾപ്പെടും എന്ന സന്ദേശം ലോകത്തിന് സമർപ്പിക്കുക കൂടിയാണ് സംഘടനയുടെ ലക്ഷ്യം.

Next Story

RELATED STORIES

Share it