Big stories

രാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക

രാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
X

പി അബ്ദുല്‍ ഹമീദ്


നമ്മുടെ ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹിക നീതി പുലരുന്ന ക്ഷേമ രാഷ്ട്രം എന്ന രാഷ്ട്ര ശില്‍പ്പികളുടെ സ്വപ്നം നാളിതുവരെ സാക്ഷാല്‍ക്കരിക്കാനായിട്ടില്ല. എന്നുമാത്രമല്ല, മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും പരമാധികാരവും മതേതരത്വവും സോഷ്യലിസവും തുല്യനീതിയും നാള്‍ക്കുനാള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ അട്ടിമറിക്കുന്ന ദുരവസ്ഥയാണ് രാജ്യം നേരിടുന്നത്.

ഭരണഘടന സംരക്ഷിക്കുക

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന ഇന്ന് കടുത്ത ഭീഷണി നേരിടുകയാണ്. രാഷ്ട്ര നന്മയും പൗരക്ഷേമവും വിഭാവനം ചെയ്യുന്ന ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും അവസരസമത്വവും സാര്‍വത്രിക വിദ്യാഭ്യാസവും തൊഴിലും സാമൂഹിക നീതിയും ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പൗരസമൂഹത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. എന്നാല്‍ ഈ മഹത്തായ തത്വങ്ങള്‍ നിഷേധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യം. രാഷ്ട്രത്തിനു മുകളില്‍ മതത്തെ പ്രതിഷ്ഠിക്കുന്ന ഭരണഘടനാ ലംഘനം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുന്നു. മഹത്തായ ഈ ഭരണഘടനയെ രക്ഷിക്കാന്‍ പൗരസമൂഹം സമരസജ്ജരായി രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജാതി സെന്‍സസ് നടപ്പാക്കുക

ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ-ഭാഷാ വ്യത്യാസങ്ങളില്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യനീതിയും തുല്യാവസരങ്ങളും ഉറപ്പാക്കുമ്പോള്‍ മാത്രമേ സാമൂഹിക ജനാധിപത്യം സാര്‍ഥമാവൂ. വിഭവങ്ങളും അധികാരവും ഉദ്യോഗ-വിദ്യാഭ്യാസ അവസരങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുപാതികമായി വിതരണം ചെയ്യപ്പെടണം. ഇന്ത്യന്‍ ജനതയില്‍ 80 ശതമാനത്തിലധികം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ ശ്രദ്ധ പതിയാത്തത് എവിടെയെല്ലാമാണ്, വിഭവങ്ങളുടെ വിതരണം ഏതു നിലയ്ക്കാണ് നടക്കുന്നത്, അധികാരപങ്കാളിത്തത്തിലും അര്‍ഹമായ പ്രാതിനിധ്യത്തിലും ആരൊക്കെയാണ് പിന്തള്ളപ്പെട്ടത്, ആര്‍ക്കൊക്കെ പ്രത്യേക പരിഗണന നല്‍കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിലൂടെയേ സാധിക്കൂ. ജനസംഖ്യാനുപാതികമായി രാജ്യത്തെ അരികുവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന ഭൂരിപക്ഷ ജനതയ്ക്ക് ലഭിക്കേണ്ട ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കാനും ജാതി സെന്‍സസ് അടിസ്ഥാനപ്പെടുത്തിയുള്ള തിരുത്തല്‍ നടപടികളിലൂടെ അവസരം ലഭിക്കും.

പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക

തുടര്‍ച്ചയായ ബിജെപി ഭരണത്തില്‍ ഏകപക്ഷീയമായി ചുട്ടെടുത്ത നിയമങ്ങളത്രയും ജനവിരുദ്ധവും വംശീയാടിസ്ഥാനത്തിലുള്ളതുമായിരുന്നു. പൗരത്വം, കുറ്റവും ശിക്ഷയും തുടങ്ങിയവയ്ക്ക് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തുന്ന ഒരാള്‍ മുസ് ലിമാണെങ്കില്‍ മാത്രം ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിയമം പാസ്സാക്കി. എന്‍ഐഎ(ഭേദഗതി ബില്ല്), യുഎപിഎ(ഭേദഗതി ബില്ല്) തുടങ്ങിയവ പൗരാവകാശ വിരുദ്ധമായ നിയമഭേദഗതികളാണ്. ഭരണഘടനയുടെ 371, 371 എ മുതല്‍ 371 എച്ച് വരെയും 371 ജെ എന്നീ അനുഛേദങ്ങള്‍ പ്രകാരം 11 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടായിരിക്കേ വംശീയ ദുഷ്ടലാക്കോടെ കശ്മീരിന്റെ പ്രത്യേക പദവി മാത്രം എടുത്തുകളഞ്ഞു. അതേസമയം നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍, സിക്കിം, അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അത്തരം നിയമങ്ങള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു. ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും ഇല്ലാതാക്കി ഏകശിലാ ധ്രുവ, മതവല്‍കൃത രാഷ്ട്രനിര്‍മിതിക്കായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാനുള്ള ശ്രമത്തിലാണ്. ഉത്തരാഖണ്ഡ് ബിജെപി സര്‍ക്കാര്‍ ഏകസിവില്‍ കോഡ് ഇതിനകം പാസ്സാക്കിയിരിക്കുന്നു. രാജ്യത്തെ എല്ലാ വിഭാഗത്തിനും ഏകീകൃത സിവില്‍ നിയമം ബാധകമാക്കുന്നതിനാണ് നിയമം പാസ്സാക്കുന്നത് എന്നു വാദിച്ചവര്‍ ആദിവാസി-ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു. യഥാര്‍ഥത്തില്‍ വൈവിധ്യവും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തില്‍ ഏകീകൃത നിയമം പ്രായോഗികമല്ലെന്ന് തുറന്നുസമ്മതിക്കുകയാണ് നിയമനിര്‍മാണത്തിലൂടെ. ഏകീകൃത നിയമം എന്നതല്ല ലക്ഷ്യം, വംശീയ മുന്‍വിധികളോടെ ശത്രുപട്ടികയില്‍ പ്രതിഷ്ഠിക്കപ്പെട്ടവരുടെ സാംസ്‌കാരിക സ്വത്വം ഇല്ലാതാക്കുകയെന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്നു തിരിച്ചറിയാന്‍ സാമാന്യബുദ്ധി മാത്രം മതി.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം മതിയായ ചര്‍ച്ചകള്‍ പോലുമില്ലാതെയാണ് ഓരോ പൗരാവകാശ വിരുദ്ധ ബില്ലുകളും പാസ്സാക്കിയെടുത്തിട്ടുള്ളത് എന്നു കാണാം. ജനാധിപത്യത്തിന്റെ നെടുംതൂണായ പാര്‍ലമെന്റിനെ ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കാനുള്ള പണിപ്പുരയാക്കി ബിജെപി മാറ്റിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാവും. കഴിഞ്ഞ ശീതകാലസമ്മേളനത്തില്‍ 146 എംപിമാരെ സസ്‌പെന്റ് ചെയ്ത് പുറത്തുനിര്‍ത്തിയ ശേഷമാണ് പതിനേഴ് ബില്ലുകള്‍ പാസ്സാക്കിയെടുത്തത്. രാജ്യത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകള്‍, രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പാനലില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്ല്, രാജ്യസുരക്ഷ മുന്‍നിര്‍ത്തി പൗരന്മാരുടെ ഫോണ്‍ കോളുകളും ഇ-മെയില്‍, വാട്‌സ്ആപ്പ് സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്ല്, പോസ്റ്റല്‍ ഉരുപ്പടികളും മറ്റും അധികൃതര്‍ക്ക് തുറന്നു പരിശോധിക്കാന്‍ അനുമതി നല്‍കുന്ന പോസ്റ്റ് ഓഫിസ് ബില്ല് തുടങ്ങിയ ജനാധിപത്യ വിരുദ്ധവും പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതുമായ നിരവധി ബില്ലുകളാണ് ശീതകാല സമ്മേളനത്തില്‍ പാസ്സാക്കിയെടുത്തത്. പാര്‍ലമെന്റില്‍ സ്ഥിരമായി വിമര്‍ശനമുന്നയിച്ചിരുന്ന രണ്ട് എംപിമാരുടെ അംഗത്വം പോലും നിസ്സാരകാരണം ചൂണ്ടിക്കാട്ടി റദ്ദാക്കിയിരിക്കുന്നു.

ഫെഡറലിസം കാത്തുസൂക്ഷിക്കുക

വൈവിധ്യമാര്‍ന്ന രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമാണ് ഫെഡറലിസം. എന്നാല്‍ ഫെഡറലിസം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കാന്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ ഗവര്‍ണര്‍മാരാക്കിയിരിക്കുന്നു. ഫെഡറലിസത്തിന് പുല്ലുവില കല്‍പ്പിച്ച്, എല്ലാ അധികാരങ്ങളും ഒരിടത്തു കേന്ദ്രീകരിക്കുന്ന ഏകാധിപത്യ ഭരണം കെട്ടിപ്പടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏകീകൃത നികുതി ഘടനയായ ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതോടെ സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തി. ഇങ്ങനെ ഫെഡറല്‍ സത്തയ്ക്ക് വിരുദ്ധമായ വിവിധ നടപടികളിലൂടെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ നിയമനിര്‍മാണ സഭകളുടെ അംഗീകാരത്തോടെ മാത്രമേ സംസ്ഥാന പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന ഫെഡറല്‍ വ്യവസ്ഥയുടെ താല്‍പര്യത്തിന് എതിരായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കുക

