Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 15.13 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 15.13 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2.82 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇന്നലത്തെ കേസുകളുടെ എണ്ണത്തേക്കാള്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനത്തില്‍ നിന്ന് 15.13 ശതമാനമായി ഉയര്‍ന്നു. കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന് കാരണമാവുന്ന അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ 8,961 കേസുകള്‍ രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ ഒമിക്രോണിന്റെ എണ്ണം 0.79 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് മൂലം ആകെ 441 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലത്തെ 310 എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ്. രാജ്യത്ത് നിലവില്‍ 18.31 ലക്ഷമാണ് സജീവ കേസുകളുടെ എണ്ണമെന്നും ആരോഗ്യമന്ത്രാലയം ബുള്ളറ്റിനില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.88 ലക്ഷത്തിലധികം രോഗികള്‍ കൊവിഡില്‍നിന്ന് സുഖം പ്രാപിച്ചു, രാജ്യത്തിന്റെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.88 ശതമാനമാണ്. ഇതുവരെ 70.74 കോടി സാംപിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ ഒരുദിവസം മാത്രം 18.69 ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയത്.

ഇന്നലത്തേക്കാള്‍ 2 ലക്ഷത്തിലധികം കൂടുതല്‍. രാജ്യവ്യാപകമായി 158 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ 17 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണുണ്ടായത്. എന്നാല്‍, രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ നിരക്ക് ഇതുവരെ വളരെ കുറവാണ്. മൂന്നാമത്തെ തരംഗത്തില്‍ പ്രധാന നഗരങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം ഉയര്‍ന്നതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Next Story

RELATED STORIES

Share it