Big stories

കൊവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം മരുന്ന്‌ കമ്പനികൾക്ക്‌: കേന്ദ്രം

കൊവിഷീൽഡോ കൊവാക്സിനോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം.

കൊവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം മരുന്ന്‌ കമ്പനികൾക്ക്‌: കേന്ദ്രം
X

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണം. വാക്‌സിനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.

കൊവിഡ് വാകസിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു കേന്ദ്രത്തിൽ ഒരു വാക്സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കൊവിഷീൽഡോ കൊവാക്സിനോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം. ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്‌സിന്‍ മാത്രം ഒരു കേന്ദ്രത്തില്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം.

രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മാതാക്കളുടെ ആവശ്യം.

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂനിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം. എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കൊവിഡ് പ്രതിരോധ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടി വരും.

Next Story

RELATED STORIES

Share it