Big stories

ഹിന്ദുത്വരുടെ ബൈക്ക് റാലിക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപണം; രാജസ്ഥാനില്‍ മുസ്‌ലിം വിരുദ്ധ കലാപം

ഘോഷയാത്ര ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആക്രമണത്തിന്റെ തുടക്കം. ഹിന്ദുത്വരുടെ കല്ലേറിലും തീവെപ്പിലും ഏതാനും ഇരുചക്ര വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു

ഹിന്ദുത്വരുടെ ബൈക്ക് റാലിക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപണം; രാജസ്ഥാനില്‍ മുസ്‌ലിം വിരുദ്ധ കലാപം
X

കരൗലി: ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായ 'നവ സംവത്‌സര്‍' ദിനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോയ മോട്ടോര്‍ സൈക്കിള്‍ റാലിക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് മുസ്‌ലിം വിരുദ്ധ കലാപത്തിന് തീകൊളുത്തി ഹിന്ദുത്വര്‍. വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കരൗലി നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് കരൗലി നഗരത്തില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട സംഭവമുണ്ടായതെന്ന് പോലിസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് ഹിന്ദു സംഘടനകള്‍ ബൈക്ക് റാലി നടത്തിയിരുന്നു. ഘോഷയാത്ര ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആക്രമണത്തിന്റെ തുടക്കം. ഹിന്ദുത്വരുടെ കല്ലേറിലും തീവെപ്പിലും ഏതാനും ഇരുചക്ര വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കപ്പെടുകയായിരുന്നു.

സംഘര്‍ഷത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം പേരുടേയും പരിക്കുകള്‍ നിസാരമാണ്. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അദ്ദേഹത്തെ ജയ്പൂരിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എഡിജി അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോ ആന്‍ഡ് ഓര്‍ഡര്‍, ഹവ സിങ് ഘുമാരിയ ശനിയാഴ്ച പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ട് ഡിജിപിയുമായി സംസാരിക്കുകയും എല്ലാ കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാധാനം നിലനിര്‍ത്താന്‍ ഗെലോട്ട് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ ബിജെപി രംഗത്തുവന്നു. വിദ്വേഷ മനോഭാവം രാജസ്ഥാനില്‍ വളരാന്‍ അനുവദിക്കില്ല, കുറ്റക്കാര്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണന നയത്തിന്റെ ഫലമാണ് സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ വിമര്‍ശിച്ചു. മുസ്‌ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനം മേഖലയില്‍ റദ്ദുചെയ്തിട്ടുണ്ട്. ആക്രമണം മറ്റുമേഖലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ സൈന്യത്തേയും അധിക പോലിസിനേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it