Big stories

കൊവിഡ്-19: സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി

വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് വിദേശങ്ങളില്‍ കാലാവധിയുള്ള റീഎന്‍ട്രിയോടെ കഴിയുന്ന വിദേശികളുടെ റീഎന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക്കായി ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കൊവിഡ്-19: സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി
X

റിയാദ്: കൊവിഡ്-19 വൈറസ് പ്രതിരോധ ഭാഗമായി സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയി ഉര്‍ന്നു. അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ രണ്ടാഴ്ചയ്ക്കിടെ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുകയുള്ളൂ. ഇക്കലയളവില്‍ തിരികെയെത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതിനിടെ, സൗദിയിലേക്ക് തിരിച്ചുവരാന്‍ റീഎന്‍ട്രി വിസയിലുള്ള പ്രവാസികള്‍ക്ക് അനുവദിച്ച 72 മണിക്കൂര്‍ സമയം ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാന്‍ വിമാന കമ്പനികള്‍ പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ, സൗദി ഇഖാമയുള്ള വിദേശികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് വിദേശങ്ങളില്‍ കാലാവധിയുള്ള റീഎന്‍ട്രിയോടെ കഴിയുന്ന വിദേശികളുടെ റീഎന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക്കായി ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിമാന സര്‍വീസ് നിര്‍ത്തിവച്ച കാലയളവിന് തത്തുല്യമായ കാലത്തേക്കാണ് ഇവര്‍ക്ക് റീഎന്‍ട്രി കാലാവധി നീട്ടിനല്‍കുക. റീഎന്‍ട്രി വിസയില്‍ വിദേശത്ത് കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ ദീര്‍ഘിപ്പിക്കും. ഫാമിലി, ബിസിനസ്, ചികില്‍സ, തൊഴില്‍, ടൂറിസ്റ്റ് വിസകള്‍ അടക്കം എല്ലാവിധ സന്ദര്‍ശന വിസകളിലും സൗദിയിലെത്തിയവരുടെ വിസാ കാലാവധി തത്തുല്യ കാലത്തേക്ക് നീട്ടിനല്‍കും. ജവാസാത്തിനെ നേരിട്ട് സമീപിച്ച് നിശ്ചിത ഫീസ് അടച്ചാണ് വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത്. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകളെല്ലാം ദീര്‍ഘിപ്പിച്ച് നല്‍കും. വിസിറ്റ് വിസകളില്‍ സൗദിയില്‍ കഴിയാവുന്ന പരമാവധി കാലം 180 ദിവസമാണ്. പുതിയ സാഹചര്യത്തില്‍ ഇത്രയും കാലം സൗദിയില്‍ കഴിഞ്ഞവരുടെയും വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.



Next Story

RELATED STORIES

Share it