ബിജെപി ഭരണത്തില്‍ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററി ഇന്ത്യന്‍ ഇക്കോണമി റിപോര്‍ട്ട് പ്രകാരം 2022 ഏപ്രില്‍ മാസത്തില്‍ 7.83 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. തൊഴിലെടുക്കാനുള്ള പ്രായക്കാരിലെ തൊഴിലില്ലാത്തവരുടെ എണ്ണം കൂടി. നടപ്പു സാമ്പത്തികവര്‍ഷത്തെ തൊഴിലില്ലായ്മ നിരക്കായ 7.6 ശതമാനം കൊവിഡിനു മുമ്പുള്ള കാലത്തേക്കാള്‍ ഉയര്‍ന്നതാണ്. 2021 സപ്തംബറില്‍ 7.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2023 സപ്തംബറായപ്പോഴേക്കും 8.1 ശതമാനമായി ഉയര്‍ന്നതായി സിഎംഐഇ റിപോര്‍ട്ട് പറയുന്നു. 2023ലെ ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ 111ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ സ്‌കോര്‍ 28.7 ആണ്, ഇത് വിശപ്പിന്റെ ഗുരുതരമായ നിലയെ സൂചിപ്പിക്കുന്നു. അയല്‍രാജ്യങ്ങളായ പാകിസ്താന്‍ (102), ബംഗ്ലാദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിവയ്ക്ക് പിന്നാലെയാണ് രാജ്യം.

കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക

രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ഞെരിച്ചുകൊല്ലുന്ന നടപടികളാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയെ ഒന്നാകെ(വിത്തും വിളയും വിപണിയും) കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭീകര നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ 710ലധികം കര്‍ഷകരാണ് രക്തസാക്ഷികളായത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കടക്കെണിയെ തുടര്‍ന്ന് രാജ്യത്ത് 2020, 2021 വര്‍ഷങ്ങളിലായി 10,897 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 2017നും 2021നും ഇടയില്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരുന്ന 53,000 പേര്‍ ആത്മഹത്യ ചെയ്തു. രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ആത്മഹത്യകളില്‍ 6.6 ശതമാനവും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നുവെന്നും നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ '2021 ലെ അപകട മരണങ്ങളും ആത്മഹത്യകളും' സംബന്ധിച്ച റിപോര്‍ട്ടില്‍ പറയുന്നു.

മോദിയല്ല ഭരണഘടനയാണ് ഗ്യാരന്റി

കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍(ബാബരി ഭൂമിയിലെ ക്ഷേത്രനിര്‍മാണം ഉള്‍പ്പെടെ സാമൂഹിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന ചില പ്രഖ്യാപനങ്ങള്‍ ഒഴികെ) ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന ഒന്നും സാധ്യമാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. പതിനഞ്ച് ലക്ഷം ബാങ്ക് അക്കൗണ്ടില്‍ ഉള്‍പ്പെടെ പല മോഹനസുന്ദര വാഗ്ദാനങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ മോദിയുടെ ഗ്യാരന്റിയെന്ന പുതിയ ജാലവിദ്യയുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. പുതുവര്‍ഷാരംഭത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മോദി തന്നെ ഒരു പ്രസംഗത്തില്‍ 18 തവണയാണ് മോദിയുടെ ഗ്യാരന്റിയെന്നത് ആവര്‍ത്തിച്ചത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലും ഇത് മുഴങ്ങിക്കേട്ടു. മോദി ഗ്യാരന്റി നല്‍കുന്നത് പ്രധാനമായും നാല് വിഭാഗങ്ങള്‍ക്കാണ്. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, ദരിദ്രര്‍. മോദിയുടെ ഭരണത്തില്‍ ഏറ്റവുമധികം കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചത് ഈ നാലു വിഭാഗങ്ങളാണ് എന്ന് അറിയുമ്പോഴാണ് ഇതിന്റെ പൊള്ളത്തരം വ്യക്തമാവുന്നത്. മോദിയുടെ ഗ്യാരന്റിയല്ല ഭരണഘടനയുടെ ഗ്യാരന്റിയാണ് നമുക്ക് വേണ്ടത്. നിരാലംബയായ പെണ്ണിന്റെ ഉദരത്തിലെ ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല ചെയ്തും ഒക്കത്തിരുന്ന പിഞ്ചു പൈതലിനെ നിഷ്‌കരുണം നിലത്തടിച്ചു കൊന്നും അവസാനം പെണ്ണുടലിനെ പിച്ചിച്ചീന്തി സംഹാര നൃത്തം ചവിട്ടുകയും ചെയ്ത നരാധമന്മാര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയപ്പോള്‍ അവരെ നിരുപാധികം വിട്ടയച്ച് പൂച്ചെണ്ടും മധുരവും നല്‍കി സ്വീകരിച്ചവരാണ് സ്ത്രീ സുരക്ഷയെക്കുറിച്ചു വാചാലരാവുന്നത്.

രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക

ഗാന്ധിയെ കൊന്നവര്‍ ഇന്ന് രാജ്യത്തെ മൊത്തം കൊന്നുകൊണ്ടിരിക്കുന്നു. ഫാഷിസം വളരെ വ്യവസ്ഥാപിതമായി വളരുകയും നടപ്പാക്കപ്പെടുന്നതുമായ രാജ്യമാണ് ഇന്ത്യ. മോദി ഭരണത്തില്‍ ഏതെങ്കിലും ഒരു സാമൂഹിക വിഭാഗം മാത്രമല്ല ഇരകളാക്കപ്പെടുന്നത്. ഫാഷിസത്തെ വിമര്‍ശിക്കുന്നവരെല്ലാം അവരുടെ വേട്ടയാടലുകള്‍ക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും എന്നും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം അവരുടെ കണ്ണിലെ കരടാണ്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് ഉള്‍പ്പെടെ എത്രയെത്ര പേര്‍ അവരുടെ തോക്കിന്‍ മുനയില്‍ പിടഞ്ഞു വീണു. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ നീതിക്കും പൗരാവകാശത്തിനും വേണ്ടി ശബ്ദിച്ച നിരവധി പേര്‍ ഇന്ന് കല്‍ത്തുറുങ്കിലാണ്. രാജ്യത്തെ നിരവധിയായ ജയിലുകളില്‍ ആയിരക്കണക്കിന് പൗരാവകാശ പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്നത്. രോഗികളും വൃദ്ധരുമായവര്‍, ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാത്തവര്‍, ഫാഷിസം വിതച്ച ബോംബ് സ്‌ഫോടനങ്ങളില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ അങ്ങനെ നിരവധി. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുന്നതിന് ജനാധിപത്യപരവും നിയമപരവുമായ പോരാട്ടത്തിന് പൗരസമൂഹം തയ്യാറാവേണ്ടതുണ്ട്.

ഫാഷിസം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കോര്‍പറേറ്റുവല്‍ക്കരണം രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. ഞാനാണ് രാഷ്ട്രം എന്നു സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമന്റെ കട്ട്ഔട്ടിനൊപ്പം മോദിയുടെ ചിത്രവും വച്ച് മറ്റൊരു അവതാരപുരുഷനായി സ്വയം പ്രഖ്യാപിക്കുകയാണ് മോദി. രാജ്യത്തെ 40 ശതമാനത്തില്‍ താഴെ മാത്രം ജനങ്ങളുടെ പിന്തുണയിലാണ് ഫാഷിസം അടക്കിഭരിക്കുന്നത്. 60 ശതമാനം വരുന്ന രാജ്യഭൂരിപക്ഷം ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിനും ബിജെപി ഭരണത്തിനുമെതിരാണ്. ഇവരെ പരാജയപ്പെടുത്തുന്നതിനുള്ള എന്തെങ്കിലും രാഷ്ട്രീയ സംവിധാനം ഉണ്ടോയെന്നാണ് ജനം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉയര്‍ന്നുവരുന്ന സംവിധാനങ്ങളൊന്നും പ്രതീക്ഷ നല്‍കുന്നതല്ല എന്ന അവസ്ഥയാണ്. അവിടെയാണ് എസ്ഡിപിഐ പോലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ പ്രസക്തമാവുന്നത്.

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും തച്ചുടച്ച്, ഭരണഘടനാ തത്ത്വങ്ങള്‍ കാറ്റില്‍ പറത്തി, രാജ്യത്തിന്റെ സമ്പദ്ഘടനയും കാര്‍ഷിക മേഖലയും തകര്‍ത്തെറിഞ്ഞ്, പൗരാവകാശങ്ങള്‍ ഇല്ലാതാക്കി, ദുരിതങ്ങളും ദുരന്തങ്ങളും മാത്രം സമ്മാനിച്ച് ദുര്‍ഭരണം നടത്തുന്ന ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധതയും പൊള്ളത്തരങ്ങളും പൗരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് 2024 ഫെബ്രുവരി 14 മാര്‍ച്ച് 02 വരെ നടക്കുകയാണ്. പൗരബോധമുള്ള, ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പൗരസമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

(എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്ാണ് ലേഖകന്‍)


Next Story

RELATED STORIES

Share it