Big stories

ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ ദുരന്തം; ഡോക്ടര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ദുരന്തമാണ് ഡല്‍ഹിയിലുണ്ടായിരിക്കുന്നത്.

ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ ദുരന്തം; ഡോക്ടര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായ ഡല്‍ഹിയിലെ ആശുപത്രിയില്‍നിന്ന് വീണ്ടും പ്രാണവായു കിട്ടാത്തതിന്റെ പേരിലുള്ള ദുരന്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. ഡല്‍ഹിയിലെ ബാത്ര ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഓക്‌സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ദുരന്തമാണ് ഡല്‍ഹിയിലുണ്ടായിരിക്കുന്നത്.

എട്ടുപേരില്‍ ആറുപേരെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേരെ വാര്‍ഡുകളിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഗ്യാസ്‌ട്രോഎന്‍ട്രോളജി യൂനിറ്റ് മേധാവി ഡോ. ആര്‍ കെ ഹിമാത്താനിയാണ് മരിച്ച ഡോക്ടര്‍. ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം പൂര്‍ണമായും നിലച്ചതിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 327 കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 48 പേര്‍ ഐസിയുവിലാണ്. എട്ടുപേരുടെ നില അതീവഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

11 ദിവസമായി ഓക്‌സിജന്‍ പ്രതിസന്ധിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കോടതിയെ അറിയിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മാത്രമാണ് ടാങ്കറുകള്‍ ആശുപത്രിയിലെത്തിയത്. അതായത് ഗുരുതരമായ രോഗികളായ 230 ഓളം രോഗികള്‍ക്ക് ഒരുമണിക്കൂറും 20 മിനിറ്റും ഓക്‌സിജനില്ലായിരുന്നു.രാത്രി 11.45 ന് ഞങ്ങള്‍ ഓക്‌സിജന്‍ തീര്‍ന്നു. 1.30 ന് ഓക്‌സിജനെത്തി. ഞങ്ങള്‍ക്ക് 1 മണിക്കൂറും 20 മിനിറ്റും ഓക്‌സിജനിലലായിരുന്നു- ആശുപത്രി കോടതിയെ അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കുന്നതില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളും ഏപ്രില്‍ ഒന്നു മുതലുള്ള ചികില്‍സാ വിവരങ്ങള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ബാത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓക്‌സിജന്‍ തീരുന്നത്.

Next Story

RELATED STORIES

Share it