Big stories

കൊവിഡിന്റെ പേരില്‍ ചികില്‍സാ നിഷേധം: തുടര്‍ ചികില്‍സ ലഭിക്കാതെ കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍

കൃത്യമായി കീമോ തെറാപ്പി ലഭിക്കുകയും രോഗം നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന അവസ്ഥയിലുള്ള രോഗികളില്‍ പലരും ചികില്‍സ മുടങ്ങിയതോടെ ഗുരുതരാവസ്ഥയിലായിട്ടുണ്ട്.

കൊവിഡിന്റെ പേരില്‍ ചികില്‍സാ നിഷേധം: തുടര്‍ ചികില്‍സ ലഭിക്കാതെ കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍
X

മലപ്പുറം: കൊവിഡിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികില്‍സാ സൗകര്യങ്ങള്‍ വെട്ടിക്കുറച്ചത് കാന്‍സര്‍ രോഗികളെ ദുരിതത്തിലാക്കുന്നു. കൃത്യമായ ഇടവെളകളില്‍ കീമോ തെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ ആവശ്യമുള്ള കാന്‍സര്‍ രോഗികള്‍ ചികില്‍സ മുടങ്ങിയതോടെ ഏറെ പ്രയാസപ്പെടുകയാണ്. സ്വകാര്യ മേഖലയിലെ കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത സാധാരണക്കാരായ രോഗികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമായിരുന്നു ആശ്രയം. എന്നാല്‍ കൊവിഡിന്റെ പേരില്‍ പല സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും മാസങ്ങളായി കാന്‍സര്‍ ചികില്‍സാ വിഭാഗം പ്രവര്‍ത്തിക്കുന്നില്ല.


കടുത്ത വേദന അനുഭവിക്കേണ്ടി വരുന്നവരാണ് എല്ലാ കാന്‍സര്‍ രോഗികളും. കാന്‍സറിനുള്ള പ്രാരംഭ ചികില്‍സയായ കീമോ തെറാപ്പി മുടങ്ങിയതോടെ പലരും രോഗം കൂടിയ ഘട്ടത്തിലേക്ക് എത്തിയതായി ഇത്തരം രോഗികളെ വീടുകളില്‍ സന്ദര്‍ശിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ പറയുന്നു. കൃത്യമായി കീമോ തെറാപ്പി ലഭിക്കുകയും രോഗം നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന അവസ്ഥയിലുള്ള രോഗികളില്‍ പലരും ചികില്‍സ മുടങ്ങിയതോടെ ഗുരുതരാവസ്ഥയിലായിട്ടുണ്ട്. ഇത് കാന്‍സര്‍ രോഗികളുടെ മരണ നിരക്ക് വര്‍ധിക്കാനും കാരണമായതായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.


സംസ്ഥാനത്ത് ഏറ്റവുമധികം കാന്‍സര്‍ രോഗികളുള്ള മലപ്പുറം ജില്ലയില്‍ നേരത്തെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ കാന്‍സര്‍ ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ കൊവിഡിന്റെ പേരില്‍ ഇവടുത്തെ കാന്‍സര്‍ ഒപി നിര്‍ത്താക്കിയിട്ട് മാസങ്ങളായി. അതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജിനെ ആശ്രയിച്ചിരുന്ന വലിയൊരു വിഭാഗം രോഗികള്‍ ചികില്‍സ ലഭിക്കാത്ത സാഹചര്യത്തിലുമെത്തി. മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആശുപത്രികളില്‍ മാത്രമാണ് കാന്‍സര്‍ ചികില്‍സാ സൗകര്യവും കീമോ തെറാപ്പിയുമുള്ളത്. ഈ രണ്ടു പ്രദേശങ്ങള്‍ക്കിടിയിലുള്ള വലിയൊരു വിഭാഗം രോഗികള്‍ക്ക് ആശ്വാസമായിരുന്നത് മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജ് ആയിരുന്നു. കിടപ്പിലായ രോഗികളെ തിരൂരിലേക്കോ നിലമ്പൂരിലേക്കോ എത്തിക്കണമെങ്കില്‍ വന്‍ തുക വാഹന വാടക നല്‍കേണ്ടി വരും. ഇതു കാരണം ചികില്‍സ മുടങ്ങിയ ഒട്ടേറെ രോഗികളുണ്ട്.


മലപ്പുറം ജില്ലക്കു സമാനമാണ് മറ്റു ജില്ലകളിലെയും അവസ്ഥ. മിക്ക ഗവ. മെഡിക്കല്‍ കോളെജുകളിലെയും കാന്‍സര്‍ ചികില്‍സാ വിഭാഗം കൊവിഡിന്റെ പേരില്‍ അവസാനിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് ക്ലിനിക്കുകള്‍ വീടുകളിലെത്തി നല്‍കുന്ന പരിചരണം മാത്രമാണ് ഇത്തരം രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം കീമോ തെറാപ്പി ഉള്‍പ്പടെയുള്ള ചികില്‍സകള്‍ പാലിയേറ്റീവ് കെയറില്‍ ലഭ്യമല്ല. വ്യാപാര മേഖലകള്‍ ഉള്‍പ്പടെ ലോക്ഡൗണ്‍ ഇളവുകളുടെ പേരില്‍ സാധാരണ അവസ്ഥയിലേക്ക് എത്തുമ്പോഴും ചികില്‍സാ മേഖലയിലെ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് ആയിരക്കണക്കിനു കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സാ നിഷേധത്തിനു കാരണമാകുകയാണ്.




Next Story

RELATED STORIES

Share it