Big stories

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല; ഒമ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല; ഒമ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒമ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സുപ്രിംകോടതി പിഴ ചുമത്തി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിന്റെ പേരിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. സിപിഎമ്മിനും, എന്‍സിപിക്കും അഞ്ച് ലക്ഷം രൂപയും ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, എല്‍ജെപി എന്നി പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടില്‍ പാര്‍ട്ടികള്‍ നിക്ഷേപിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ ആഴത്തിലുള്ള ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിസമ്മതിക്കുകയാണ്- സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞു. രാഷ്ട്രീയ നിയമനിര്‍മാതാക്കള്‍ ഉടന്‍ ഉണര്‍ന്ന് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിന്റെ ദുരുപയോഗം ഇല്ലാതാക്കാന്‍ വലിയ ശസ്ത്രക്രിയ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇനി മുതല്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ കേസുകളുടെ രേഖകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. വെബ്‌സൈറ്റിലെ ഹോം പേജില്‍ സ്ഥാനാര്‍ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങളുടെ ലിങ്ക് ഉണ്ടാവണം.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരം വോട്ടര്‍മാര്‍ക്ക് ലഭിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി ഫെബ്രുവരി 13 ന് പുറത്ത് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവില്‍ വീഴ്ച വരുത്തിയതിന് അഭിഭാഷകന്‍ ബ്രജേഷ് സിങ് നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് സുപ്രിംകോടതി പിഴ വിധിച്ചത്. സിപിഎം, എന്‍സിപി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഫോം സി 8 ലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചരുന്നില്ല.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. സിപിഎം, എന്‍സിപി എന്നീ പാര്‍ട്ടികള്‍ പറ്റിയ വീഴ്ചയ്ക്ക് കോടതിയില്‍ നിരുപാധികം മാപ്പ് അഭ്യര്‍ഥിച്ചിരുന്നു എങ്കിലും അത് തള്ളിക്കൊണ്ടാണ് പിഴ ചുമത്തിയത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാല് പേരെയും എന്‍സിപി 26 പേരെയുമാണ് സ്ഥാനാര്‍ഥികളാക്കിയത്.

പ്രചാരം കുറഞ്ഞ മാധ്യമങ്ങളിലാണ് കോണ്‍ഗ്രസും, ബിജെപിയും സിപിഐയും സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ പ്രസിദ്ധീകരിച്ചത്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകളിലെ പ്രതികളെയും ഈ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളാക്കി. ഇതിന്റെ പേരിലാണ് ഒരുലക്ഷം രൂപ ഇവര്‍ക്ക് കോടതി പിഴ വിധിച്ചത്. ഞങ്ങള്‍ക്ക് അടിയന്തരമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഞങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് നിയമനിര്‍മ്മാണ സഭയുടെ അതിര്‍ത്തി കടക്കാന്‍ കഴിയില്ല- ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും ബി ആര്‍ ഗവിയും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it