Big stories

ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയില്ല; ആറായിരത്തോളം അടിയന്തരാവസ്ഥാ ഇരകള്‍ അവഗണനയില്‍

രാജ്യത്തെ പതിനൊന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥാ ഇരകളേയും പോരാളികളേയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അതു പ്രകാരമുള്ള ആനുകൂല്യങ്ങളും പരിഗണനകളും ലഭിക്കുന്നുമുണ്ട്.

ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയില്ല;  ആറായിരത്തോളം അടിയന്തരാവസ്ഥാ ഇരകള്‍ അവഗണനയില്‍
X

പിസി അബ്ദുല്ല


കോഴിക്കോട്: സംസ്ഥാനത്തെ അടിയന്തരാവസ്ഥാ ഇരകളുടെ വിവരങ്ങളാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്കയച്ച നിര്‍ദേശത്തിനു പുല്ലുവില. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അണ്ടര്‍ സെക്രട്ടറി എം പി പ്രിയ മോള്‍ SSA2/26/2019 നമ്പറായി അയച്ച ഉത്തരവാണ് സംസ്ഥാനത്തെ കലക്‌റാപ്പീസുകളില്‍ ഫയലിലുറങ്ങുന്നത്.

രാജ്യത്തെ പതിനൊന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥാ ഇരകളേയും പോരാളികളേയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അതു പ്രകാരമുള്ള ആനുകൂല്യങ്ങളും പരിഗണനകളും ലഭിക്കുന്നുമുണ്ട്. മൊറാര്‍ജി സര്‍ക്കാര്‍ നിയോഗിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ആറായിരത്തോളം അടിയന്തരാവസ്ഥാ ഇരകളുണ്ട്. ഈ കുടുംബങ്ങള്‍ക്ക് ഷാ കമ്മീഷന്‍ നിര്‍ദേശിച്ച സ്വാതന്ത്ര്യ സമര പരിഗണന അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതി നിരന്തര സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ നടപടികളിലേക്കു നീങ്ങിയത്. എന്നാല്‍, സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയും ജില്ലാ കലക്ടര്‍മാരുടെ നിരുത്തരവാദിത്തവും മൂലം തുടര്‍ നീക്കങ്ങളൊന്നുമില്ല.

പ്രക്ഷോഭ പരിപാടികള്‍ വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അടിയന്തരാവസ്ഥ ഇരകളും പോരാളികളും ജൂണ്‍ ഒന്നിന് തൃശൂരില്‍ ഒത്തു ചേരും. ഉച്ച കഴിഞ്ഞ് രണ്ടിന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിലാണ് പരിപാടി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി ആരംഭിക്കുകയും 1977 മാര്‍ച്ച് 21ന് അവസാനിക്കുകയും ചെയ്ത അടിയന്തരാവസ്ഥാ കാലം. ഭരണകൂട ഭീകരതയെ അവഗണിച്ച് അടിയന്തരാവസ്ഥക്കെതിരേ പോരാടിയവരും ജയില്‍ പീഡനങ്ങളേറ്റുവാങ്ങിയവരും ജീവത്യാഗം സംഭവിച്ചവരും ഇനിയുമനാവരണം ചെയ്യപ്പെടാത്ത ചരിത്രത്തിന്റെ ഭാഗം.

11 സംസ്ഥാനങ്ങളില്‍ അടിയന്തരവസ്ഥാ പോരാട്ടാതെ രണ്ടാം സ്വാതന്ത്ര സമരമായി അംഗീകരിക്കുകയും സ്വാതന്ത്ര സമര സേനാനികള്‍ക്കുള്ള ആദരവും അംഗീകാരവും നല്‍കുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര സമരമായി അംഗീകരിക്കുക, അടിയന്തരാവസ്ഥാ ചരിത്രം പാഠ്യ വിഷയത്തിലുള്‍പ്പെടുത്തുക, ശാസ്തമംഗലം ക്യാമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നിരന്തര പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലില്‍ അടക്കപ്പെട്ടവരും പീഡനമേറ്റവരും ഒളിവില്‍ കഴിഞ്ഞവരുമാണ് ജൂണ്‍ ഒന്നിന് തൃശൂരില്‍ ഒത്തു ഛേരുക.

Next Story

RELATED STORIES

Share it