Big stories

കൊച്ചിയെ കൊല്ലരുത്; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍

കൊച്ചിയെ കൊല്ലരുത്; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍
X

തിരുവനന്തപുരം: ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെതിരേ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം. കൊച്ചിയെ കൊല്ലരുത്, കേരളത്തിന് സര്‍ക്കാരുണ്ടോ, കൊച്ചി കോര്‍പറേഷന് നാഥന്‍ ഉണ്ടോ എന്നീ ചോദ്യങ്ങളാണ് പ്ലക്കാര്‍ഡുകളിലൂടെ പ്രതിപക്ഷം ചോദിക്കുന്നത്. ബ്രഹ്മപുരത്ത് അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ടി ജെ വിനോദാണ് നോട്ടിസ് നല്‍കിയത്.

'പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയത് മൂലം മാരകമായ വിഷവാതകം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടുണ്ട്'. അതിനാല്‍ ഈ ഗുരുതര പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബ്രഹ്മപുരത്തെ അഗ്‌നിബാധ കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്ന് എംഎല്‍എ പറഞ്ഞു. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി. അതേസമയം, ബ്രഹ്മപുരത്ത് അഞ്ചാം തിയ്യതി തന്നെ കണ്‍ട്രോള്‍ റൂം തുറന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് മന്ത്രിമാര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരം പ്രശ്‌നത്തിലെ അടിയന്തരപ്രമേയ നോട്ടീസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നടത്തിയത്. പരിസ്ഥിതിമലിനീകരണം മുഖ്യമന്ത്രിയുടെ വകുപ്പാണ്. എന്നിട്ട് ബ്രഹ്മപുരത്ത് മുഖ്യമന്ത്രി എന്ത് ചെയ്‌തെന്ന് സതീശന്‍ ചോദിച്ചു. വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജന്‍സിയെ വച്ച് അന്വേഷിച്ചോ. നിസാരമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടതെന്നും സതീശന്‍ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ആണ് കത്തിക്കൊണ്ടിരിക്കുന്നത്. വിഷപ്പുകയാണ് ഉയരുന്നത്. ഇത് രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും. അമേരിക്ക- വിയറ്റ്‌നാം യുദ്ധത്തില്‍ ഉപയോഗിച്ച ഏജന്റ് ഒറഞ്ചിലുള്ള രാസപദാര്‍ഥമായ ഡയോക്‌സിനാണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുള്ളത്. വിയറ്റ്‌നാമിലെ ജനങ്ങള്‍ മൂന്ന് തലമുറ കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തിന്റെ ആരോഗ്യമന്ത്രി ബെസ്റ്റാണെന്നും സതീശന്‍ പരിഹസിച്ചു. വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്‌ക് ധരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. കൊച്ചിയില്‍ ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും സതീശന്‍ വിമര്‍ശിച്ചു. പ്രതിഷേധം ഭയന്ന് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം ഇത്രയും വഷളാവാന്‍ കാരണം. തീ കെടുത്താന്‍ പന്ത്രണ്ട് ദിവസമായിട്ടും ആദ്യവിവസത്തെ അതേ പ്ലാന്‍ തന്നെയാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. കോണ്‍ട്രാക്ടറെ സഹായിക്കാന്‍ വേണ്ടി മാലിന്യം മുഴുവന്‍ കത്തി ത്തീരാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ജനം അനാഥത്വം അനുഭവിക്കുകയാണ്, വിഷയത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. കരാര്‍ കമ്പനിയുടെ വക്താവായി തദ്ദേശമന്ത്രി മാറിയെന്നും സതീശന്‍ വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it