Big stories

മോദിയുടെ രക്ഷകന്‍, സ്തുതിപാഠകന്‍; ഇനി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത്

27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ ചീഫ് ജസ്റ്റിസ് അല്ലാത്ത ഒരാളെ എന്‍എച്ച്ആര്‍സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇത്തരമൊരു ഭേദഗതിക്ക് 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കിയിരുന്നു.

മോദിയുടെ രക്ഷകന്‍, സ്തുതിപാഠകന്‍; ഇനി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത്
X

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ(എന്‍എച്ച്ആര്‍സി) പുതിയ ചെയര്‍പേഴ്‌സനാവുന്നത് മോദി സ്തുതിയിലൂടെ വിവാദനായകനായ സുപ്രിം കോടതി മുന്‍ ജഡ്ജി അരുണ്‍ കുമാര്‍ മിശ്ര. പ്രധാനമന്ത്രിയെ സുപ്രിംകോടതി ജഡ്ജിയായിരിക്കെ പുകഴ്ത്തുക മാത്രമല്ല, ചില കേസുകളില്‍ നരേന്ദ്ര മോദിക്കും അമിത്ഷായ്ത്തും ഉള്‍പ്പെടെ രക്ഷകനായതും അരുണ്‍ കുമാര്‍ മിശ്രയായിരുന്നു. ചട്ടങ്ങള്‍ മാറ്റിമറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തെ നിയമിച്ചതും 'ഉപകാരസ്മരണ'യാണെന്നു വ്യക്തം. സഞ്ജീവ് ഭട്ട് കേസ്, സഹാറ-ബിര്‍ള ഡയറീസ് കേസ്, ജസ്റ്റിസ് ലോയയുടെ മരണം, സുഹ്‌റബുദ്ദീന്‍-കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ഹരേന്‍ പാണ്ഡ്യ വധം എന്നിവയിലെല്ലാം ബിജെപി നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള നിയമപരമായ ഇളവുകള്‍ അനുവദിച്ചതും അരുണ്‍ കുമാര്‍ മിശ്രയുടെ 'ഇടപെടലില്‍' തന്നെ. സര്‍ക്കാരുകളും പോലിസ് സേനകളും മറ്റും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ സ്വമേധയാ ഉടനടി ഇടപെടേണ്ട സ്ഥാപനത്തിന്റെ തലപ്പത്താണ് അരുണ്‍കുമാര്‍ മിശ്രയെ നിയമിച്ചിട്ടുള്ളതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

സുപ്രിംകോടതിയുടെ സിറ്റിങ് ജഡ്ജിയായിരിക്കെ 2020 ഫെബ്രുവരിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആഗോളതലത്തില്‍ ചിന്തിക്കാനും പ്രാദേശികമായി പ്രവര്‍ത്തിക്കാനും കഴിയുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ബഹുമുഖ പ്രതിഭ' എന്ന് അരുണ്‍മിശ്ര വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ തന്നെ അരുണ്‍ മിശ്രയുടെ വിവാദപരാമര്‍ശത്തിനെതിരേ രംഗത്തെത്തുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഏറെ പ്രമാദമായ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലും ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഇടപെടല്‍ വ്യക്തമായിരുന്നു. കേസ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് മാറ്റിയതിനെതിരേയാണ് നാല് മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച അസാധാരണ സംഭവവികാസങ്ങള്‍ക്കും രാജ്യം സാക്ഷിയായിരുന്നു.

ഗുജറാത്ത് വംശഹത്യാ സമയത്ത് കൂട്ടക്കൊലയ്ക്ക് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പച്ചകൊടി കാണിച്ചെന്നും ഇതുസംബന്ധിച്ച യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഓഫിസറും ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്ത സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി തളളിയതും അരുണ്‍മിശ്രയാണ്. സഹാറ-ബിര്‍ല കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച് പിടിച്ചെടുത്ത രേഖകള്‍ കൈമാറാത്തതിനെതിരായ ഹരജിയും ഇദ്ദേഹമാണ് തള്ളിയത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹിരേണ്‍ പാണ്ഡ്യയുടെ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയയാളെ ജസ്റ്റിസ് അരുണ്‍മിശ്ര അരലക്ഷം രൂപ പിഴയടക്കാന്‍ വിധിച്ചാണ് തള്ളിയത്. സുഹ്‌റബുദ്ദീന്‍-കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സഹായമായതും അരുണ്‍മിശ്രയും വിധിന്യായങ്ങളായിരുന്നു. സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയാണ് നിയമനം നടത്തുന്നത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രമാണ് എന്‍ഡിഎയുമായി ബന്ധമില്ലാത്തയാള്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിക്കുകയും മോദിക്ക് ഒരു കത്തിലൂടെ ഇത് രേഖപ്പെടുത്തുകയും ചെയ്തു.

മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജെയിന്‍, ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ എന്നിവരെ ഒഴിവാക്കിയാണ് അരുണ്‍ കുമാര്‍ ജസ്റ്റിസ് മിശ്രയുടെ പേരിന് അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ സുപ്രിംകോടതിയിലെ മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ള 12 പേരുകളുടെ ഒരു ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നാണ് രണ്ട് അംഗങ്ങളെ പരിഗണിച്ചതെന്നും റിപോര്‍ട്ടുണ്ട്. ജസ്റ്റിസുമാരായ ടി എസ് താക്കൂര്‍, ജെ എസ് ഖേഹര്‍, ദീപക് മിശ്ര, രഞ്ജന്‍ ഗോഗോയ്, ശരദ് ബോബ്‌ദെ തുടങ്ങിയവരാണ് ആ ലിസ്റ്റിലുണ്ടായിരുന്നതെന്നാണ് റിപോര്‍ട്ട്. 27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ ചീഫ് ജസ്റ്റിസ് അല്ലാത്ത ഒരാളെ എന്‍എച്ച്ആര്‍സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇത്തരമൊരു ഭേദഗതിക്ക് 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്ന മനുഷ്യാവകാശ സംരക്ഷണ നിയമ(പിഎച്ച്ആര്‍എ)മാണ് സുപ്രിംകോടതിയിലെ ഏതെങ്കിലും മുന്‍ ജഡ്ജിയെ നിയമിക്കാമെന്ന് ഭേദഗതി വരുത്തി. വിവാദ ഭേദഗതി എന്‍എച്ച്ആര്‍സി സര്‍ക്കാരിനെതിരേയുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കാരണാവുമെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സുപ്രിം കോടതിയില്‍ ജഡ്ജിയായിരിക്കെ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാവുന്ന വിധത്തിലാണ് പലപ്പോഴും വിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.

എന്‍എച്ച്ആര്‍സി ചെയര്‍പേഴ്‌സണായ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു 2020 ഡിസംബറില്‍ വിരമിച്ച ശേഷം ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

Controversial Judge Who Praised Modi Will Head National Human Rights Commission Now

Next Story

RELATED STORIES

Share it